Connect with us

Gulf

അയ്‌ലന്‍, നിലച്ച നിന്റെ കണ്ണുകള്‍ ലോകത്തോട് പറയുന്നത്...

Published

|

Last Updated

പ്രിയപ്പെട്ട അയ്‌ലന്‍,
രൗദ്ര കാഴ്ചാ പ്രവാഹങ്ങളുള്ള, കാപട്യത്തിന്റെ തീ തുപ്പുന്ന, ഇളം തളിരുകളില്‍ പോലും ഗന്ധകം ചൊരിയുന്ന, സ്‌നിഗ്ധതയെ സമുദ്ര ആഴങ്ങളിലേക്ക് തള്ളുന്ന ലോകത്തുനിന്ന് നീ വിടപറഞ്ഞിരിക്കുന്നു. തുര്‍ക്കി കടല്‍ തീരത്ത് മണലില്‍ മുഖം പൊത്തി ചലനമറ്റ് നീ കിടക്കുന്നത് കണ്ടപ്പോള്‍, ഈ ലോകം കാണാന്‍ കൊള്ളാവുന്നതല്ലെന്ന് ലോകത്തെ ഓര്‍മിപ്പിക്കുന്നത് പോലെ. കടലിന്റെ അനന്തതയില്‍ ജലനിരപ്പിനടിയിലെ മലരികളും ചുഴികളും അറിയാതെ, മത്സ്യക്കുഞ്ഞുങ്ങളെ വിഴുങ്ങാന്‍ കൂറ്റന്‍ സ്രാവുകളും തിമിംഗലങ്ങളുമുണ്ടെന്ന് മനസിലാക്കാതെ നീ യാത്ര തുടങ്ങി. എത്ര വേഗമാണ് പ്രതീക്ഷയുടെ പാത അവസാനിച്ചത്?. ഉമ്മയോടും സഹോദരനോടുമൊപ്പം പിതാവിന്റെ കൈയില്‍ നിന്ന് ഊര്‍ന്നുപോയ നിമിഷങ്ങള്‍ ലോകം കണ്ടില്ലെങ്കിലും ഏവര്‍ക്കും ഊഹിക്കാനാകും നിങ്ങളുടെ പിടച്ചില്‍. അത് കാലമുള്ളിടത്തോളം സമൂഹത്തിന്റെയാകെ മുറിവാകും.
കുരുന്നു പറവയുടെ അന്ത്യമാം രോദനം, വിടരാന്‍ കൊതിച്ച പൂമൊട്ടിന്റെ ക്ഷണികമാം ഗന്ധം എന്നൊക്കെ ആലങ്കാരികമായി അതിനെ പറയാമെങ്കിലും എല്ലാം വാക്കുകളും അശക്തമാകുന്നുവല്ലോ?.
നിന്റെ സഹോദരന്‍ ഗാലിബുമൊത്ത് നീ ചിരിച്ചുല്ലസിക്കുന്ന ചിത്രം പോലും എത്രമാത്രം വേദനയാണ് ഓരോരുത്തരിലും ഉളവാക്കുന്നത്. പ്രിയപ്പെട്ട പിതാവും ഉമ്മയും ഗാലിബുമൊത്ത്, നീ യാത്ര പുറപ്പെടുമ്പോള്‍ പാതയോരങ്ങളിലെല്ലാം മരണത്തിന്റെ ചിലമ്പൊലിയൊച്ചയായിരുന്നു. നീ പിറന്നു വീണയുടനെ, മൂന്നു വര്‍ഷം മുമ്പ് നിന്റെ രാജ്യമായ സിറിയയുടെ അതിര്‍ത്തി കടന്ന് കുടുംബം ഒന്നടങ്കം തുര്‍ക്കിയിലെത്തിയപ്പോള്‍ നിന്റെ ഉമ്മയുടെയും ഉപ്പയുടെയും മുഖത്ത് അല്‍പം ആശ്വാസം നീ കണ്ടിരിക്കണം. ഭീകരവാദികളും കുര്‍ദു സൈന്യവും തിമിര്‍ത്താടുന്ന കാഴ്ചയാണ് നിന്റെ ജനനത്തിനു മുമ്പേ തന്നെ അവര്‍ കണ്ടു തുടങ്ങിയിരുന്നത്. കൊബാനിയെന്നും അയ്ന്‍ അല്‍ അറബെന്നും വിളിക്കപ്പെടുന്ന നിന്റെ പട്ടണത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിക്കാത്ത ആരുമില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഭീകരവാദികള്‍ പട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം വിശേഷിച്ചും.
