National
അനധികൃത സ്വത്ത് സമ്പാദനം: ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരെ എഫ് ഐ ആര്‍
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനത്തിന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിനെതിരെ സി ബി ഐ കേസെടുത്തു. അതോടൊപ്പം അദ്ദേഹത്തിന്റെ ന്യൂഡല്‍ഹിയിലെ വസതിയടക്കം 11 സ്ഥലങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ വീരഭദ്ര സിംഗിന്റെ മകളുടെ കല്യാണ ദിവസമായ ഇന്നലെയാണ് റെയ്ഡ് നടന്നത്. എന്നാല്‍, ബി ജെ പി സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് വീര്‍ഭദ്ര സിംഗ് പ്രതികരിച്ചത്. കേസില്‍ വീര്‍ഭദ്ര സിംഗ്, ഭാര്യ പ്രതിഭാ സിംഗ്, മകന്‍ വിക്രമാദിത്യ സിംഗ്, മകള്‍ അപരാജിത സിംഗ്, എല്‍ ഐ സി ഏജന്റ് ആനന്ദ് ചൗഹാന്‍ എന്നിവര്‍ക്കെതിരെ സി ബി ഐ നേരത്തെ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീര്‍ഭദ്ര സിംഗിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്തത്.
2009- 2011 കാലയളവില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രിയായിരുന്നപ്പോള്‍ വീര്‍ഭദ്ര സിംഗും കുടുംബവും അനധികൃത വരുമാനമുണ്ടാക്കിയെന്നും 6.1 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഇദ്ദേഹം അനധികൃതമായ സമ്പാദിച്ച പണം ഏജന്റായ ആനന്ദ് ചൗഹാന്‍ വഴി തന്റെയും കുടുംബത്തിന്റെയും പേരില്‍ എല്‍ ഐ സിയില്‍ നിക്ഷേപിച്ചുവെന്നാണ് സി ബി ഐ പറയുന്നത്. കൃഷിയില്‍ നിന്ന് ലഭിച്ച വരുമാനം എന്നാണ് ഈ പണത്തെ കുറിച്ച് സിംഗ് അവകാശപ്പെട്ടിരുന്നത്. 2013 മുതല്‍ സിംഗിനെതിരെ കൈക്കൂലി കേസ് നിലനില്‍ക്കുന്നുണ്ട്. ഇതില്‍ അന്വേഷണം നടത്തുന്ന സി ബി ഐ 2014ല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കോടതി ഉത്തരവിടുകയാണെങ്കില്‍ 2002ല്‍ സിംഗ് ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ട് അദ്ദേഹത്തിനെതിരെയുള്ള കൈക്കൂലി കേസുകള്‍ അന്വേഷിക്കാമെന്ന് സി ബി ഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാന ട്രേഡിംഗ് കോര്‍പറേഷന്‍ (എസ് ടി സി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 ഒക്‌ടോബറിലാണ് വീര്‍ഭദ്ര സിംഗിനെതിരെ സി ബി ഐ പ്രാഥമികാന്വേഷണം ആരംഭിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്‍ സി ബി ഐ ഡയരക്ടര്‍ക്ക് കത്തയക്കുകയും ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആദായ നികുതി റിട്ടേണ്‍, പ്രകടന പത്രികയിലെ സത്യവാങ്മൂലം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷന്റെ ഹരജി.