National
ബീഫ് നിരോധത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ദിഗ് വിജയ് സിങ്
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരുകളുടെ ബീഫ് നിരോധം രാജ്യത്ത് പ്രതിഷേധമുയര്‍ത്തുമ്പോള്‍ വിവാദ നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. രാജ്യവ്യാപകമായി ഗോവധ നിരോധം കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണെങ്കില്‍ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്ന് സിങ് വ്യക്തമാക്കി. ബിജെപി രൂപീകരിക്കും മുമ്പ് ഗോവധ നിരോധം നടപ്പിലാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ തുറന്ന ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തും. താന്‍ ഒരു ഹിന്ദുവാണ്. എന്നാല്‍ ബീഫ് കഴിക്കാറില്ല. തന്റെ ആശയം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കില്ല. 24 സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് നിരോധം കൊണ്ടുവന്നത്. മുഗള്‍ കാലഘട്ടം മുതലേ ഗോവധ നിരോധം ഉണ്ടായിരുന്നു. ഉത്തര്‍ പ്രദേശില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് അഹ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.