Connect with us

Articles

ജുമുഅഃ ഒരു പീഡനമാകരുത്

Published

|

Last Updated

“തറപ്രസംഗ”മില്ലാത്ത പള്ളി അന്വേഷിക്കവെ എത്തിപ്പെട്ടത് “പന്തം പേടിച്ച് പന്തളത്തു ചെന്നപ്പോള്‍” ചൊല്ലിനെ അനുസ്മരിക്കുന്ന ഒരു പള്ളിയില്‍. പ്രസംഗം പഠിക്കയാണെന്നു തോന്നുന്നു പ്രായമായ ഖത്വീബ്. അതോ, “തറപ്രസംഗം” വാജിബാണെന്ന നിലയിലുള്ള വാചകക്കസര്‍ത്തോ? ബലിപെരുന്നാളും ഉള്ഹിയ്യത്തുമായിരുന്നു വിഷയം. അമ്പമ്പോ! അതൊരു ഇലാസ്റ്റിക് വഅഌ തന്നെ. “വിഗ്രഹാരാധകന്റെ മകനായ ഇബ്‌റാഹിം നബി” എന്നുതുടങ്ങി ബിദ്അത്തുകാരെ പ്രീതിപ്പെടുത്തുന്ന ആ പ്രസംഗത്തില്‍ ഒമ്പത് “സഫാഹതു”കളുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ ഇതു പതിവാണെന്നറിഞ്ഞു. എന്തെങ്കിലും വിഡ്ഢിത്തം പറയാത്ത ഒരു വെള്ളിയാഴ്ചയും ഉണ്ടാവാറില്ലത്രേ.
ജുമുഅ ഒരു പീഡനമാകുന്ന ഇത്തരം പള്ളികളില്‍ “തറപ്രസംഗം” നിര്‍ബന്ധമാണെന്നാണ് വിശ്വാസം. വിഷയ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്ന ഖത്വീബുമാര്‍ പലപ്പോഴും ശ്രോതാക്കളെ വിഷമിപ്പിക്കുന്നു. വായനയില്ലാത്തതിന്റെ “ഗുണം” അവരുടെ പ്രസംഗങ്ങളെ അരോചകമാക്കുന്നു. ഇതൊക്കെ വിഴുങ്ങാന്‍ വിധിക്കപ്പെട്ട പാവം “ജന”ത്തെക്കുറിച്ച് ആരു ചിന്തിക്കാന്‍?
പ്രസംഗം ഒരു കലയാണ്. അത് നന്നാകണമെങ്കില്‍ “ബിരുദം” മാത്രം പോരാ; ഏറ്റവും ചുരുങ്ങിയത് സദസ്സിനെ മനസ്സിലാക്കാനുള്ള കഴിവു വേണം. പ്രസംഗിക്കുന്ന വിഷയത്തില്‍ ഹോംവര്‍ക്ക് ചെയ്യണം. നല്ല ഭാഷ ഉപയോഗിക്കണം. അതിന് ആദ്യം നല്ല ഭാഷ പഠിക്കണം. ഹൃദ്യമായ ശൈലിയില്‍ അവതരിപ്പിക്കണം. ഓരോ പ്രസംഗത്തിനും വ്യത്യസ്ത വിഷയങ്ങള്‍ കണ്ടെത്തണം. പ്രസംഗം നടത്തേണ്ടത് ഉചിതമായ സമയത്തായിരിക്കണം. ശംസുല്‍ ഉലമയെപ്പോലുള്ള മഹാപണ്ഡിതരുടെ ഫത്‌വ കാറ്റില്‍ പറത്തിയാണ് പലരും ഷൈന്‍ ചെയ്യുന്നത്. എണീറ്റു പോകുകയില്ലല്ലോ ആരും, ജുമുഅ ശേഷം വരാനുള്ളതുകൊണ്ട്.
പരിസരത്തുള്ള കച്ചവടക്കാരില്‍ ഭൂരിഭാഗവും പ്രസംഗത്തിന്റെ സമയം കഴിഞ്ഞാണ് ജുമുഅക്കെത്തുന്നത്. “തറപ്രസംഗം” വെറുപ്പിക്കലായതിനാല്‍ വിലപ്പെട്ട സമയം അങ്ങാടിയില്‍ തന്നെ വിനിയോഗിക്കാന്‍ വിധിക്കപ്പെട്ടവര്‍.
