Connect with us

Articles

വധശിക്ഷയും നിയമ കമ്മീഷന്‍ ശിപാര്‍ശയും

Published

|

Last Updated

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് നിമയ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കയാണ്. ഇത് ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുന്നതിന് പകരം തുടക്കത്തില്‍ ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹ പ്രവര്‍ത്തനം എന്നിവക്ക് മാത്രമായി വധശിക്ഷ പരിമിതപ്പെടുത്താകുന്നതാണെന്ന് ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. 102 രാജ്യങ്ങള്‍ ഇതിനകം വധശിക്ഷ നിയമ വ്യവസ്ഥയില്‍ നിന്ന് നീക്കം ചെയ്ത കാര്യവും സമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് വിവിധ തലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയാണ് കമ്മീഷനെ നിയമിച്ചത്.
വധശിക്ഷ പലപ്പോഴും വിവാദങ്ങള്‍ക്കിടയാകാറുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാന്‍ വധശിക്ഷ പോലെയുള്ള കര്‍ശന നിയമ നടപടികള്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവരും ഇതൊരു പ്രാകൃതവും ക്രൂരവുമായ സമ്പ്രദായമാണെന്ന പക്ഷക്കാരുമുണ്ട്. ജീവിക്കാനുള്ള അവകാശം സാര്‍വദേശീയമാണെന്നും ഇതിന്റെ നേര്‍വിപരീതമാണ് വധശിക്ഷയെന്നുമാണ് ഇവരുടെ ന്യായീകരണം. രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാട്, ബഹുസ്വര സാഹചര്യം തുടങ്ങിയവവും വധശിക്ഷയെ ന്യായീകരിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനപരമായി മനുഷ്യരെല്ലാം നല്ലവരാണ്. പ്രത്യേക സാഹചര്യങ്ങളാണ് ചിലരെ തെറ്റുകളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്. അത്തരക്കാര്‍ക്ക് തെറ്റ് തിരുത്തി നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ അവസരം ഒരുക്കുന്നതിന് പകരം അവരുടെ ജീവിക്കനുള്ള അവകാശം ഹനിക്കുന്നത് ശരിയല്ലെന്നതും ഇവരുടെ ന്യായമാണ്.
എന്നാല്‍ കുറ്റവാളികള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നത് പോലെ അവന്റെ കൈയാല്‍ വധിക്കപ്പെട്ട വ്യക്തിക്കും ഈ അവകാശമുണ്ടായിരുന്നുവെന്ന കാര്യം വധശിക്ഷയെ എതിര്‍ക്കുന്നവര്‍ വിസ്മരിക്കുകയാണ്. ഒരു രാജ്യവും നിസ്സാര കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നില്ല. മനഃപൂര്‍വമായ കൊലപാതകം, രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഭീകര പ്രവര്‍ത്തനം, സാമൂഹികമായി വന്‍പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയവക്കാണ് വധശിക്ഷ വിധിക്കുന്നത്. അതും കോടതിക ളുടെ തലനാരിഴ കീറിയുള്ള വിചാരണകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം മാത്രം. ഇത്തരം കുറ്റവാളികള്‍ മാപ്പര്‍ഹിക്കുന്നില്ല. അവരോട് കാരുണ്യം കാണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. എത്ര ക്രൂരമായ കുറ്റങ്ങള്‍ ചെയ്താലും ഏതാനും വര്‍ഷത്തെ ജയില്‍ വാസം മാത്രം അനുഭവിച്ചു പുറത്തു വരാകുന്ന സാഹചര്യമാണെങ്കില്‍ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയേ ഉള്ളു. ശിക്ഷ കഠിനമായാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് സഊദി അറേബ്യയെപ്പോലെയുള്ള രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളിലെ കുറഞ്ഞ നിരക്കും വധശിക്ഷ എടുത്തുകളഞ്ഞ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളുടെ തോതില്‍ പിന്നീടുണ്ടായ വര്‍ധനയും ബോധ്യപ്പെടുത്തുന്നു. കുറ്റകൃത്യങ്ങള്‍ സാഹചര്യങ്ങളടെ പ്രേരണയാലാണെന്ന വീക്ഷണത്തില്‍ വധശിക്ഷ നിയമത്തില്‍ നിന്ന് എടുത്തകളഞ്ഞ യൂറോപ്യന്‍ രാജ്യങ്ങളില്‍ പിന്നീട് ലൈംഗിക അരാജകത്വവും കുറ്റകൃത്യങ്ങളും ക്രമാതീതമായി പെരുകുകയാണുണ്ടായത്.
