Connect with us

Articles

വര്‍ഗീയത: പ്രതിരോധത്തിലെ ഇടര്‍ച്ചകള്‍

Published

|

Last Updated

ചില കോണുകളില്‍ നിന്നുയരുന്ന മതേതരത്വത്തെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശങ്ങള്‍ കാണാതിരുന്നുകൂടാ. സെക്കുലറിസം വിമര്‍ശരഹിതമായി അംഗീകരിക്കപ്പെടേണ്ട ഒന്നാണ് എന്നു പറയാനാകില്ല. പക്ഷേ, ഈ വിമര്‍ശങ്ങള്‍ നിലവിലെ സാമൂഹിക സാഹചര്യങ്ങളെ എത്രമാത്രം മുഖവിലക്കെടുക്കുന്നുണ്ട് എന്ന ചോദ്യത്തെ അവഗണിക്കാനും കഴിയില്ല. സെക്കുലറിസം ന്യൂനപക്ഷ ജീവിതങ്ങളോട് വേണ്ടത്ര സംവേദനക്ഷമത പുലര്‍ത്തുന്നില്ല എന്ന് വാദിക്കുന്നവര്‍ക്ക്, തീര്‍ച്ചയായും പുതിയ സാഹചര്യങ്ങളോട് സംവേദന ക്ഷമതയുള്ളവരാകാന്‍ ബാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍, മതേതരത്വത്തെ പ്രതിയുള്ള വിമര്‍ശത്തിന്റെ കാര്യത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളും, പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും നവ ഇടതുപക്ഷവും എല്ലാം തന്നെ ഒരേ വേദിയാണ് പങ്ക് വെക്കുന്നത്. മാത്രമല്ല, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രയോഗത്തെ കൂടുതല്‍ എളുപ്പവും വേഗത്തിലുള്ളതുമാക്കാന്‍, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നുള്ള മതേതര വിമര്‍ശം ഒരു കാരണമായിത്തീര്‍ന്നിട്ടുണ്ട് എന്നതാണ് അനുഭവം. മേല്‍ പറഞ്ഞ വിമര്‍ശകരുടെ വാദങ്ങളില്‍, ആ വാദങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രങ്ങളില്‍ എല്ലാം ഉള്ള സമാനത അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവതയുടെ സംഹാരാത്മകമായ ഭാവങ്ങളെ ജ്വലിപ്പിച്ചു നിരത്തുന്ന ഘടകങ്ങള്‍ ഏതെല്ലാമാണ് എന്നതിനെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഇത്തരം വിമര്‍ശങ്ങളെ സാധ്യമാക്കുന്നത്. ഈ വിമര്‍ശം വലതുപക്ഷ ഹൈന്ദവതക്കു നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷത്തിന്റെ മതാത്മകതയെയും സമരസപ്പെടുത്തി വായിക്കുന്നതിലെ അപാകം വര്‍ഗീയതക്കെതിരായുള്ള വിശാലമായ ഒരു പ്രതിരോധനിര ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. സാമുദായിക ബോധത്തെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെയും ന്യൂനപക്ഷങ്ങളുടെ മേല്‍വിലാസം ദുരുപയോഗം ചെയ്തു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെയും ന്യൂനപക്ഷത്തിന്റെ മതാത്മകതയെയും നാം വേര്‍തിരിച്ചു കാണേണ്ടതുണ്ട്. സാമുദായികതയും വര്‍ഗീയതയും രണ്ട് വ്യത്യസ്ത രാഷ്ട്രീയ സമീപനങ്ങളാണ്. അങ്ങനെ കാണാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ് എന്നത് നമ്മെ ആലോസരപ്പെടുത്തേണ്ട വസ്തുതയാണ്. സാമൂഹികവും സാമ്പത്തികവുമായ നീതിക്ക് വേണ്ടിയുള്ള ന്യൂനപക്ഷങ്ങുടെ ആവശ്യങ്ങളെ, വര്‍ഗീയം, സാമുദായികം എന്നൊക്കെ വിളിക്കുന്നത് പോലെയുള്ള ആത്മഹത്യാപരമായ നിലപാട് മതേതര പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്ന പലര്‍ക്കും ഇനിയും കൈയൊഴിയാന്‍ കഴിഞ്ഞിട്ടില്ല എന്നത്, വര്‍ഗീയത എത്രമാത്രം ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനുള്ള മികച്ച ഉദാഹരണമാണ്. അതേ സമയം സാമുദായികതയും വര്‍ഗീയതയും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളും നമ്മുടെ മുന്നില്‍ ഉണ്ട്. നിങ്ങള്‍ക്ക് പൊതുവായി ഉയര്‍ത്താന്‍ കഴിയുന്ന ഒരാവശ്യത്തെ സാമുദായികമായി അവതരിപ്പിക്കേണ്ടതുണ്ടോ, സാമുദായികമായ ഒരവകാശം നേടാന്‍ അതിനു വര്‍ഗീയമായ മാനങ്ങള്‍ നല്‍കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ നമ്മുടെ സാഹചര്യത്തില്‍ പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ നാം എളുപ്പവഴിയിലൂടെ കാര്യങ്ങള്‍ സാധിച്ചെടുത്തും എതിര്‍ത്തും ശീലിച്ചവരായിപ്പോയി.
പരസ്പരം വിമര്‍ശിക്കാനും ആ വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളാനുമുള്ള നമ്മുടെ സംവേദനക്ഷമത ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഈ ദൗര്‍ബല്യം സാമൂഹികവിരുദ്ധ മനോഭാവങ്ങള്‍ക്ക് സമൂഹത്തില്‍ മേല്‍ക്കൈ നേടാന്‍ സൗകര്യങ്ങളൊരുക്കി. വര്‍ഗീയ ശക്തികളാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം അനുഭവിച്ചത്. വിമര്‍ശങ്ങളുടെ ലക്ഷ്യം നവീകരണം എന്നതില്‍ നിന്നും നശീകരണം എന്നായി മാറിയിട്ടുണ്ട്. വിമര്‍ശത്തിന്റെ ലക്ഷ്യത്തില്‍ വന്ന ഈ വലിയ മാറ്റവും സമാനമായ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താനും വിമര്‍ശിക്കാനും ചരിത്രപരമായ കണക്കെടുപ്പിനു വിധേയമാക്കാനും ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കുന്ന വ്യത്യസ്തമായ മാനദണ്ഡങ്ങളും വിമര്‍ശസംസ്‌കാരത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സാമുദായിക തലത്തില്‍ മുസ്‌ലിംകളോടും രാഷ്ട്രീയ തലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ സ്വീകരിക്കുന്ന കാര്‍ക്കശ്യവും ജാഗ്രതയും മറ്റു സമുദായങ്ങളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ കാര്യത്തില്‍ ഉണ്ടാകാറില്ല. ഈ പഴുതിലൂടെയാണ് കേരളം വളരെ വേഗത്തില്‍ അപകടകരമായ വലതുപക്ഷ വത്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. വലതുപക്ഷ വത്കരിക്കപ്പെട്ടുകഴിഞ്ഞ കേരളത്തിന്റെ ഈ പൊതുബോധത്തിന്റെ പിടികളില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ അവരുടെ സാംസ്‌കാരിക വിമര്‍ശകര്‍ക്കോ പോലും കഴിയാതെ പോകുന്നു എന്നതിനെ നാം കൂടുതല്‍ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളുടെ ആചാര വിശ്വാസങ്ങളെയും ഭരണഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി അവര്‍ നടത്തുന്ന ന്യായാനുസൃതമായ ഇടപെടലുകളെയും പരിഹസിക്കാന്‍ സാംസ്‌കാരിക വിമര്‍ശകര്‍ കാണിക്കുന്ന ധൃതി ഫലത്തില്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്നാലോചിക്കുന്നത് നല്ലതായിരിക്കും.
സാമൂഹികനീതി ഈ ലോകത്ത് വെച്ചു തന്നെ പുലര്‍ന്നു കാണാന്‍ അധ്വാനിക്കുന്നവര്‍ എന്നാണ് ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ആ അര്‍ഥത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാഭാവികമായ പങ്കാളികളായി ന്യൂനപക്ഷങ്ങള്‍ മാറേണ്ടതായിരുന്നു. അതെന്തുകൊണ്ട് സംഭവിച്ചില്ല എന്ന ആലോചന സ്വയം വിമര്‍ശപരമായ വിലയിരുത്തലുകള്‍ നടത്താന്‍ ഇടതുപക്ഷത്തെ സഹായിക്കും. ആ ആലോചന, ഇടതുപക്ഷം എന്ന പരികല്‍പ്പനയെ തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിപുലപ്പെടുത്താനുള്ള ചില സൂചനകളും അവര്‍ക്ക് നല്‍കാതിരിക്കില്ല. ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും വിധത്തിലുള്ള പ്രത്യക്ഷ തലത്തിലുള്ള രാഷ്ട്രീയ ഭാവങ്ങള്‍ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞു വരികയാണോ എന്ന സംശയം ന്യായമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ജീവിതം ഏറ്റവുമധികം പ്രതിസന്ധികളിലൂടെ കടന്നുപോയ കഴിഞ്ഞ മൂന്ന് ദാശാബ്ദത്തിനിടയില്‍, അവര്‍ക്ക് കൂട്ടുകാര്‍ കുറയുകയും ശത്രുക്കള്‍ കൂടുകയുമാണ് ചെയ്തത്. യഥാര്‍ഥ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുക എന്നതാണ് ഏതൊരു രാഷ്ട്രീയ പോരാട്ടത്തിന്റെയും പ്രാഥമികമായ വിജയം. പക്ഷേ, ശത്രു നിര്‍മിക്കുന്ന വാര്‍പ്പുമാതൃകകളെ പിന്തുടര്‍ന്നാണ് നാം ഇന്ന് മിത്രത്തെയും സമീപിക്കുന്നത്. സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞ വര്‍ഗീയതയുടെ വിജയം എളുപ്പത്തില്‍ സാധ്യമാക്കുന്നതും ഇത്തരം പൊതുബോധങ്ങള്‍ ആണ്. വര്‍ഗീയതയെ, നമ്മുടെ നിത്യ ജീവിതത്തില്‍ ചുറ്റിനില്‍ക്കുന്ന അതിന്റെ വിവിധങ്ങളായ രൂപ ഭാവങ്ങളെ വളരെ സൂക്ഷ്മമായി തിരിച്ചറിയുകയും അതിസൂക്ഷ്മമായ തലത്തില്‍ തന്നെ പ്രതിരോധിക്കുകയും ചെയ്യുമ്പോഴേ ഈ പൊതുബോധത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.
സാക്ഷരതയുടെയും ജീവിത നിലവാരത്തിന്റെയും കാര്യത്തില്‍ കേരളത്തെ അപേക്ഷിച്ച് എത്രയോ പിന്നിലാണ് കര്‍ണാടക. ബി ജെ പി അധികാരത്തില്‍ വരികയും ഇനിയും അധികാരത്തില്‍ വരാന്‍ സാധ്യതയും ഉള്ള സ്ഥലമാണ് നമ്മുടെ അയല്‍ സംസ്ഥാനം കൂടിയായ കര്‍ണാടക. പക്ഷേ, പ്രൊഫ. കുല്‍ബര്‍ഗിയുടെ വധത്തെ തുടര്‍ന്ന് അവിടുത്തെ സാംസ്‌കാരിക ലോകത്തുണ്ടായ വര്‍ധിച്ച ജാഗ്രതയില്‍ നിന്ന് നമുക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. സാക്ഷരതയോ ജീവിത നിലവാരമോ കൂടുതല്‍ മെച്ചപ്പെട്ട ഒരു രാഷ്ട്രീയ സംസ്‌കാരത്തെയും കൂടെ കൊണ്ടുവരും എന്ന് കരുതുക പ്രയാസകരമാണ്. ചരിത്രത്തോടും ഭാവിയോടുമുള്ള മാനുഷികമായ കടപ്പാടുകളില്‍ നിന്നേ അത്തരം ജാഗ്രതകള്‍ ഉണ്ടാകുകയുള്ളൂ.
വ്യത്യസ്തവും പരസ്പര വൈരുധ്യം പുലര്‍ത്തുകയും ചെയ്യുന്ന സമൂഹങ്ങളെയും പ്രസ്ഥാനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന രാഷ്ട്രീയ ഭാവനകള്‍ ആണ് വലതുപക്ഷ ഹൈന്ദവ രാഷ്ട്രീയത്തെ ഇന്ന് അധികാരത്തില്‍ നിലനിര്‍ത്തുന്നത് എന്നു നമുക്കറിയാം. പക്ഷേ, വിപുലവും വൈവിധ്യവുമാര്‍ന്ന ശബ്ദങ്ങളെ ഒരുമിച്ചുനിര്‍ത്തി, ഫാസിസത്തിനെതിരെയുള്ള പ്രതിരോധ നിരയെ ശക്തിപ്പെടുത്താന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. പകരം, പ്രാദേശികമായ താത്പര്യങ്ങളുടെയും മുന്‍ഗണനകളുടെയും പേരില്‍ ഈ പ്രതിരോധനിര കൂടുതല്‍ ദുര്‍ബലമാകുന്നതാണ് നാം കാണുന്നത്. അത്തരമൊരു രാഷ്ട്രീയ ഭാവനയെ സാധ്യമാക്കുന്നതിനുള്ള പ്രായോഗികമായ ആലോചനകള്‍ അടിയന്തരമായി രൂപപ്പെടേണ്ടതുണ്ട്. അശുതോഷ് വാര്‍ഷ്‌നി സൂചിപ്പിച്ച കോഴിക്കോടിന്റെ ചരിത്രത്തില്‍ അത്തരം എമ്പാടും രാഷ്ട്രീയ ഭാവനകള്‍ ഉണ്ടായിട്ടുണ്ട്. അതിനെ തിരിച്ചുപിടിക്കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യലാണ് നമ്മുടെ ബാധ്യത.
(അവസാനിച്ചു)

Latest