Kozhikode
ആയുധമെടുത്ത ഫാസിസത്തെ ആശയം കൊണ്ട് പ്രതിരോധിക്കണം: എം ടി
കോഴിക്കോട്: കല്‍ബുര്‍ഗിക്ക് സംഭവിച്ചത് കേരളത്തിലും സംഭവിക്കാമെന്ന് എം ടി വാസുദേവന്‍ നായര്‍. കുറെ കാലമായി കേട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശൈലി ഇപ്പോള്‍ ഇവിടെയും സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യകാലഘട്ടത്തില്‍ സംഭവിച്ചതും പിന്നീട് ഇല്ലാതായെന്നും കരുതിയ അക്രമങ്ങള്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. എവിടെയും സംഭവിക്കുന്ന ദുരന്തം നമുക്കും സംഭവിക്കാമെന്ന ബോധം എഴുത്തുകാരനും കലാകാരന്മാര്‍ക്കും ഉണ്ടാകണം. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഫാസിസത്തിനെതിരെ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കു വേണ്ടിയാണിതെന്ന് അക്രമകാരികള്‍ വ്യക്തമാക്കണം. മനുഷ്യര്‍ക്ക് വേണ്ടിയാണോ ഇത്തരം അക്രമങ്ങള്‍. പുസ്തകം വന്നത് കൊണ്ട് മാത്രം തകരുന്നതാണോ മതമെന്ന് ആലോചിക്കണം. ആധ്യാത്മിക ചൈതന്യം വളര്‍ത്താനുള്ള പ്രസ്ഥാനമായ മതത്തിന്റെ പാവപ്പെട്ട അനുയായികളെ തെറ്റിദ്ധരിപ്പിച്ച് കലാപകാരികളാക്കുകയാണ്. അറിവ് തടയാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. വിശാലമായ കാഴ്ചപ്പാടുള്ള ഇവിടെ ഇതൊന്നും സംഭവിക്കില്ലെന്നാണ് വിചാരിച്ചത്.
എന്നാല്‍ ഫാസിസത്തിനും അപ്പുറമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌നേഹത്തില്‍ അധിഷ്ടിതമായ സംസ്‌കാരം നാട്ടില്‍ നിന്ന് നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ വാളുകളും ആയുധങ്ങളും കൊണ്ടല്ല മറുപടി നല്‍കാന്‍ കഴിയുക. അതെ കുറിച്ച് ജാഗരൂകരായിരിക്കണം. സമൂഹത്തില്‍ അവബോധമുണ്ടാക്കണം. ഫാസിസത്തെ എഴുത്തിലും ചിത്രത്തിലൂടെയുമുള്ള ആശയങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകണം. പതിയിരിക്കുന്ന അത്യാപത്തിനെ കുറിച്ച് സമൂഹത്തിന് അവബോധമുണ്ടാക്കാന്‍ കലാകാരന്മാരും എഴുത്തുകാരും വിചാരിച്ചാല്‍ കഴിയുമെന്നും എം ടി പറഞ്ഞു.
സോണിയ അധ്യക്ഷത വഹിച്ചു. പി കെ ഗോപി, കെ പി രാമനുണ്ണി, പി കെ പാറക്കടവ്, എ അച്ച്യുതന്‍ മാസ്റ്റര്‍, പോള്‍ കല്ലാനോട്, ഇബ്രാഹിം വെങ്ങര, ഖദീജാ മുംതാസ്, വില്‍സന്‍ സാമുവല്‍, വീരാന്‍കുട്ടി, സുനില്‍ അശോകപുരം, ടി വി ബാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാസിസത്തിനെതിരെ പത്തോളം ചിത്രകാരന്മാരുടെ ചിത്രരചനയും സംഘടിപ്പിച്ചു.