അവിടെ നിന്ന് തുര്‍ക്കിയിലേക്ക് അധികം ദൂരമില്ല. പക്ഷേ, അഭയാര്‍ഥികളെ തടയാന്‍ തുര്‍ക്കി അനേകം നടപടികള്‍ കൈക്കൊണ്ടു. കൊബാനെയിലെ 70 ശതമാനം കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടും ഭരണാധികാരികളുടെ മനസ്സലിഞ്ഞില്ല. ഒടുവില്‍ ജൂണ്‍ 25ന് മൂന്നു കാര്‍ബോംബ് സ്‌ഫോടനങ്ങളുണ്ടായി. ഭീകരര്‍ 220 കുര്‍ദുകളെ കൂട്ടക്കൊല ചെയ്തു. ഭവനങ്ങളിലും തെരുവുകളിലും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍ കുമിഞ്ഞു കിടന്നു. അവിടെ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട് നിങ്ങള്‍ തുര്‍ക്കിയിലെത്തി. അവിടെയും ജീവിതം നരകതുല്യമായിരുന്നു. അഭയാര്‍ഥികള്‍ക്ക് മതിയായ സൗകര്യമൊരുക്കാന്‍, വലിയ വായില്‍ വര്‍ത്തമാനം പറയുന്ന ത്വയിബ് ഉര്‍ദ്ദഗാന്റെ തുര്‍ക്കിയും തയ്യാറായിരുന്നില്ല. തുര്‍ക്കിക്കാരല്ലാത്തതിനാല്‍, യൂറോപ്പിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടിയില്ല. നിങ്ങള്‍ക്ക്, മനുഷ്യക്കടത്തുകാരെ ആശ്രയിക്കേണ്ടിവന്നു. പഴക്കം കൊണ്ട് പൊളിയാറായ ബോട്ടിലാണ് അവര്‍ നിങ്ങളെ കയറ്റിയത്. അകിയര്‍ലാര്‍ എന്ന കടല്‍ തീരത്തുനിന്ന് ഗ്രീക്ക് ഈജിയന്‍ ദ്വീപായ കോസിലേക്കായിരുന്നു യാത്ര, അവിടെ നിന്ന് നിങ്ങളുടെ പിതൃസഹോദരി 20 വര്‍ഷമായി താമസിക്കുന്ന വാങ്കുവറില്‍ എത്തിപ്പെടാമെന്ന് വ്യാമോഹിച്ചു.
ബോട്ട് തകര്‍ന്നപ്പോള്‍ നിങ്ങളെ രക്ഷപ്പെടുത്താന്‍ പിതാവ് പരമാവധി ശ്രമിച്ചു. ഉമ്മയെയും നിങ്ങളെയും ചേര്‍ത്തുപിടിച്ചു. പക്ഷേ ഒഴുക്കിന്റെ കാഠിന്യം നിങ്ങളെ വേര്‍പ്പെടുത്തി. ഇത് വിവരിക്കുമ്പോള്‍ നിങ്ങളുടെ പിതാവ് അബ്ദുല്ല കണ്ണീര്‍ മഴയിലായി. വാക്കുകള്‍ മുറിഞ്ഞു. തന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നുപോയെന്ന് വിലപിച്ചു.
