Articles
സുന്നി സംഘശക്തി വീണ്ടും ജയിച്ചടക്കുന്നു
മനുഷ്യോത്പത്തി തൊട്ട് ലോകാന്ത്യം വരെ തുടരുന്ന ഒരു സുപ്രധാന പ്രക്രിയയാണ് ധാര്‍മികതയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ലോകത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും മനുഷ്യസമൂഹത്തിന്റെ നേര്‍വഴിയിലുള്ള മുന്നേറ്റത്തിനും ഇതനിവാര്യമാണ്. പ്രപഞ്ചത്തിന്റെ പ്രമേയവും കേന്ദ്ര ബിന്ദുവുമാണല്ലോ മനുഷ്യന്‍.”ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണ് എന്ന് ജഗന്നിയന്താവായ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വിളംബരം ചെയ്യുന്നുണ്ട്. അതിനാല്‍ പ്രപഞ്ചത്തെ ആസ്വദിച്ചും അനുഭവിച്ചും കഴിയുന്ന മനുഷ്യന് സ്രഷ്ടാവിന്റെ വിധിവിലക്കുകളും നിയമ സംഹിതകളും സ്വാഭാവികമാണ്. വിശേഷ ബുദ്ധിയുള്ള, ഇതര ജീവ ജാലങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായ മനുഷ്യന് അതിര്‍ വരമ്പുകള്‍ ആവശ്യമാണെന്ന് ബുദ്ധിയുള്ള എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. സ്രഷ്ടാവിലും മതത്തിലും വിശ്വസിക്കാത്തവര്‍ പോലും ഈ സത്യം സമ്മതിക്കുന്നുണ്ട്. വളരെ വിരളമായ വിഭാഗം മാത്രമേ മനുഷ്യന്‍ നിയന്ത്രണങ്ങള്‍ക്കതീതനായി മൃഗങ്ങളെ പോലെ ജീവിച്ചാല്‍ മതിയെന്ന് പറയുന്നവരായുള്ളൂ.
ചുരുക്കത്തില്‍ മനുഷ്യനെ സൃഷ്ടിക്കുകയും അവന് ജീവിക്കാനുതകുന്ന തരത്തില്‍ പ്രപഞ്ചത്തെ സംവിധാനിക്കുകയും ചെയ്ത രക്ഷിതാവ് തന്നെ അവന് അതിര്‍ വരമ്പുകള്‍ / ജീവിത വ്യവസ്ഥിതി ഏര്‍പ്പെടുത്തുകയും നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. അതംഗീകരിക്കാന്‍ അടിമ ബാധ്യസ്ഥനാണ്. എന്നല്ല, ദൈവികമായ അത്തരം നിയന്ത്രണങ്ങളെ മനുഷ്യന്‍ നിരാകരിക്കുമ്പോള്‍ അവന്റെ ജീവിതം ഇരുളടയും, പ്രതിസന്ധിയിലാകും. ലോകത്ത് കാലാകാലങ്ങളായി മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും മുഖ്യകാരണം സ്രഷ്ടാവിന്റെ അതിര്‍വരമ്പുകളെ അവന്‍ അതിലംഘിക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിയും. കാരണം മനുഷ്യനെ പടച്ചവന്‍ തന്നെയാണ് മനുഷ്യത്വം രൂപപ്പെടുത്തിയത്. മനുഷ്യത്വത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവന്‍ മൃഗ തുല്യനാകും. ലൈംഗികരംഗത്ത് മനുഷ്യന്‍ അവന്റെ അതിര്‍ വരമ്പുകള്‍ മറികടന്നതിന്റെ പ്രത്യാഘാതമാണ്, ഇതുവരെയും പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത, പ്രതിരോധശേഷി പൂര്‍ണമായും നശിപ്പിക്കുന്ന രോഗാവസ്ഥയായ എയ്ഡ്‌സ്.
മനുഷ്യനും ജീവിത വ്യവസ്ഥിതിയും മാത്രമല്ല മനുഷ്യനെ സമയാസമയങ്ങളില്‍ ശരിയായ ജീവിത വഴിയിലേക്കും മാനുഷിക മൂല്യങ്ങളിലേക്കും പ്രബോധനം ചെയ്യാനും നയിക്കാനും അല്ലാഹു വ്യവസ്ഥാപിതമായ സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ലോകചരിത്രം വിശകലനം ചെയ്താല്‍ ബോധ്യമാകുന്ന ഒരു വസ്തുതയാണിത്. വിവിധ കാലങ്ങളില്‍, ദേശങ്ങളില്‍, സമൂഹങ്ങളില്‍ നിയുക്തരായ പ്രബോധകര്‍ ഇല്ലാതെ പോയിട്ടില്ല. ഇതിന്റ പ്രഥമവും സുപ്രധാനവുമായ ശൃംഖലയായിരുന്നു ആദ്യ മനുഷ്യനും പ്രഥമ പ്രവാചകനുമായ ആദം (അ) മുതല്‍ അന്ത്യ ദൂതരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി (സ) വരെയുള്ള പ്രവാചകന്മാര്‍.
