Connect with us

Gulf

കരിപ്പൂരിന്റെ വികസന പ്രശ്‌നങ്ങള്‍

Published

|

Last Updated

കോഴിക്കോട് രാജ്യാന്തര വിമാനത്താവള റണ്‍വേ അറ്റകുറ്റപ്പണി ആരംഭിച്ചത് ആഹ്ലാദം പരത്തുന്നു. അറ്റകുറ്റപ്പണി നീട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍, ഗള്‍ഫ് മലയാളികളുടെയും നാട്ടിലെ ബഹുജന സംഘടനകളുടെയും പ്രക്ഷോഭങ്ങള്‍ ഈ ശ്രമത്തിന് തടയിട്ടു.
ഗള്‍ഫ്-കോഴിക്കോട് മേഖലയില്‍ വിമാനങ്ങള്‍ ഇടതടവില്ലാതെ പറക്കുകയായിരുന്നു. സ്ഥലപരിമിതിയുള്ള വിമാനത്താവളമായിരുന്നിട്ടും വലിയ വിമാനങ്ങള്‍ വരെ എത്തിയിരുന്നു. അത്രമാത്രം തിരക്കാണ് ഗള്‍ഫ്-കോഴിക്കോട് റൂട്ടിലുള്ളത്. മൂന്ന് വര്‍ഷം മുമ്പ് തന്നെ റണ്‍വേയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും വിമാനത്താവള അതോറിറ്റി നടപടി സ്വീകരിച്ചില്ല. കുറേശെയായി അന്നു തന്നെ അറ്റകുറ്റപ്പണി തുടങ്ങിയിരുന്നെങ്കില്‍ ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. റണ്‍വേയിലെ ടേണിംഗ് ബേയിലാണ് വിള്ളല്‍. ഇവിടെ മണ്ണുമാറ്റി കോണ്‍ക്രീറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചത്. പൈലറ്റുമാര്‍ എതിര്‍ത്തു. വിമാനം ഇറക്കുന്നതിന് പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. റണ്‍വേയുടെ കിഴക്കുഭാഗത്ത് 45 മീറ്റര്‍ നീളത്തിലും 57 അടി വീതിയിലുമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബലപ്പെടുത്തും.
വേണ്ടത്ര മുന്നൊരുക്കം വിമാനത്താവള അതോറിറ്റി നടത്തിയില്ലെന്ന് വ്യക്തം. റണ്‍വേ എങ്ങിനെ ബലപ്പെടുത്തണമെന്ന സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കാതെ, കരാര്‍ ഉറപ്പിക്കാതെ, വിമാനത്താവളം പൊടുന്നനെ അടച്ചിടാന്‍ തീരുമാനിച്ചത് ലാഘവ ബുദ്ധിയാണ്.
വിമാനത്താവളം പൂര്‍ണമായും അടച്ചിടുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുമെന്ന് അധികൃതര്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് ഭാഗികമാക്കിയത്. അപ്പോഴും ഗള്‍ഫ് മലയാളികള്‍ക്ക് ദുരിതം കുറയുന്നില്ല. എമിറേറ്റ്‌സ്, സഊദി എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങള്‍ പലതും ഒഴിവാക്കേണ്ടി വന്നു. അതേ സമയം ചെറിയ വിമാനങ്ങള്‍ പറത്താമെന്ന വിമാന കമ്പനികളുടെ വാഗ്ദാനം പരിഗണിച്ചുമില്ല. എന്തുതന്നെയായാലും അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നുവെന്നതാണ് ഗള്‍ഫ് മലയാളികളുടെ പ്രാര്‍ഥന.
ഇതിനിടയില്‍ വിമാനത്താവളത്തിന്റെ വികസനത്തിന് സ്ഥലം ആവശ്യമായി വന്നിട്ടുണ്ട്. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാല്‍ ആളുകളെ ഒഴിപ്പിക്കുക എളുപ്പമല്ല. സംസ്ഥാന ഭരണകൂടവും പ്രദേശവാസികളും നിരവധി തവണ ചര്‍ച്ച ചെയ്തിട്ടും ഭൂമി ലഭ്യമായിട്ടില്ല. 300ഓളം ഏക്കര്‍ അടിയന്തരമായി വേണ്ടി വരുമെന്നാണ് ഭരണകൂടത്തിന്റെ നിഗമനം.
വിമാനത്താവള വികസനം അനിവാര്യമാണ്. പക്ഷേ, വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ പ്രയാസം ഊഹിക്കാന്‍ കഴിയുന്നതിനപ്പുറം, പൊന്നിന്‍ വില കൊടുത്താലും തദ്ദേശവാസികളെ ആശ്വസിപ്പിക്കാന്‍ കഴിയില്ല. വിമാനത്താവളം വരുന്നതിന് എന്തു ത്യാഗവും സഹിച്ച കണ്ണൂര്‍ മൂര്‍ഖന്‍പറമ്പില്‍ പോലും ഇപ്പോള്‍ ഇതേ പ്രശ്‌നമുണ്ട്. എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കേണ്ട വിഷയമാണ്.
കെ എം എ

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest