Kerala
സ്മാര്‍ട് സിറ്റി ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി
കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിസംബര്‍ പത്തിനും ഇരുപതിനുമിടക്കുള്ള ഉദ്ഘാടന തീയതി ദുബൈ ഭരണാധികാരികളുമായി ആലോചിച്ച് നിശ്ചയിക്കും. ആറര ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടമാണ് ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്നത്. രണ്ടാംഘട്ടത്തില്‍ 47 ലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ നിര്‍മാണം മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ സന്ദര്‍ശനത്തിനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് സര്‍ക്കാറിന്റെയും ദുബൈ ടീകോമിന്റെയും ഭാഗത്തു നിന്നുള്ള എല്ലാവിധ അനുമതികളും തീരുമാനങ്ങളും ആയിക്കഴിഞ്ഞു. രണ്ടാംഘട്ടത്തിലെ നിര്‍മാണം സ്മാര്‍ട്ട് സിറ്റിയും കോ ഡെവലപ്പര്‍മാരായ കമ്പനികളും ചേര്‍ന്നാണ് നടത്തുക. ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിലെ കമ്പനികളില്‍ ആറായിരത്തിലേറെ പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 45,000 തൊഴിലവസരങ്ങള്‍ കൂടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാംഘട്ടത്തില്‍ ഇതിനകം പതിനഞ്ച് കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥലമെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം ചതുരശ്രയടിയിലേറെ പാട്ടത്തിന് നല്‍കി. ഉദ്ഘാടനത്തിനകം കൂടുതല്‍ കമ്പനികളെത്തും. സ്മാര്‍ട്ട് സിറ്റി പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ വിഭാവനം ചെയ്തത്രയും തൊഴിലവസരങ്ങളുണ്ടാകും. സ്മാര്‍ട്ട് സിറ്റിക്ക് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാനസൗകര്യ വികസനവും പൂര്‍ത്തിയായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ, ഐ ടി വകുപ്പ് മന്ത്രിയും സ്മാര്‍ട്ട് സിറ്റി ചെയര്‍മാനുമായ പി കെ കുഞ്ഞാലിക്കുട്ടി, വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്, ഡയറക്ടര്‍ എം എ യൂസുഫലി, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബാജു ജോര്‍ജ്, തുറമുഖ മന്ത്രി കെ ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, തദ്ദേശഭരണ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.