ഇസ്‌ലാമിക സംഹിതകളുടെ സമ്പൂര്‍ത്തീകരണത്തിന് ശേഷം നാളിതുവരെ ലോകത്തിന്റെ വിവിധ കോണുകളില്‍ വിന്യസിക്കപ്പെടുകയും ദൗത്യനിര്‍വഹണം നടത്തുകയും ചെയ്ത സ്വഹാബികള്‍, താബിഉകള്‍, ഇമാമുമാര്‍, ഔലിയാക്കള്‍, പണ്ഡിതന്‍മാര്‍ സച്ചരിതരായ നേതാക്കള്‍ തുടങ്ങിയവരുടെ പരമ്പര ഈ സത്യത്തെ അടയാളപ്പെടുത്തുന്നു. ഓരോ കാലത്തെയും മനുഷ്യരുടെ മനഃശാസ്ത്രവും ജീവിത സാഹചര്യങ്ങളും ഉള്‍ക്കൊണ്ടുള്ള കാലിക രീതികളാണ് പ്രബോധന പ്രക്രിയയില്‍ പ്രയോഗവത്കരിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ, എന്തുകൊണ്ട് പില്‍ക്കാലത്ത് പ്രവാചകര്‍ അയക്കപ്പെട്ടില്ലെന്നും ഇന്നത്തെ പോലെ പൂര്‍വ കാലത്ത് സംഘടനാ സംവിധാനങ്ങളുണ്ടായില്ല എന്നും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രസക്തിയേതുമില്ല. ഓരോ ഘട്ടങ്ങളിലും അന്നന്നേക്ക് ഉചിതമായ മാര്‍ഗങ്ങള്‍. അഭംഗുരം തുടര്‍ന്നുവരുന്ന ഈ പ്രക്രിയയുടെ ഭാഗമായി പ്രബോധന രംഗത്ത് ദൗത്യമേറ്റെടുത്ത കാലിക സംവിധാനം തന്നെയാണ് കേരളത്തിന്റെ ധാര്‍മ്മിക മുന്നേറ്റത്തിന് നെടുനായകത്വം വഹിക്കുന്ന സുന്നി സംഘ ശക്തി. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കു വേണ്ടി മത പാരമ്പര്യത്തിന്റെയും പ്രബോധക ശൃംഖലയുടെയും അടിവേരറുത്തുമാറ്റുന്ന മതപരിഷ്‌കരണവാദികളൊ അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്ന കക്ഷികളൊ ഈ പ്രബോധന പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്നവരല്ല.
സുന്നി സംഘടനാ ശക്തിയുടെ ആധികാരിക നേതൃത്വമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. രൂപം കൊണ്ട ആദ്യത്തെ 30 വര്‍ഷക്കാലം പണ്ഡിതന്‍മാര്‍/പണ്ഡിതസംഘടന തന്നെ നേരിട്ട് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നു. അക്കാലത്ത് അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. പ്രബോധന ബാധ്യത അര്‍പ്പിതമായ ഉമറാക്കള്‍ പണ്ഡിതന്‍മാരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്നു. 1945ലെ സമസ്തയുടെ കാര്യവട്ടം സമ്മേളനമാണ് ഇനി പണ്ഡിതസഭ പോര, ആദര്‍ശ ധീരരായ യുവാക്കളുടെ /ഉമറാക്കളുടെ ഒരു ആമിലി സംഘം കൂടി വേണമെന്ന് തീരുമാനിക്കുന്നത്. 1954ല്‍ സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് രൂപവത്കരിക്കപ്പെടുന്നത് വരെ പിന്നെയും കാത്തിരിക്കേണ്ടി വന്നു.
