Connect with us

Malappuram

സംസ്ഥാനത്ത് ജൈവ കോഴികൃഷി വ്യാപിക്കുന്നു

Published

|

Last Updated

മലപ്പുറം: അതിവേഗം വളരാനുള്ള ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളും കുത്തിവെക്കാതെയുള്ള ജൈവ കോഴി കൃഷി സംസ്ഥാനത്ത് വ്യാപിക്കുന്നു. ഈമാസം 15 മുതല്‍ മുഴുവന്‍ കര്‍ഷകരും ഇനി ജൈവ കോഴി കൃഷിയിറക്കും. സംസ്ഥാനത്തെ മിക്ക കര്‍ഷകരും ഇപ്പോള്‍ ജൈവകോഴി കൃഷിയിലാണ്. പരീക്ഷണാടിസ്ഥാനത്തിലുള്ള ജൈവ കോഴി കൃഷി വന്‍ വിജയമായതോടെയാണ് പൂര്‍ണമായും ജൈവകൃഷിയിലേക്ക് തിരിയാന്‍ കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍(കെ പി എഫ് എ) തീരുമാനിച്ചതെന്ന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഖാദറലി സിറാജിനോട് പറഞ്ഞു.
കഴിഞ്ഞ പെരുന്നാള്‍ വിപണിയിലേക്ക് രണ്ട് ലക്ഷം ജൈവ കോഴികളാണ് ഇറക്കിയത്. ഹോര്‍മോണില്ലാത്ത സ്വാദിഷ്ടമായ ജൈവ കോഴിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇതോടെയാണ് എല്ലാവരും ജൈവകൃഷി ചെയ്യാന്‍ തീരുമാനിച്ചത്. എസ് എന്‍ ഫോര്‍, ന്യൂട്രിജസ്റ്റ് പ്ലസ് എന്നീ ജൈവ മരുന്നുപയോഗിച്ച് കോഴികളെ വളര്‍ത്തുമ്പോള്‍ കിലോക്ക് അഞ്ച് രൂപ വരെ ലാഭമുണ്ട്. മീന്‍ പൊടിയും പിണ്ണാക്കും കാല്‍സ്യവും ചേര്‍ന്ന ജൈവ തീറ്റയാണ് കോഴികള്‍ക്ക് നല്‍കുന്നത്. നിലവില്‍ ഒരു കിലോ തൂക്കമുള്ള കോഴിയെ വളര്‍ത്താന്‍ 70 രൂപയോളം ചെലവുണ്ട്. എന്നാല്‍ ജൈവ മരുന്നുകളുപയോഗിച്ചാല്‍ ഏകദേശം 65 രൂപയായി കുറയും. പുനെയില്‍ നിന്നാണ് ജൈവ മരുന്നുകള്‍ കേരളത്തിലെ സൊസൈറ്റികള്‍ക്ക് നല്‍കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ ജൈവ കോഴി കൃഷി ഉണ്ടെങ്കിലും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴികളെ അവിടങ്ങളില്‍ വളര്‍ത്തുന്നത് ആന്റിബയോട്ടിക്കുകള്‍ നല്‍കിയാണ്.
ആന്റിബയോട്ടിക്കുകള്‍ ഒഴിവാക്കുന്നതിലൂടെ ഒരു കോഴിയില്‍ 100 ഗ്രാം മുതല്‍ 200 ഗ്രാം വരെ തൂക്കം കുറവ് വരുന്നുണ്ട്. 40 ദിവസത്തെ വളര്‍ച്ചയാണ് കോഴി വിപണിയിലെത്താന്‍ എടുക്കുന്നത്. എന്നാല്‍ ജൈവ കോഴികള്‍ക്ക് 42 ദിവസമെടുക്കും. ജൈവകോഴിയുടെ ഇറച്ചി രുചികരമാകുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷിയും വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാ മാസവും രണ്ട് ലക്ഷത്തിലേറെ ജൈവ കോഴികള്‍ മലപ്പുറം ജില്ലയില്‍ മാത്രം വിപണിയിലെത്തുണ്ട്. ഈമാസം 15 മുതല്‍ വിതരണം ചെയ്യുന്ന മുഴുവന്‍ കോഴിക്കുഞ്ഞുങ്ങളെയും ആന്റിബയോട്ടിക്കുകള്‍ നല്‍കാതെ ജൈവകൃഷിയിലൂടെ വളര്‍ത്തുന്നതിലൂടെ ജില്ലയില്‍ മാത്രം മാസം അഞ്ച് ലക്ഷത്തോളം ജൈവ കോഴി കൃഷിയിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം എട്ട് മുതല്‍ പത്ത് ലക്ഷം കിലോ കോഴിയിറച്ചിയാണ് മലയാളികള്‍ ഭക്ഷിക്കുന്നത്. ഉത്സവകാലത്തിത് 40 ലക്ഷംവരെയാകും. മലപ്പുറത്തിന് പുറമെ വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജൈവകോഴി കൃഷി സജീവമാണ്.