National
അതിര്‍ത്തി പ്രശ്ന പരിഹാരത്തിന് ഇന്ത്യാ- പാക് ചര്‍ച്ചയില്‍ ധാരണ
ന്യൂഡല്‍ഹി: ഇന്ത്യ- പാക് അതിര്‍ത്തി സുരക്ഷാ സേനകളുടെ ഡയറക്ടര്‍ ജനറല്‍തല ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയായ ബി എസ് എഫിന്റെയും പാക് അതിര്‍ത്തി സേനയായ പാകിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അഞ്ച് ദിവസം നീളുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനത്തെ ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇരു വിഭാഗവും തമ്മില്‍ ധാരണയിലെത്തി.
സെക്ടര്‍ ലെവലില്‍ തുടങ്ങി ബറ്റാലിയന്‍, പോസ്റ്റല്‍ ലെവല്‍ വരെ നീളുന്ന ആശയവിനിമയ സംവിധാനം രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. നുഴഞ്ഞു കയറ്റം സംബന്ധിച്ച് ഇന്ത്യയും വ്യോമാതിര്‍ത്തി ലംഘനം സംബന്ധിച്ച് പാക്കിസ്ഥാനും ചര്‍ച്ചയില്‍ പ്രതിബാധിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് ഇന്ത്യയുടേത് പോലുള്ള ഹൈടെക് നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നും അതിനാല്‍ നുഴഞ്ഞു കയറ്റം പോലുള്ളവ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പാക് റെയ്‌ഞ്ചേഴ്‌സിന്റെ മറുപടി.
ചര്‍ച്ചയില്‍ പഴയ കാര്യങ്ങളെക്കുറിച്ച് പാക് സൈനികര്‍ പറഞ്ഞുതുടങ്ങിയെങ്കിലും ഭാവി കാര്യങ്ങള്‍ സംസാരിച്ചാല്‍ മതിയെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. പഴയത് പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അങ്ങനെ പറയുകയാണെങ്കില്‍ പാക്കിസ്ഥാന്‍ 20 കാര്യങ്ങള്‍ പറയുമ്പോള്‍ ഇന്ത്യക്ക് 40 കാര്യങ്ങള്‍ പറയാനുണ്ടാകുമെന്നും ബി എസ് എഫ് ജവാന്മാര്‍ പറഞ്ഞു.
ഒന്നര വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച നടക്കുന്നത്. 2013 ഡിസംബറില്‍ ലോഹോറിലാണ് ഇന്ത്യ- പാക് അതിര്‍ത്തി സുരക്ഷാ സേനാ മേധാവികളുടെ ചര്‍ച്ച അവസാനമായി നടന്നത്. പാക്കിസ്ഥാന്റെ ഭാഗത്തിനിന്ന് നിരന്തരം ഉണ്ടാകുന്ന കരാര്‍ ലംഘിച്ചുളള വെടിവെപ്പിന്റെയും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികള്‍ കൂടിക്കാഴ്ച നടത്തുന്നത് എന്നത് ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ മാസം ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടക്കാനിരുന്ന കൂടിക്കാഴ്ച അവസാന നിമിഷം റദ്ദാക്കിയിരുന്നു.