“ജുമുഅ” ആസ്വാദ്യകരമാക്കാന്‍ ഖത്വീബുമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഖുത്വുബയും ഹൃസ്വമായിരിക്കണം എന്നാണല്ലോ! ഒരര്‍ഥത്തില്‍ നിസ്‌കാരത്തേക്കാള്‍ ലളിതം. അതാണ് ആകര്‍ഷകം. മഅ്മൂമീങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നു കണ്ടാല്‍ ഖുത്വുബയും നിസ്‌കാരവും വലിച്ചുനീട്ടരുത്.
മഅ്മൂമുകളുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഇമാമുമാര്‍ ബാധ്യസ്ഥരാണ്. പ്രത്യേകിച്ചും നഗരത്തിലെ പള്ളികളില്‍. ഡോക്ടറെക്കാണാനും യാത്രക്കിടയിര്‍ തീവണ്ടി പിടിക്കാനുമൊക്കെ വന്നവര്‍ അക്കൂട്ടത്തിലുണ്ടാകും. പല പല അത്യാവശ്യങ്ങള്‍ക്കു വന്ന പാവം ജനങ്ങളെ ഇങ്ങനെ നിര്‍ത്തിപ്പൊരിക്കരുത്.
നിങ്ങള്‍ നല്ലൊരു പ്രസംഗകനാണെങ്കില്‍, ജുമുഅ നിസ്‌കാരാനന്തരം സധൈര്യം ജനങ്ങളെ അഭിമുഖീകരിക്കുക. ആളുകള്‍ക്ക് എത്ര സമയവും ഇരിക്കാം. പ്രസംഗം ആകര്‍ഷകമെങ്കില്‍ ആരും മുഷിയില്ല. അടുത്തയാഴ്ച കൂടുതല്‍ ശ്രോതാക്കളുണ്ടാകുകയും ചെയ്യും. അതിനുള്ള ആത്മവിശ്വാസമാണ് ആദ്യം വേണ്ടത്.
വെള്ളിയാഴ്ച, ഇമാം മിമ്പറില്‍ കയറുന്നതുവരെയുള്ള സമയം വിലപ്പെട്ടതാണ്. പള്ളിയില്‍ ഇബാദത്തുമായിക്കഴിയുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുന്ന സമയം. അതു മടുപ്പിക്കുന്ന പ്രസംഗം കൊണ്ട് മുഷിപ്പിക്കരുത്. ഖുത്വുബയും അതെ, നീട്ടിവലിച്ച് ജനങ്ങളെ വലക്കേണ്ടതില്ല. ആവശ്യമായത്, നല്ല ഈണത്തില്‍ ഓതിയാല്‍ ഖുത്വുബക്ക് ആകര്‍ഷകത്വമുണ്ടാകുന്നു.
ജുമുഅയുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാമെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ജുമുഅയുടെ മുമ്പൊരു പ്രസംഗം അവരാരും ഉദ്ധരിച്ചതായി അറിവില്ല. “”ഖുത്വുബക്കു മുമ്പായി ഹാജറുള്ളവര്‍ ദിക്ര്‍, ഖുര്‍ആന്‍ പാരായണം, സ്വലാത്ത് എന്നിവയില്‍ നിരതരാവണം. വെള്ളിയാഴ്ച രാവിലും പകലിലും നബി(സ)യുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുക, സൂറത്തുല്‍ കഹ്ഫ് ഓതുക തുടങ്ങിയവ സുന്നത്തായ കാര്യങ്ങളാകുന്നു…”” (ശറഹുല്‍ കബീര്‍: 4/263). ഈ സമയത്ത് പ്രസംഗത്തിലേര്‍പ്പെട്ടാല്‍ ഇത്തരം ഇബാദത്തുകള്‍ക്ക് തടസ്സമാകുമെന്ന് ആര്‍ക്കാണറിയാത്തത്?
