Connect with us

International

മെഡിറ്ററേനിയന്‍ തീരത്ത് അവരും അയ്‌ലന്‍ കുര്‍ദിമാരായി

Published

|

Last Updated

ഡമാസ്‌കസ്: മെഡിറ്ററേനിയന്‍ കടല്‍തീരത്ത് അടിഞ്ഞ സിറിയന്‍ ബാലന്‍ അയ്‌ലന്‍ കുര്‍ദിക്ക് വ്യത്യസ്തമായ ആദരം. സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിച്ച ലോകമന:സാക്ഷിയെ ഞെട്ടിച്ച ചിത്രത്തില്‍ അയ്‌ലന്‍ കുര്‍ദി കിടന്നത് പോലെ മെഡിറ്റേറിയന്‍ കടല്‍ തീരത്ത് കിടന്ന് കൊണ്ടായിരുന്നു സാമൂഹ്യപ്രവര്‍ത്തകര്‍ കുര്‍ദിക്ക് ആദരാഞ്ജലി പ്രകടിപ്പിച്ചത്. 30 ഓളം പേരാണ് ഇതില്‍ പങ്കെടുത്തത്.

മരണ സമയത്ത് അയ്‌ലന്‍ കുര്‍ദി ധരിച്ചിരുന്ന ചുവപ്പ് ബനിയനും നീല ട്രൗസറും അനുസ്മരിപ്പിച്ച് എല്ലാവരും ഇതേ വസ്ത്രമാണ് ധരിച്ചത്. മുഖം മണ്ണില്‍വച്ച് 20 മിനിറ്റോളമാണ് ഇവര്‍ കിടന്നത്.

ഗാസയിലും ആദരവ് പ്രകടിപ്പിച്ച് അയ്‌ലന്‍ കുര്‍ദിയുടെ രൂപം കടല്‍ തീരത്ത് മണലില്‍ തീര്‍ത്തു. കഴിഞ്ഞ വര്‍ഷം ഗാസയില്‍ കളിക്കുന്നതിനിടയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ട തീരത്തായിരുന്നു ഇത്.

aylan2

ഇസില്‍ തീവ്രവാദികള്‍ താണ്ഡവമാടുന്ന സിറിയന്‍ നഗരമായ കൊബാനെയില്‍ നിന്ന് അഭയം തേടി മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കവേയാണ് അയ്‌ലന്‍ കുര്‍ദിയും കുടുംബവും അപകടത്തില്‍പ്പെട്ടത്. ആളുകളുടെ ബാഹുല്യം കാരണം ബോട്ട് മറിയുകയായിരുന്നു. തുര്‍ക്കിയിലെ ബോദ്‌റൂം കടല്‍തീരത്ത് മുഖം മണ്ണിലമര്‍ന്ന രീതിയിലാണ് മൂന്ന് വയസ്സുകാരനായ അയ്‌ലാന്‍ കുര്‍ദിയെ പോലീസ് കണ്ടെത്തിയത്. അയ്‌ലന്റെ ചിത്രം മാധ്യമങ്ങളില്‍ വൈറലായതോടെ അഭയാര്‍ഥികള്‍ അനുഭവിക്കുന്ന കടുത്ത പീഡനങ്ങളുടെയും വേദനകളുടെയും യാഥാര്‍ഥ്യം യൂറോപ്പ് അടക്കമുള്ള ലോക രാജ്യങ്ങളില്‍ ചര്‍ച്ചയാകുകയായിരുന്നു. മാതാവും അഞ്ച് വയസ്സുകാരനായ സഹോദരന്‍ ഗാലിബും അയ്‌ലനൊപ്പം മുങ്ങിമരിച്ചിരുന്നു. പിതാവ് അബ്ദുല്ല രക്ഷപ്പെട്ടിട്ടുണ്ട്.
അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സഹായം നല്‍കുന്നുണ്ട്. ഓരോ ഇടവകയും ഓരോ അഭയാര്‍ത്ഥി കുടുംബങ്ങളെ ദത്തെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest