Ongoing News
കോടമഞ്ഞില്‍ അലിഞ്ഞ് ഇടുക്കിയിലൂടെ...
എത്ര വിശേഷിപ്പിച്ചാലും മതിവരാത്ത വശ്യമായ പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാണ് ഇടുക്കി. പച്ചപുതച്ച കുന്നുകളും തടാകങ്ങളും ഡാമും പാര്‍ക്കുമെല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ മനം കവരുന്ന ഒന്നാന്തരം ടൂറിസം ഡെസ്റ്റിനേഷന്‍. അതിനാല്‍ തന്നെ ഇടുക്കിയിലേക്ക് ഒരു യാത്ര പണ്ടു തന്നെ മനസ്സില്‍ പ്ലാന്‍ ചെയ്തതാണ്. സമയവും സാഹചര്യവും ഒത്തുവന്നത് ഇപ്പോഴാണെന്ന് മാത്രം. സത്യന്‍ അന്തിക്കാട് ചിത്രമായ നാടോടിക്കാറ്റില്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനോട് പറഞ്ഞ പോലെ, എല്ലാത്തിനും ഒരു സമയമുണ്ടല്ലോ ദാസാ…
ഏറെ കാലമായി കാണാന്‍ കൊതിച്ച ഇടുക്കി ഡാം കാണാന്‍ കഴിയില്ലെന്നായിരുന്നു തലേ ദിവസം വരെ കരുതിയത്. വൈകീട്ട് ഒരു തവണകൂടി ഇടുക്കി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടോം തോമസ് സാറിനെ വിളിച്ചപ്പോള്‍ നാളെ ടിക്കറ്റ് കൊടുക്കുന്നുണ്ടെന്നും വരണമെന്നും പറഞ്ഞു… പിന്നെ ഒന്നും നോക്കിയില്ല ഞങ്ങള്‍ എട്ട് പേര്‍ രാവിലെ ഏഴ് മണിയോടെ തന്നെ ഇടുക്കിയിലേക്ക് വെച്ചുപിടിച്ചു.
കൃത്യമായ പ്ലാനിംഗില്‍ തന്നെയായിരുന്നു യാത്ര തുടങ്ങിയത്. നല്ല തണുപ്പായത് കൊണ്ടു തന്നെ ഇടവേളകളില്‍ കട്ടന്‍ ചായയും ചെറുകടിയും കഴിച്ച് യാത്ര തുടര്‍ന്നു. കളിച്ചും, ചിരിച്ചും സൊറ പറഞ്ഞും ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡാമിനരികിലെത്തി. പിന്നെ ഉച്ച ഭക്ഷണം കഴിച്ച് ടിക്കറ്റെടുത്ത് ഡാമിലേക്ക് കയറി. ചെറിയ മഴയുണ്ടായത് കൊണ്ടു തന്നെ എല്ലാവരും കോട്ടുമിട്ട് ഇറങ്ങി. ഒന്നര മണിക്കൂറിലേറെ അവിടെ ചിലവഴിച്ചു. പക്ഷേ ഒറ്റ കാര്യത്തിലേ വിഷമം തോന്നിയുള്ളൂ. ക്യാമറക്ക് ഡാമിനകത്തേക്ക് നോ എന്‍ട്രി! അതോടെ ഡാമിനകത്തെ സുന്ദരക്കാഴ്ചകള്‍ കണ്ണുകളില്‍ മാത്രം പകര്‍ത്തേണ്ടിവന്നു.
ദൂരെ നിന്ന് നോക്കുമ്പോള്‍ ഒരു വില്ല് പോലെ വളഞ്ഞ് ഒരു നൂല്‍പാലം പോലെ തോന്നിക്കുന്ന ഡാം. ഒരു ഭാഗത്ത് അഗാധ ഗര്‍ത്തം. മറുഭാഗത്ത് മലനിരകള്‍ക്കിടയില്‍ നോക്കെത്താദൂരത്ത് ഓളങ്ങളില്ലാതെ കെട്ടിനില്‍ക്കുന്ന ജലാശയം. ഇരു കരകളിലായി കുറവന്‍ മലയും കുറത്തി മലയും. ഗംഭീരമെന്ന് ഒറ്റവാക്കില്‍ പറയാം. സ്വദേശികളും വിദേശികളുമായി ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കിയിലേത്. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്.
ഡാമിന്റെ സൗന്ദര്യം ആസ്വദിച്ച് രണ്ട് മണിക്കൂര്‍ കടന്നുപോയത് അറിഞ്ഞില്ല. സമയം നാലു മണി. ഇടുക്കി ഡാമില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഹില്‍ വ്യൂ പാര്‍ക്കാണ് അടുത്ത ലക്ഷ്യം. അവിടെ എത്തുമ്പോള്‍ സമയം ആറു മണി. മനോഹരമായി സജ്ജീകരിച്ച ഈ ഉദ്യാനം എട്ട് ഏക്കറുകളിലായി പരുന്നുകിടക്കുകയാണ്. അതിന് നടുവിലായി പ്രകൃതിതത്തമായി നിര്‍മിച്ച തടാകം മനോഹാരിത ഇരട്ടിയാക്കുന്നു. മാനുകളും കാട്ട്‌പോത്തുകളും ആനകളും അവയുടെ സ്വാഭാവിക താവളങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നത് കൗതുക കരമായ കാഴ്ചയാണ്. ഔഷധ സസ്യങ്ങളുടെ ഒരു തോട്ടവും കുട്ടികളുടെ ആനന്ദവേള ഉല്ലാസപ്രദമാക്കുന്ന കളിസ്ഥലങ്ങളും ഇവിടെയുണ്ട്. ഇടുക്കി ആര്‍ച്ഡാമിനും ചെറുതോണി ഡാമിനും അടുത്തായിട്ടാണ് ഹില്‍ വ്യൂ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡാമിലെ ജലനിരപ്പിന്റെ 350 അടി ഉയരത്തിലാണ് പാര്‍ക്ക്. ഹില്‍ വ്യൂ പാര്‍ക്ക് സന്ദര്‍ശിക്കാതെ ഇടുക്കി സന്ദര്‍ശനം പൂര്‍ണമാവില്ല. നല്ല ക്യാമറ കൊണ്ടുപോവാനും മറക്കരുത്. മൊബൈല്‍ ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാവുന്നതിനേക്കാള്‍ മനോഹരമാണ് അവിടത്തെ കാഴ്ചകള്‍ ഓരോന്നും.
നല്ല കുളിര്‍മയുള്ള കാറ്റും, ചെറിയ ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. എല്ലാവരുടെ അടുത്തും കോട്ടുണ്ടായതിനാല്‍ അതിന്റെ വിഷമവും ഇല്ല. ഏഴരയോടെ അവിടെ നിന്നും തിരിച്ചു. പിന്നെ നേരെ താമസ സ്ഥലമായ ഇടുക്കി പിഡബ്യൂഡി റെസ്റ്റ് ഹൗസിലേക്ക്. ഇവിടെ രണ്ട് റൂമുകളിലായാണ് ഞങ്ങളുടെ താമസം. രാത്രി ഒമ്പത് മണിയോടെ കെഎസ്ഇബി കാന്റീനില്‍ നിന്നും നല്ല ഡാം മീനും ചപ്പാത്തിയും കഴിച്ചു. പിന്നെ അല്‍പനേരം സൊറ പറച്ചില്‍. ഒടുവില്‍ എല്ലാം മറന്ന് ഇടുക്കിയുടെ ശീതളിമയില്‍ സുഖനിദ്ര.
രാവിലെ ഏഴ് മണിക്ക് തന്നെ എണീറ്റു. രാമക്കല്‍മേട്, വാഗമണ്‍, പൈന്‍വാലി, മൊട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങളാണ് ഇന്നത്തെ യാത്രാ പട്ടികയില്‍ ഉള്ളത്. ആദ്യം രാമക്കല്‍മേടിലേക്ക് ആകാമെന്ന് തീരുമാനിച്ചു. ഒരിക്കല്‍ എത്തിച്ചേര്‍ന്നാല്‍ തിരിച്ചുപോരാന്‍ തോന്നാത്ത അത്രക്കും മനോഹരമായിരുന്നു രാമക്കല്‍ മേടിലെ കാഴ്ചകള്‍. മലയുടെ ഏറ്റവും മുകളില്‍ കയറി. അതിസാഹസികനായ െ്രെഡവര്‍ കൂടെയുണ്ടായത് കൊണ്ടു മലകയറ്റം വേഗത്തിലായി. മലമുകളില്‍ നിന്നും ഇടുക്കിയിലെ മിക്ക പ്രദേശങ്ങളും കാണാം. അതിശക്തമായ കാറ്റുണ്ടെങ്കിലും തിരികെ വരാന്‍ അല്‍പം മടി തോന്നിപ്പോകും. സ്വയം കണ്ട് തന്നെ അനുഭവിക്കണം. ഒന്നര മണിക്കൂറോളം അവിടെ ചിലവഴിച്ചു. തുടര്‍ന്ന് പ്രഭാത ഭക്ഷണത്തിനായി ഹോട്ടലിലേക്ക്.
വാഗണ്ണ്; കേരളത്തിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ്
വാഗമണ്ണിലേക്ക് എത്തുമ്പോള്‍ സമയം നാല് മണി. ടൂറിസം മാപ്പില്‍ ഇടംനേടിയ വാഗമണ്‍ മൊട്ടക്കുന്ന് വിനോദ സഞ്ചാരികളുടെ ഇഷ്ട പ്രദേശമാണ്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള 100 കണക്കിന് വിനോദസഞ്ചാരികള്‍ മിക്ക ആഘോഷ ദിവസങ്ങളിലും വാഗമണ്ണിലെത്താറുണ്ട്. മിക്ക ടൂറിസ്റ്റുകളും വാഗമണ്ണില്‍ ഒരു ദിവസം തങ്ങിയതിനു ശേഷമാണ് തിരികെ പോകുന്നത്. കേരളത്തിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന വാഗമണ്‍ മഴക്കാലത്തെ വരവേറ്റ് കോട പുതച്ചുകഴിഞ്ഞു. എത്ര മികച്ച എസിക്കും നല്‍കാന്‍ കഴിയാത്ത വിധത്തില്‍ അന്തരീക്ഷത്തെ തണുപ്പിച്ച ഈ പുതപ്പിന്റെ കീഴിലാണ് ഇപ്പോള്‍ പുല്‍ത്തകിടികളും കുഞ്ഞു വെള്ളച്ചാട്ടങ്ങളും. നാഷണല്‍
ജ്യോഗ്രഫിക്‌സ് ട്രാവലില്‍ ഉള്‍പെടുത്തിയ പത്തു വിനോദ കേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണിലേക്കു വിനോദസഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. കോട്ടയം, ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന വാഗമണ്‍ സമുദ്രനിരപ്പില്‍ നിന്നും 1100 അടി മുകളിലാണു സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ കൊടും ചൂടത്തും താപനില 20 ഡിഗ്രയില്‍ കൂടുതല്‍ ഉയരാറില്ല. മൊട്ടക്കുന്നുകളും, പൈന്‍മരക്കാടും തേയിലത്തോട്ടങ്ങളുമാണു വാഗമണ്ണിന്റെ ആകര്‍ഷണം. സഞ്ചാരികളുടെ മനസിനെ കുളിരണിയിക്കുന്ന കുളിര്‍മയുള്ള ഒരനുഭൂതി പകരാന്‍ കഴിയുന്നതാണ് വാഗമണിന്റെ പ്രത്യേകത. എണ്ണൂറ് മീറ്റര്‍ ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന 150 വ്യത്യസ്ത ഇനം പൈന്‍മരങ്ങള്‍ വാഗമണ്ണിലുണ്ട്.
പൈന്‍ മരക്കാട്ടിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് നല്ലൊരു അനുഭൂതിയാണ് പകര്‍ന്നു നല്‍കുന്നത്. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൂയിസൈഡ് പോയിന്റിലെത്താം. വാഗമണ്ണിനെ ചുറ്റിപ്പറ്റി അനവധി വിനോദസഞ്ചാര തീര്‍ത്ഥാടന കേന്ദ്രങ്ങളുമാണു വളര്‍ന്നുകൊണ്ടിരിക്കുന്നത്. റോസ്ഗാര്‍ഡന്‍, കുരിശുമല, കുരിശുമല ആശ്രമം, തങ്ങള്‍ മല, മുരുകന്‍ മല തുടങ്ങിയവ അതില്‍ ചിലത് മാത്രം. വിനോദസഞ്ചാരികള്‍ക്കായി വാഗമണ്‍ ടൂര്‍സ് & ട്രാവല്‍സ് ട്രക്കിംഗ്, സാഹസികമായ ജീപ്പ് യാത്ര, ബോട്ടുയാത്ര, സൈക്കിള്‍ സവാരി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട.
വാഗമണ്ണിലെ മലനിരകളും മൊട്ടക്കുന്നുകളും പൈന്‍മരത്തോട്ടങ്ങളും പൈന്‍വാലി വെള്ളച്ചാട്ടവും കുരിശുമല ആശ്രമവും സൂയിസൈഡ്‌പോയിന്റും ആണ് സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. ചെറിയ മഴയുണ്ടെങ്കിലും പലരും നിര്‍ബന്ധം പിടിച്ചപ്പോള്‍ കാഴ്ച കാണാന്‍ എല്ലാവരും പുറത്തിറങ്ങി. ഏറ്റവും വേഗത്തില്‍ ഇടിമിന്നലേല്‍ക്കുന്ന അപകട മേഖലയാണ് ഈ പ്രദേശം. മുമ്പും പല അപകടങ്ങളും ഉണ്ടായത്‌കൊണ്ട് ഇപ്പോള്‍ നല്ല സുരക്ഷയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാന്‍ നല്ല ഭംഗിയുള്ള സ്ഥലം തന്നെയാണ്. പക്ഷേ ശക്തമായ മഴകാരണം പെട്ടെന്ന് തന്നെ തിരികെ പോന്നു. സിനിമകളുടെ ഇഷ്ടപ്പെട്ട ലെക്കോഷന്‍ കൂടിയാണു വാഗമണ്‍. അടുത്ത കാലത്ത് ഇറങ്ങിയ ഇയ്യോബിന്റെ പുസ്തകം, ഓര്‍ഡിനറി, ദൈവദൂതന്‍ തുടങ്ങിയ മലയാള സിനിമകളുടെയെല്ലാം ലൊക്കേഷന്‍ ഇവിടമാണ്. അര മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം നേരെ പൈന്‍ വാലിയിലേക്ക് തിരിച്ചു. എന്തിനേറെ പറയുന്നു മനോഹരം തന്നെ. ന്യൂ ജനറേഷന്‍ സ്‌റ്റൈലില്‍ പറഞ്ഞാല്‍ കിടിലന്‍. ഇവിടത്തെ ഫോട്ടോകള്‍ക്ക് ഒന്നുകൂടെ ആകര്‍ഷണത കൂടുമെന്ന് യാത്രക്കാരില്‍ പലരും പറഞ്ഞു. എല്ലാവരും ഫോട്ടോയെടുക്കുന്ന തിരക്കില്‍.
വാക്കുകളിലെ വര്‍ണനകളില്‍ ഒതുങ്ങുന്നതല്ല ഇടുക്കിയിലെ കാഴ്ചകള്‍. ഒന്നൂടെ പോകണം. കുറേയേറെ കാഴ്ചകള്‍ കാണാന്‍ ഇനിയും ബാക്കിയുണ്ട്.