Connect with us

Articles

'അവര്‍ക്ക് ഫലസ്തീനികളുടെ രക്തത്തിന് ഒരു വിലയുമില്ല'

Published

|

Last Updated

ഇസ്‌റാഈല്‍ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. വ്യാപകമായ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങളും ഗാസയിലും വെസ്റ്റ്‌ബേങ്കിലും കിഴക്കന്‍ ജറൂസലമിലും അരങ്ങേറുന്നു. ഈ മാസം ഒന്നുമുതല്‍ ഇതുവരെ 20 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റു. ഈ പശ്ചാത്തലത്തില്‍, റാമല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഹഖ് മനുഷ്യാവകാശ സംഘടനയുടെ മേധാവി തഹ്‌സീന്‍ അലിയ്യാനുമായി അല്‍ജസീറ നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

?: ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച്
അലിയ്യാന്‍: സെപ്തംബര്‍ 28നും ഒക്‌ടോബര്‍ നാലിനും ഇടയില്‍ ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ വെസ്റ്റ്‌ബേങ്കില്‍ 29 തവണ ഫല്‌സീനികളെ ആക്രമിക്കുകയും അവരുടെ സമ്പാദ്യം നശിപ്പിക്കുകയും ചെയ്തു. ഫലസ്തീനികള്‍ക്ക് നേരെ വെടിയുതിര്‍ക്കുക, മര്‍ദിക്കുക, കാറുകള്‍ക്ക് നേരെ കല്ലെറിയുക, വീട് നശിപ്പിക്കുക, അവരുടെ സഞ്ചാരം തടസ്സപ്പെടുത്തുക, ഒലീവ് മരങ്ങള്‍ കത്തിക്കുക തുടങ്ങി നിരവധി അതിക്രമങ്ങള്‍. കുടിയേറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാത്ത ഇസ്‌റാഈല്‍ നിലപാടാണ് ഇതിന് കാരണം.

?: ആക്രമണങ്ങള്‍ വര്‍ധിക്കുകയാണോ
അക്രമണങ്ങള്‍ വര്‍ധിക്കുക തന്നെയാണ്. ഇസ്‌റാഈലുകാരെ സംബന്ധിച്ചിടത്തോളം ഫലസ്തീനികളുടെ രക്തത്തിന് ഒരു വിലയുമില്ല. കുടിയേറ്റക്കാര്‍ക്ക് എളുപ്പത്തില്‍ ആക്രമിക്കാന്‍ അവസരമുള്ള നിരവധി ഫലസ്തീനികളുടെ വീടുകളുണ്ട് ഇവിടെ. ഹെബ്‌റോണിലെ പഴയ നഗരം ഇതിലൊന്നാണ്.

?: ഇസ്‌റാഈലിന്റെ അറബ്‌വിരുദ്ധത പുതിയ ഒന്നല്ല
വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇസ്‌റാഈല്‍ അധിനിവേശത്തിനിടെ ഫലസ്തീനികള്‍ മനസ്സിലാക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഗൂഢാലോചന നടത്തുന്നതും ജൂതന്‍മാരാണെങ്കില്‍ ഇസ്‌റാഈല്‍ കോടതിക്ക് ഒരു നിലപാടാണ്. എന്നാല്‍ ഫലസ്തീനികളാണെങ്കില്‍ മറ്റൊരു നിലപാടും അവര്‍ സ്വീകരിക്കുന്നു. എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. ചുരുക്കത്തില്‍ ഇസ്‌റാഈല്‍ അധികൃതര്‍ക്ക് ഫലസ്തീനികളുടെ രക്തം വളരെ വില കുറഞ്ഞ ഒന്നാണ്. അതിക്രമം ചെയ്തത് ഫലസ്തീനികളാണെങ്കില്‍ നടപടികളും അന്വേഷണവും ത്വരിതമായിരിക്കും. പക്ഷേ ജൂതരാണെങ്കില്‍ അത് കാണിക്കില്ല. ഫലസ്തീനികളെ ആക്രമിക്കുന്ന ജൂതര്‍ക്ക് സംരക്ഷണം നല്‍കുന്നത് ഇസ്‌റാഈല്‍ സൈന്യമാണ്. നാലാമത് ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ഫലസ്തീനിലെ ജനതക്ക് സംരക്ഷണം നല്‍കേണ്ടത് ഇസ്‌റാഈലിന്റെ ബാധ്യതയാണ്. പക്ഷേ സംരക്ഷണം നല്‍കുന്നത് ജൂതര്‍ക്ക് മാത്രവും.

?: ജൂത കുടിയേറ്റക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഇസ്‌റാഈല്‍ അധികൃതരാണോ ഉത്തരവാദികള്‍
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമമനുസരിച്ച്, അധിനിവേശം നടത്തുന്നവര്‍ അവരുടെ ജനതയെ അധിനിവേശം നടത്തപ്പെട്ട പ്രദേശത്ത് കടത്തിവിടരുതെന്ന് നിര്‍ദേശിക്കുന്നു. റോം സ്റ്റാറ്റിയൂ പ്രകാരം ഇത് യുദ്ധക്കുറ്റമാണ്. എത്രയോ സംഭവങ്ങളില്‍ ഫലസ്തീനികളെ അക്രമിക്കുന്ന ജൂതര്‍ക്ക് ഇസ്‌റാഈല്‍ സംരക്ഷണം നല്‍കുന്നു. അതിക്രമം നടത്തുന്ന ജൂതരെ ഫല്‌സതീനികള്‍ പ്രതിരോധിച്ചാല്‍ അവര്‍ ക്രൂരമായ മര്‍ദനത്തിനിരയാകും. അല്ലെങ്കില്‍ സൈന്യം അവരെ അറസ്റ്റ് ചെയ്യും. ഭൂരിഭാഗം ജൂതരെയും നിയമത്തിന് മുമ്പില്‍ എത്തിക്കില്ല. ഇത് ഫലസ്തീനികളെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. അധിനിവേശം നടത്തപ്പെട്ട പ്രദേശങ്ങളിലേക്ക് ജൂതരെ പറഞ്ഞയക്കുന്നതിനാണ് ഇസ്‌റാഈല്‍ അധികൃതര്‍ പ്രചോദനം നല്‍കുന്നത്.

?: കാര്യങ്ങള്‍ എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്? മൂന്നാം ഇന്‍തിഫാദയിലേക്കുള്ള വഴിയിലാണോ ഫലസ്തീനികള്‍
ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പുതിയൊരു പ്രതിഷേധം രൂപപ്പെട്ടുവരുന്നുണ്ട്. നേരത്തെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അതൊരു ഇന്‍തിഫാദയിലേക്കെത്തിയിരുന്നില്ല. സാഹചര്യം നോക്കുകയാണെങ്കില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് സാധ്യതയേറെയാണ്. സമാധാന ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുന്നു. ഇസ്‌റാഈല്‍ അധിനിവേശകരുടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കുറച്ചു മാസങ്ങളായി മസ്ജിദുല്‍ അഖ്‌സ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നു. സൈന്യത്തിലെ കുറ്റവാളികളെ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ എത്തിക്കുന്നതില്‍ പരാജയം തന്നെയാണ്. അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥകളിലുള്ള ഫലസ്തീനികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ മൂന്നാം ഇന്‍തിഫാദയിലേക്ക് നയിച്ചേക്കാന്‍ സാധ്യതയുണ്ട്.

---- facebook comment plugin here -----

Latest