Connect with us

Malappuram

മെച്ചപ്പെട്ട പ്രസവ ചികിത്സക്ക് ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്ല

Published

|

Last Updated

മഞ്ചേരി: പ്രസവ ചികിത്സക്ക് കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ജില്ലയിലില്ല. സംസ്ഥാനത്ത് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ പിന്നാക്ക ജനവിഭാഗങ്ങളും പട്ടികജാതി-വര്‍ഗക്കാരുമുള്‍പ്പെടെ സാധാരണ ജനങ്ങളാണ് കൂടുതലും.
ഇവരില്‍ ബഹു ഭൂരിപക്ഷവും ചികിത്സക്കും പ്രസവത്തിനു ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. ചികിത്സാ രംഗത്തെ അതി വിചിത്രമായ കര്‍മ പദ്ധതികളാണ് ജില്ലക്ക് പറയാനുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സക്കു മാത്രമായി പടുത്തുയര്‍ത്തിയ കെട്ടിടം മെഡിക്കല്‍ കോളജായി മാറി. ആരോഗ്യ മേഖലക്ക് മെഡിക്കല്‍ കോളജ് കുതിച്ചു ചാട്ടമാകുമെന്നു കരുതിയിരുന്നെങ്കിലും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.
നിലവിലുള്ള പല ചികിത്സാ സൗകര്യങ്ങളും ഇല്ലാതാവുകയായിരുന്നു ഫലം. വിദഗ്ധ ഡോക്ടര്‍മാരുണ്ടെങ്കിലും അവര്‍ക്ക് ചികിത്സക്കാവശ്യമായ സാഹചര്യങ്ങളും സൗകര്യങ്ങളുമില്ല. സര്‍ജറി, മെഡിസിന്‍, ഇ എന്‍ ടി ഗൈനക്, പീഡിയാട്രിക്, അനസ്തീഷ്യ തുടങ്ങി വിവിധ വകുപ്പുകളില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട്. ശസ്ത്രക്രിയകള്‍ക്ക് പലപ്പോഴും കാലതാമസം നേരിടുന്നു. ആരോഗ്യ വകുപ്പ് രേഖ പ്രകാരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 87,268 പ്രസവങ്ങള്‍ നടന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ പരിമിതികള്‍ മൂലം പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.
പൂര്‍ണ ഗര്‍ഭിണികളും അമ്മമാരും കുഞ്ഞുങ്ങളും സര്‍ക്കാര്‍ ആശുപത്രിയിലെ തറയിലും ഇടനാഴികകളിലും കിടക്കേണ്ടി വരുന്നു. തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നീ താലൂക്ക് ആശുപത്രികള്‍ ജില്ലാ ആശുപത്രിയാക്കിയെങ്കിലും ആവശ്യമായ തസ്തികകളും സൗകര്യങ്ങളുമായിട്ടില്ല. നാലു വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ പൊന്നാനി മാതൃ-ശിശു ആശുപത്രി പാതിവഴിയിലാണ്. മലപ്പുറം ജില്ല നിലവില്‍ വന്ന് 47 വര്‍ഷം പിന്നിട്ടുവെങ്കിലും കുഞ്ഞുങ്ങള്‍ക്ക് പിറന്നു വീഴാനിടമില്ലാത്ത ഏക ജില്ലയാണിത്. ജില്ലയില്‍ നിരവധി മന്ത്രിമാരും എം എല്‍ എ മാരും എം പിമാരുമണ്ടായിട്ടും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സാ കേന്ദ്രം പൂര്‍ത്തിയാക്കാന്‍ ആരും ഉത്സാഹിക്കുന്നില്ല.
മതിയായ ഡോക്ടര്‍മാരും കിടക്കകളുമില്ലെങ്കിലും സ്വകാര്യ മേഖലയില്‍ ഉന്നത നിലവാരമുള്ള ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവ ഉയര്‍ന്നുവരുന്നുണ്ട്. കണ്ണ്, പല്ല് വിഭാഗങ്ങളില്‍ സ്വകാര്യ ക്ലിനിക്കുകള്‍ കൂണുപോലെ തഴച്ചു വളരുകയാണ്.
മൂന്നക്ക ലോട്ടറി പിടികൂടി
തിരൂരങ്ങാടി: ചെമ്മാട്ടെ മൂന്ന് ലോട്ടറി കടകളില്‍ നിന്ന് പോലീസ് മൂന്നക്ക ലോട്ടറി പിടികൂടി. ചെമ്മാട് ബസ്റ്റാന്റിന് സമീപമുള്ള ഡയമണ്ട് ലോട്ടറി കടയില്‍ നിന്ന് 7110 രൂപ പിടികൂടി. കരിപറമ്പ് സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തു. ചെമ്മാട് കോഴിക്കോട് റോഡ് ജംഗ്ഷനിലെ അക്ഷയ ലോട്ടറി കടയില്‍ നിന്ന് 1380രൂപ പിടികൂടി. പരപ്പനങ്ങാടി സ്വദേശി രജ്ഞിത്തിനെ അറസ്റ്റ് ചെയ്തു. ചെമ്മാട് പരപ്പനങ്ങാടി റോഡ് ജംഗ്ഷനിലെ വിന്‍വിന്‍ ലോട്ടറി കടയില്‍ നിന്ന് 1100 രൂപ പിടിച്ചെടുത്തു.

---- facebook comment plugin here -----

Latest