പ്രബോധന ചരിത്രം വിശകലനം ചെയ്താലറിയാവുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ചില പ്രത്യേകമായ സാഹചര്യങ്ങളുടെ അനിവാര്യതയിലാണ് നിര്‍ണായകമായതെല്ലാം യാഥാര്‍ഥ്യമായത്. മുസ്‌ലിം മില്ലത്തിന്റെ നേതാവായ ഹസ്‌റത്ത് ഇബ്‌റാഹിം നബി(അ)യുടെ നിയോഗ കാലം, മുഹമ്മദ് നബി(സ)യുടെ പ്രബോധന കാലവും പരിസരവും, സമസ്തയുടെ ആവിര്‍ഭാവവും പിന്നീട് എസ് വൈ എസിന്റെ പിറവിയും എല്ലാം നിര്‍ണായക ഘട്ടങ്ങളിലെ അല്ലാഹുവിന്റെ നിയന്ത്രണങ്ങളാണ്. അതുകൊണ്ട് തന്നെയാണ് അവയെല്ലാം സമൂഹത്തില്‍ തുടര്‍ന്നുള്ള വന്‍വിപ്ലവങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നത്.
54ല്‍ രൂപവത്കൃതമായ എസ് വൈ എസ് പിന്നിട്ട ആറ് പതിറ്റാണ്ട് കൊണ്ട് ധാര്‍മികതയുടെ പ്രബോധന പ്രചാരണ മേഖലയില്‍ നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിക്കുയും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായി മാറുകയും ചെയ്തിട്ടുണ്ട്, മാത്രമല്ല മലയാളീ സാന്നിധ്യമുള്ളിടങ്ങളിലെല്ലാം എസ് വൈ എസിന്റെ പ്രബോധന സംവിധാനങ്ങള്‍ ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. കേരളത്തിന് പുറത്ത് എം ഒ ഐ എന്ന പേരിലും രാജ്യത്തിന് പുറത്ത് ഐ സി എഫ് എന്ന പേരിലും സംഘടന ദൗത്യ നിര്‍വഹണം നടത്തുന്നു. രാജ്യത്ത് 23 സംസ്ഥാനങ്ങളില്‍ എം ഒ ഐ വ്യവസ്ഥാപിതമാണിന്ന്. ഐ സി.എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സിലിനു കീഴില്‍ സഊദി, യു എ ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹറൈന്‍ രാജ്യങ്ങളില്‍ നാഷനല്‍, സെന്‍ട്രല്‍, യൂനിറ്റ് ഘടകങ്ങളായി പ്രവാസികള്‍ക്കിടയിലെ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നു.
കേരളത്തില്‍ ആറായിരത്തോളം യൂനിറ്റുകളും 540 സര്‍ക്കിളുകളും 125 സോണുകളും 15 ജില്ലാഘടകങ്ങളുമായി എസ് വൈ എസ് മുന്നേറ്റം തുടരുന്നു. 60 വര്‍ഷം കൊണ്ട് സംഘടന എന്ത് ചേയ്തു എന്ന ചോദ്യത്തിന് പോലും മലയാളികള്‍ക്കിടയില്‍ ഇന്ന് പ്രസക്തിയില്ല. ആറുപതിറ്റാണ്ടിന്റെ കര്‍മപാരമ്പര്യം അനാവരണം ചെയ്ത് 2015 ഫെബ്രു. 26 – മാര്‍ച്ച് 1 തിയ്യതികളില്‍ കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടന്ന 60-ാം വാര്‍ഷിക സമ്മേളനം എല്ലാം വിളിച്ചറിയിക്കുന്നതായിരുന്നു. സമ്മേളനം ബോധ്യപ്പെടുത്തിയ സംഘബലം മാത്രമല്ല, എല്ലാ വര്‍ധിത ഉത്തരവാദിത്വങ്ങളും നെഞ്ചേറ്റിയാണ് സമൂഹത്തിന്റെ നിഖിലമേഖലകളിലും അനിവാര്യമായ ഇടപെടലുകള്‍ക്കായി സുന്നി സംഘശക്തി കൂടുതല്‍ കരുത്താര്‍ജിക്കുന്നത്.
സമ്മേളനം പ്രഖ്യാപിച്ച വിഷന്‍ 2025, ആദ്യ സംരംഭമായ ബഹുജന സംഘടനാ രൂപവത്കരണത്തോടെ പ്രവര്‍ത്തി പഥത്തിലെത്തുകയാണ്. ഒരു മാസക്കാലത്തെ തയാറെടുപ്പുകള്‍ക്കും പരിശീലനങ്ങള്‍ക്കും ശേഷം””ധര്‍മപ്പതാകയേന്തുക” എന്ന സന്ദേശമുയര്‍ത്തി സെപ്തംബര്‍ 21 മുതല്‍ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന എസ് വൈ എസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഇതിന്റെ പ്രഥമ ചവിട്ടുപടിയാണ്.