വെള്ളിയാഴ്ച ദിവസം നബി(സ)യുടെ മിമ്പറിന്നരികില്‍ വെച്ച് ശബ്ദിച്ചവരോട് നിങ്ങള്‍ ഇവിടെവെച്ച് ശബ്ദിക്കരുതെന്നും ജുമുഅക്കു ശേഷം ഈ വിഷയത്തില്‍ ഞാന്‍ തീര്‍പ്പ് കല്‍പിക്കുമെന്നും ഉമര്‍(റ) പറഞ്ഞതായി നുഅ്മാനുബ്‌നു ബശീറി(റ)ല്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) ഇപ്രകാരം പറയുന്നു: “”വെള്ളിയാഴ്ച ദിവസമാണെങ്കിലും അല്ലെങ്കിലും പള്ളിയില്‍ ശബ്ദമുയര്‍ത്തുന്നത് കറാഹത്താണെന്നും നിസ്‌കാരത്തിനു വേണ്ടി ജനങ്ങള്‍ മേളിച്ച സമയത്ത് ഇല്‍മ് കൊണ്ടോ മറ്റോ ശബ്ദമുയര്‍ത്തിക്കൂടെന്നും ഈ ഹദീസില്‍ രേഖയുണ്ട്. നിസ്‌കരിക്കുന്നവര്‍ക്കും ദിക്ര്‍-സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നവര്‍ക്കും അതു ശല്യമാകുമെന്നതുതന്നെ കാരണം”” (ശറഹു മുസ്‌ലിം: 13/25).
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന്: നിശ്ചയം നബി(സ) വെള്ളിയാഴ്ച ദിവസം നിസ്‌കാരത്തിനു മുമ്പ് ഹല്‍ഖ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇമാം റാസി(റ) എഴുതുന്നു: “”വെള്ളിയാഴ്ച നിസ്‌കാരത്തിനു മുമ്പ് വിജ്ഞാന ചര്‍ച്ചക്കു വേണ്ടി സദസ് സംഘടിപ്പിക്കുന്നതും വട്ടമിട്ട് ഇരിക്കുന്നതും കറാഹത്താണെന്ന് ഹദീസ് അറിയിക്കുന്നുണ്ട്. ദിക്ര്‍, സ്വലാത്ത് എന്നിവയില്‍ വ്യാപൃതനാകുകയും പിന്നീട് ഖുത്വുബ ശ്രവിക്കുകയുമാണ് വേണ്ടത്. നിസ്‌കാരാനന്തരം സദസ് സംഘടിപ്പിക്കലും വട്ടമിട്ടിരിക്കലും ആകാം”” (റാസി: 4/15).
ഖത്വാബി(റ)വിന്റെ വാക്കുകള്‍: “”വിജ്ഞാനത്തിനും ചര്‍ച്ചക്കും നിസ്‌കാരത്തിനു മുമ്പ് വേദി സംഘടിപ്പിക്കുന്നത് കറാഹത്താണ്. ഈ സമയം സ്വലാത്ത് വര്‍ധിപ്പിക്കുക. നിസ്‌കാരശേഷം സംഘടിക്കലും വട്ടമിട്ടിരിക്കലും അനുവദനീയം”” (ഇമാം സുയൂത്വിയുടെ ശറഹുല്ലുംഅഃ പേജ്: 52).
“”നിസ്‌കാരത്തിനു മുമ്പ് വിജ്ഞാന സദസ്സ് സംഘടിപ്പിക്കുന്നത് കറാഹത്താകുന്നു. സ്വലാത്ത് കൊണ്ട് ജോലിയാവുക, ഖുത്വുബ ശ്രവിക്കുക-ഇതാണ് ചെയ്യേണ്ടത്”” (ഇമാം സര്‍കശി(റ)വിന്റെ ഇഅ്‌ലാമുസ്സാജിദ് ബി അഫ്കാറില്‍ മസാജിദ്, പേജ്: 328).
ഏതായാലും ഇന്നു പല പള്ളികളിലും നിര്‍ബന്ധ ചടങ്ങു പോലെ നടന്നുവരുന്ന തറ പ്രസംഗം ഇമാമുകള്‍ അംഗീകരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ അല്ല. ഉദ്‌ബോധനത്തിനു ജുമുഅക്കു ശേഷവും മറ്റു സമയങ്ങളും തെരഞ്ഞെടുക്കുക. ഖുത്വുബ ഒരു ദിക്‌റാണെന്നു പണ്ഡിതന്മാര്‍. അതിന്റെ പവിത്രതയും കാത്തുസൂക്ഷിക്കുക. മതത്തിലില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ പാവം ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക.

Latest