Connect with us

Kerala

മക്ക ദുരന്തം: നടുക്കം വിട്ടുമാറാതെ മുഅ്മിനയുടെ കുടുംബം

Published

|

Last Updated

പാലക്കാട്: മക്കയിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തമാകാതെ കല്‍മണ്ഡപം നിവാസികള്‍. നാല് ദിവസം മുമ്പ് പരിശുദ്ധ ഹജ്ജ് കര്‍മത്തിന് മക്കയിലേക്ക് പോയ മുഅ്മിന(29)യുടെ മരണവാര്‍ത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഅ്മിനയും ഭര്‍ത്താവ് മുഹമ്മദ് ഇസ്മാഈലും മക്കയിലേക്ക് പോയത്. മുഹമ്മദ് ഇസ്മാഈല്‍ ആണ് മുഅ്മിനയുടെ മരണവാര്‍ത്ത വെള്ളിയാഴ്ച രാത്രി വീട്ടുകാരെ അറിയിച്ചത്. ആയിഷാമറിയം (അഞ്ചാം ക്ലാസ്), മുഹമ്മദ് ആഷിഫ് (രണ്ടാം ക്ലാസ്), മുഹമ്മദ് അന്‍ഷിഫ്(എല്‍ കെ ജി) പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
നാല് മാസം മുന്‍പാണ് മുഹമ്മദ് ഇസ്മാഈലും കുടുംബവും പാലക്കാട് കല്‍മണ്ഡപം മീനാ നഗറിലെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. പൊള്ളാച്ചിയിലും കോഴിക്കോടും ബിസിനസ് നടത്തിവരികയാണ് മുഹമ്മദ് ഇസ്മാഈല്‍. മുഹമ്മദ് ഇസ്മാഈലിന് കോഴി ഫാം അനുബന്ധ ബിസിനസാണ്. കുറെക്കാലം കോഴിക്കോടായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ബിസിനസും കുട്ടികളുടെ വിദ്യഭ്യാസവും പരിഗണിച്ച് പാലക്കാട്ടേക്ക് താമസം മാറുകയായിരുന്നു. പാലക്കാട്ടേ സ്വകാര്യ ഹജ്ജ് ഏജന്‍സിയില്‍ നാല്‍പ്പത്തഞ്ചംഗത്തോടൊപ്പമാണ് മുഅ്മിനയും മുഹമ്മദ് ഇസ്മാഈലും പോയത്. വെള്ളിയാ ഴ്ച ഉച്ചക്ക് മുഅ്മിന ഫോണില്‍ ബന്ധുക്കളോട് സംസാരിച്ചിരുന്നു. രാത്രിയോടെ മക്കയിലുണ്ടായ ദുരന്തത്തില്‍ മുഅ്മിന മരിച്ചുവെന്ന് മുഹമ്മദ് ഇസ്മാഈല്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു.
നാല് ദിവസം മുമ്പ് എത്തിയ മുഹമ്മദ് ഇസ്മാഈലും മുഅ്മിനയും വ്യാഴാഴ്ച ഉംറ നിര്‍വഹിച്ചിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം മുഅ്മിനയെ ഹറം പള്ളിയില്‍ സ്ത്രീകളുടെ വിശ്രമകേന്ദ്രത്തിലാക്കി മുഹമ്മദ് ഇസ്മാഈല്‍ ചായ വാങ്ങുന്നതിന് പുറത്തേക്ക് പോയപ്പോഴാണ് കനത്ത മഴയും കാറ്റും ഉണ്ടാകുകയും ഹറം പള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ രണ്ട് ക്രെയിനുകള്‍ തകര്‍ന്ന് പ്രദക്ഷിണവഴിയിലേക്ക്(മത്താഫ്) പതിക്കുകയും ചെയ്തതെന്ന് മുഹമ്മദ് ഇസ്മാഈല്‍ അറിയിച്ചു. മൂഅ്മിനയുടെ ഖബറടക്കം മക്കയില്‍ നടന്നു.
തത്തമംഗലം സ്വദേശിനിയായ മുഅ്മിനയുടെ പിതാവ് അബ്ദുല്‍ ലത്വീഫാണ്. മാതാവ്: ജാഫറുന്നീസ. സഹോദരങ്ങള്‍ റഫീഖ്, നാസര്‍ അടക്കം എട്ട് പേരുണ്ട്.

Latest