Connect with us

National

പ്രവാസി ഭാരതീയ ദിവസ്: സാധാരണക്കാര്‍ പുറത്താകും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാധാരണ പ്രവാസികള്‍ക്ക് തിരിച്ചടിയാകും. നിശ്ചിത തുകയടച്ച് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കും പങ്കെടുക്കാവുന്ന രീതി മാറ്റി ക്ഷണിക്കപ്പെട്ട വിദഗ്ധരെ മാത്രം പങ്കെടുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എല്ലാവര്‍ഷവും ജനുവരിയിലാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്.
2016 ജനുവരി എട്ട് മുതല്‍ പത്ത് വരെ ന്യൂഡല്‍ഹി ചാണക്യപുരി ജോസ് റിസാല്‍ മാര്‍ഗിലുള്ള പ്രവാസി ഭാരതീയ കേന്ദ്രത്തിലാണ് അടുത്ത സമ്മേളനം. വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം ലഭിക്കുന്നവര്‍ മാത്രമാകും ഈ സമ്മേളനത്തില്‍ പങ്കെടുക്കുക. അതേസമയം, പ്രവാസി ഭാരതീയ ദിവസ് സമ്മേളന നടത്തിപ്പിന്റെ ഘടന തന്നെ മാറ്റിയിരിക്കുകയാണെന്നും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ താത്പര്യമുള്ളവരെയെല്ലാം പങ്കെടുപ്പിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കുള്ള ആദരം എന്ന നിലയിലാണ് വര്‍ഷത്തിലൊരിക്കല്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരും വിദേശ ഇന്ത്യക്കാരുമായിരുന്നു സമ്മേളനത്തിലെ പ്രതിനിധികള്‍. സ്വന്തം നാട്ടിലെ നിക്ഷേപ സാധ്യതകള്‍ മനസ്സിലാക്കാനുള്ള അവസരം നല്‍കുന്നതിനൊപ്പം പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദികൂടിയായിരുന്നു ഈ സമ്മേളനങ്ങള്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ആര്‍ക്കും പങ്കെടുക്കാന്‍ കഴിയുമായിരുന്ന ഈ സമ്മേളനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേന്ദ്ര സര്‍ക്കാറിന് താത്പര്യമുള്ളവര്‍ മാത്രമായി ഇനി പ്രതിനിധികള്‍ ചുരുങ്ങും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ണമായി എടുത്തുകളഞ്ഞതിനാല്‍ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാകും പ്രതിനിധികള്‍ക്ക് ക്ഷണം ലഭിക്കുകയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബി ജെ പിക്ക് സ്വാധീനമുള്ള പ്രവാസി കൂട്ടായ്മകള്‍ വഴിയാകും സമ്മേളന പ്രതിനിധികളെ കണ്ടെത്തുകയെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാറിന്റെ താത്പര്യം കൂടി മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും വഴി ക്ഷണക്കത്ത് നല്‍കും. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തന്നെ അട്ടിമറിക്കുന്ന നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
എന്നാല്‍, വിദഗ്ധ പഠനത്തിന് വേണ്ടിയാണ് സമ്മേളനത്തിന്റെ ഘടന മാറ്റുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. അടുത്ത പ്രവാസി ഭാരതീയ ദിവസില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന പ്ലീനറി സെഷനുണ്ട്. അതിന് ശേഷം ലോകമെമ്പാടുമുള്ള എട്ട് പ്രവാസികാര്യ വിദഗ്ധരും മൂന്ന് ഇന്ത്യന്‍ വിദഗ്ധരും ഉള്‍പ്പെട്ട പതിനാല് പ്രവര്‍ത്തക സമിതികള്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സെഷനിലെയും സമിതി ചെയര്‍മാന്‍മാര്‍ അടുത്ത ദിവസം റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. അതിനു ശേഷമാകും സമാപന സമ്മേളനം. മികച്ച സംഭാവനകള്‍ നല്‍കിയ വിദേശ ഇന്ത്യക്കാരെ ആദരിക്കുന്നതിനായി നല്‍കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ സമ്മേളനത്തില്‍ നല്‍കുമോയെന്നതിലും വ്യക്തതയില്ല. ഇത് നിര്‍ത്തലാക്കാനുള്ള ആലോചന നടക്കുന്നതായി സൂചനയുണ്ട്. പ്രാദേശിക പ്രവാസി ഭാരതീയ ദിവസ് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ലോസ് ഏഞ്ചല്‍സില്‍ 2015 നവംബര്‍ 14, 15 തീയതികളില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Latest