സുന്നി സംഘ കുടുംബത്തില്‍ അണിചേര്‍ക്കപ്പെടാന്‍ യോഗ്യരായ മുഴുവന്‍ പേരെയും ഒന്നൊഴിയാതെ ചേര്‍ക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നാടൊട്ടുക്കും നടന്നുവരുന്നത്. 2004ലെ എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലിക്ക് ശേഷം വിവര സാങ്കേതിക വിനിമയ വിദ്യയുടെ സാധ്യതകളുപയോഗിച്ചാണ് എസ് വൈ എസ് ലക്ഷക്കണക്കിന് അംഗങ്ങളെ അണിചേര്‍ക്കുന്നത്. ഇത്തവണ ഒരു ചുവടു കൂടി മുന്നിലാണ്. പ്രാദേശിക യൂനിറ്റ് ഘടകങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി വളരെ ലളിതവും അതി വേഗത്തിലുമാണ് അംഗങ്ങളുടെ ഡാറ്റകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്യുന്നത്. ഈയൊരു സംവിധാനം മറ്റാരും ഉപയോഗപ്പെടുത്തിയതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. ശ്രദ്ധേയമായ ഒരു കാര്യം, എസ് വൈ എസ് മെമ്പര്‍ഷിപ്പ്, പുനഃസംഘടനാ ക്യാമ്പയിനുകള്‍ക്കനുബന്ധമായിത്തന്നെ കേരളത്തിന്റെ പ്രബോധന മേഖലയില്‍ പുതിയ വിപ്ലവങ്ങള്‍ക്ക് സാക്ഷ്യമാകാന്‍ പോകുന്ന സുന്നി ബഹുജന സംഘം കൂടി രൂപവത്കരിക്കപ്പെടുന്നു എന്നതാണ്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണ്.
സുന്നി സംഘശക്തി എല്ലാം ജയിച്ചടക്കി പ്രയാണം തുടരുക തന്നെയാണ്. എതിരെയുള്ള അപശബ്ദങ്ങള്‍ക്ക് കാതോര്‍ത്തിരിക്കാന്‍ പോലും സമയമില്ല. 2004ലെ ഗോള്‍ഡന്‍ ജൂബിലിക്ക് ശേഷമുള്ള പ്രവര്‍ത്തന കാലയളവില്‍ എസ് വൈ എസിന് 48 ശതമാനം മെമ്പര്‍മാരുടെ വര്‍ധന ലഭിക്കുകയുണ്ടായി. ഒരു സംഘടനക്ക് ഇത്രമാത്രം അംഗത്വവര്‍ധന ഒരു കാലയളവില്‍ ലഭിക്കുകയെന്നത് ചെറിയകാര്യമല്ല. എന്നാല്‍ ഇത്തവണ ആ റിക്കാര്‍ഡ് സ്വയം തിരുത്തുമെന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 60-ാം വാര്‍ഷികം സമ്മാനിച്ച വര്‍ധിച്ച ജനപിന്തുണയും ബഹുജന സംഘടനയുടെ പിറവിയുമെല്ലാമാകുമ്പോള്‍ 60-ാം വാര്‍ഷിക മഹാസംഗമം അന്വര്‍ഥമാക്കി 60 ശതമാനം വരെ അംഗത്വ വര്‍ധനയുണ്ടാകുമെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
അല്ലാഹുവിന്റെ അതിഥികളായി, ലോകജനതയെ പ്രതിനിധാനം ചേയ്ത് അനേകലക്ഷം ഹാജിമാര്‍ വിശുദ്ധ കേന്ദ്രങ്ങളില്‍ സംഗമിച്ച് ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും അനുഗ്രഹീത കാലയളവിലാണ് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വഴിയില്‍ പ്രബോധന ദൗത്യം നിര്‍വഹിക്കാന്‍ പ്രതിജ്ഞാബദ്ധരായി ജനലക്ഷങ്ങളെ ധാര്‍മിക സംഘശക്തിയുടെ പ്രാഥമികാംഗത്വത്തിന് അണിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സെപ്തം. 27ന് ഞായറാഴ്ച നടക്കുന്ന മെമ്പര്‍ഷിപ്പ് ഡേ ആചരണത്തോടെ അംഗത്വകാല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അനന്തര നടപടികളിലേക്ക് നീങ്ങുകയാണ്. എന്തായാലും ധാര്‍മികയില്‍ വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും മുന്നില്‍ ഏക പ്രതീക്ഷയായി എസ് വൈ എസും സുന്നി സംഘശക്തിയും എന്നുമുണ്ടാകുമെന്ന വിളംബരം ഒരിക്കല്‍ കൂടി മുഴക്കുകയാണിവിടെ.
(എസ് വൈ എസ് പ്രവാസികാര്യ സെക്രട്ടറിയും സ്റ്റേറ്റ് ഇലക്ഷന്‍ ചീഫുമാണ് ലേഖകന്‍)