National
മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം
ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപദ്ധതി മംഗള്‍യാന്‍ (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍) ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒരു വര്‍ഷം പിന്നിട്ടു. ഇതിനെത്തുടര്‍ന്നു മാഴ്‌സ് കളര്‍ കാമറ (എം സി സി) പകര്‍ത്തിയ ചിത്രങ്ങളും പേടകത്തിലെ മറ്റ് ഉപകരണങ്ങളുടെ പരീക്ഷണ ഫലങ്ങളും മാഴ്‌സ് അറ്റ്‌ലസായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ)പുറത്തുവിട്ടു.
മംഗള്‍യാന്‍ ദൗത്യവിജയ സ്മാരകമായി നവംബര്‍ അഞ്ചിന് ഐഎസ്ആര്‍ഒ ഫിഷിംഗ് ഹാംലെറ്റ് ടു മാഴ്‌സ് (മത്സ്യബന്ധന ഗ്രാമത്തില്‍നിന്നു ചൊവ്വയിലേക്ക്) എന്ന പേരില്‍ പുസ്തകവും പ്രസിദ്ധീകരിക്കും. മംഗള്‍യാന്‍ പേടകത്തില്‍ 35 കിലോ ഇന്ധനം കൂടി ശേഷിക്കുന്നതിനാല്‍ ഏതാനും വര്‍ഷം കൂടി ദൗത്യം തുടരുമെന്നു കഴിഞ്ഞദിവസം ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ പറഞ്ഞിരുന്നു.
2014 സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീ ഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നു പി എസ് എല്‍ വി റോക്കറ്റിന്റെ സഹായത്തോടെ മംഗള്‍യാന്‍ ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഒമ്പതുമാസത്തെ ഐതിഹാസിക യാത്രയ്ക്കുശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ എത്തിയത്.
ചൊവ്വയുടെ ഭൂപടപുസ്തകവുമായി ഇസ്‌റോ
ബെംഗളൂരു: ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഐ എസ് ആര്‍ ഒ ചൊവ്വയുടെ ഭൂപടപുസ്തകം (മാര്‍സ് അറ്റ്‌ലസ്) പുറത്തിറക്കി. പേടകത്തിലെ കളര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഭൂപടപുസ്തകം. ചൊവ്വയില്‍നിന്ന് പകര്‍ത്തിയ 350 ചിത്രങ്ങളില്‍നിന്ന് 100 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഐ എസ് ആര്‍ ഒ യുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററാണ് ഭൂപടം തയ്യാറാക്കിയത്.
ഇസ്‌റോ ചെയര്‍മാന്‍ എ എസ് കിരണ്‍കുമാര്‍, സയന്റിഫിക് സെക്രട്ടറി ഡോ. വൈ വി എന്‍ കൃഷ്ണമൂര്‍ത്തി, ഉപഗ്രഹകേന്ദ്ര ഡയറക്ടര്‍ ഡോ. അണ്ണാദുരൈ, സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര, പബ്ലിക് റിലേഷന്‍സ് യൂണിറ്റ് ഡയറക്ടര്‍ ദേവിപ്രസാദ് കാര്‍ണിക് എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം പുറത്തിറക്കിയത്.
മംഗള്‍യാന്‍ പകര്‍ത്തിയ ഇന്ത്യയുടെ ദൃശ്യം, ഭൂമിയുടെ മറ്റ് ചിത്രങ്ങള്‍, ചൊവ്വയുടെ പ്രതലത്തിലെ ഗര്‍ത്തങ്ങള്‍, ഗ്രഹത്തിന്റെ മൂന്നുനിറങ്ങളിലുള്ള ചിത്രങ്ങള്‍ തുടങ്ങിയവയും ഇതിലുണ്ട്. ചിത്രങ്ങളില്‍ ഭൂരിഭാഗവും ആദ്യമായാണ് ഇസ്‌റോ പുറത്തുവിടുന്നത്. 135 പേജുള്ള ഭൂപടപുസ്തകത്തില്‍ ചൊവ്വയുടെ ഉപരിതലത്തെപ്പറ്റിയുള്ള ഇസ്‌റോയുടെ നിരവധി കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഐ എസ് ആര്‍ ഒയുടെ വെബ്‌സൈറ്റില്‍നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും സൗകര്യമുണ്ട്. മംഗള്‍യാന്റെ വാര്‍ഷികത്തിന് നവംബര്‍ അഞ്ചിന് ചൊവ്വദൗത്യത്തെപ്പറ്റിയുള്ള “ഫിഷിങ് ഹാംലെറ്റ് ടു മാര്‍സ്” എന്ന പുസ്തകവും പുറത്തിറക്കും.
കഴിഞ്ഞവര്‍ഷം സപ്തംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഒരു വര്‍ഷത്തിനിടെ നിരവധി നിര്‍ണായക വിവരങ്ങളാണ് മംഗള്‍യാന്‍ ചൊവ്വയില്‍നിന്ന് ശേഖരിച്ചത്.