ഇന്ത്യയിലും സ്ഥിതി ഭിന്നമല്ല. കുറ്റകൃത്യങ്ങളും പൂര്‍വോപരി പെരുകുകയാണ്. കൂട്ടബലാത്സംഗങ്ങളും രാഷ്ട്രീയ എതിരാളികളുടെ കഴുത്ത് വെട്ടലും കൊള്ളയും കൊലയുമെല്ലാം ഇവിടെ സര്‍വ സാധാരണമായിട്ടുണ്ട്. ഉന്നത തൊഴിലിടങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി തൊഴിലെടുക്കാന്‍ അവസരമില്ല. അര്‍ഹമായ ശിക്ഷയുടെ അഭാവവും, രാഷ്ട്രീയ സാമ്പത്തിക സ്വാധീനങ്ങള്‍ വഴി കുറ്റവാളികള്‍ക്ക് രക്ഷപ്പെടാകുന്ന സാഹചര്യവുമാണ് ഇതിന് കാരണമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഋഷിരാജ് സിംഗ് ട്രാന്‍സ് കമ്മീഷണറായിരുന്ന കാലത്ത് സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനത്തില്‍ ഉണ്ടായ ഗണ്യമായ കുറവും അദ്ദേഹത്തെ തദ്സ്ഥാനത്ത് നീക്കിയപ്പോള്‍ അത് പൂര്‍വ സ്ഥിതി പ്രാപിച്ചതും നിയമം കര്‍ശനമായി #്‌നനടപ്പാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന് ബോധ്യപ്പെടുത്തുന്നു. വധശിക്ഷയെ പ്രാകൃതമെന്ന് പറഞ്ഞു ആക്ഷേപിക്കുന്നവര്‍ തന്നെ ,ഗുരുതരമായ കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ വധശിക്ഷക്കായി മുറവിളി കൂട്ടുന്നതും ഡല്‍ഹി കൂട്ടബലാത്സംഗ സംഭവവുമയി ബന്ധപ്പെട്ട് കണ്ടതാണ്. ബലാത്സംഗത്തിന് വധശിക്ഷ എന്ന മുദ്രാവാക്യവുമായാണ് അന്ന് പ്രതിഷേധക്കാര്‍ ഡല്‍ഹിയുടെ തെരുവീഥികളിലിറങ്ങിയത്. തുടര്‍ന്ന് ശിക്ഷ കൂടുതല്‍ കഠിന തരമാക്കി സര്‍ക്കാറിന് പുതിയ നിയമം ആവിഷ്‌കരിക്കേണ്ടി വരികയും ചെയ്തു.
വധശിക്ഷ നിര്‍ത്തലാക്കണമെന്ന അഭിപ്രായം ഉയരുന്നത് പലപ്പോഴും ശിക്ഷാവിധികളുടെ ന്യായം ജനങ്ങള്‍ക്ക് ബോധ്യപ്പടാതെ വരുമ്പോഴാണ്. യാക്കൂബ ്‌മേമന്റെ വധശിക്ഷാ വേളയിലാണ് ഏറ്റവുമൊടുവില്‍ വധശിക്ഷക്കെതിരായ അഭിപ്രായം ഉയര്‍ന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോഴം വിവാദമുയര്‍ന്നിരുന്നു. യാക്കൂബ് മേന്റെ ശിക്ഷാവിധിയിലും അദ്ദേഹത്തിന്റെ ദയാഹരജിയുടെ പരിഗണനയിലും ശിക്ഷ നടപ്പാക്കിയ രീതിയിലുമുള്ള ദുരൂഹതയാണ് ഇതിന് കാരണം. യാക്കൂബ് മേമന്‍ വധശിക്ഷ അര്‍ഹിക്കുന്നില്ലെന്ന് പൊതുസമൂഹത്തിന് മാത്രമല്ല ന്യായാധിപന്മാര്‍ക്കിടയില്‍ വരെ അഭിപ്രായമുണ്ട്. ഈ കേസില്‍ നേരത്തെ വാദം കേട്ട രണ്ടംഗ ബെഞ്ചിലും ജസ്റ്റിസ് കുര്യന്‍ ജോസഫ് ശിക്ഷാവിധിയോട് വിയോജിപ്പ് രേഖപ്പെടുത്തുകയും കേസ് കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതിക്ക് സംഭവിച്ച വീഴചകള്‍ ചൂണ്ടിക്കാട്ടി വിധി സ്റ്റേ ചെയ്യണമെന്ന് അഭിപ്യായപ്പെട്ടത് ശ്രദ്ധേയമാണ്. അതൊരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് പറഞ്ഞു അറ്റോര്‍ണി ജനറല്‍ വിഷയം കോടതിയുടെ വീഴ്ചയെ ലഘൂകരിക്കാന്‍ ശ്രമിച്ചപ്പോള്‍, ഒരു മനുഷ്യന്റെ ജീവന്‍ തന്നെ അപകടപ്പെടുത്തുന്ന വിധത്തില്‍ സംഭവിക്കുന്ന പിഴവുകള്‍ അത്ര നിസ്സാരമായി കാണാനാകില്ലെന്നായിരുന്നു ജസ്റ്റിസ് കുര്യന്റെ പ്രതികരണം. ദേശീയ നിയമ കമ്മീഷന്‍ ചെയര്‍മാന്‍മായ എ പി ഷായും ഈ ശിക്ഷാ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. നിയമത്തോടുള്ള പ്രതിബദ്ധതയിലുപരി രാഷ്ട്രീയ താത്പര്യങ്ങളാണ് ഈ രണ്ട് ശിക്ഷാവിധികള്‍ക്കും പിന്നിലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അതേസമയം സാഹചര്യങ്ങളാണ് മനുഷ്യനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും എല്ലാ അധമ വാസനകളെയും ഉത്തേജിപ്പിക്കുന്ന സാഹചര്യത്തില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ക്ക് കഠിന ശിക്ഷ നല്‍കരുതെന്നുമുള്ള വാദവും അവഗണിക്കാവതല്ല.

Latest