അഞ്ചു വര്‍ഷത്തെ ആഭ്യന്തര യുദ്ധം 39 ലക്ഷം സിറിയക്കാരെ അഭയാര്‍ഥികളാക്കിയിട്ടുണ്ട്. അവര്‍ തുര്‍ക്കി, ലബനോന്‍, ജോര്‍ദാന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ എത്തിപ്പെട്ടു. 13 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. മിക്ക കുഞ്ഞുങ്ങളും രോഗം കൊണ്ടു വലയുന്നു. സിറിയയില്‍ വിദ്യാലയങ്ങളും ആശുപത്രികളും ഏറെയും തകര്‍ക്കപ്പെട്ടു. അവിടേക്ക് തിരിച്ചുപോക്ക് ആര്‍ക്കും എളുപ്പമല്ല. എന്നാല്‍, അഭയം അര്‍ഥിച്ചു എത്തിപ്പെടുന്ന രാജ്യങ്ങളിലും നിങ്ങളെപ്പോലുള്ളവര്‍ അന്യരാണ്. ഐക്യരാഷ്ട്ര സഭ നല്‍കുന്ന സഹായം ഒന്നിനും തികയുന്നില്ല. ഏത് വിധേനയും യൂറോപ്പില്‍ എവിടെയെങ്കിലും എത്തി ജീവിതോപാധി കണ്ടെത്താന്‍ ഓരോരുത്തരും ശ്രമിക്കുന്നു. പക്ഷേ, വിസ കിട്ടുകയില്ല. കാനഡയിലുള്ള പിതൃസഹോദരി നിങ്ങളുടെ വിസക്കു വേണ്ടി പല വാതിലുകളും മുട്ടി. കനേഡിയന്‍ ഭരണകൂടം കനിഞ്ഞില്ല.
ഭൂമിയെ ഇവ്വിധം വാസയോഗ്യമല്ലാതാക്കി മാറ്റുന്നതില്‍ യൂറോപ്പിനു വലിയ പങ്കുണ്ട്. ലോകത്തിന്റെ മേല്‍കോയ്മക്കുവേണ്ടി ആയുധങ്ങള്‍ കുന്നൂകൂട്ടി. ജനങ്ങളെ വംശത്തിന്റെയും നിറത്തിന്റെയും പേരില്‍ തമ്മിലടിപ്പിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നത് കണ്ടില്ലെന്ന് നടിച്ചു. പിന്നെ, ഇസ്‌ലാമിക് സ്റ്റേറ്റ്. അവരെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഉചിതം.
മണലില്‍ മുഖം പൊത്തി കിടക്കുന്ന നിന്റെ ചിത്രം മനുഷ്യരെയാകെ കരയിക്കുന്നുവെങ്കിലും എന്തെങ്കിലും മാറ്റം ഇനിയുള്ള കാലത്ത് പ്രതീക്ഷിക്കാമോ? മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഒഴുകിപ്പരക്കുന്നതിന് എന്തെങ്കിലും മാറ്റമുണ്ടാകുമോ? ഈ വര്‍ഷം മാത്രം 2,600 പേരുടെ മൃതദേഹങ്ങളാണ് തീരത്തടിഞ്ഞത്. ആര്‍ക്കും ആരോടും ഉത്തരവാദിത്തമില്ലാത്ത ഈ കെട്ടകാലത്ത് നിന്റെ മരണം കുറച്ചുപേരുടെയെങ്കിലും കണ്ണുതുറപ്പിക്കാനുതകട്ടെ. നിന്റെയും ഉമ്മയുടെയും സഹോദരന്റെയും നിശ്ചലമായ കണ്ണുകള്‍ മനുഷ്യരുടെയാകെ ഹൃദയം പിടിച്ചുലക്കട്ടെ. കുറ്റബോധം കൊണ്ട് ഓരോരുത്തരും തലതാഴ്ത്തി നില്‍ക്കട്ടെ- നിന്റെ നാമം അനശ്വരമാകട്ടെ.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest