Editorial
അക്ഷര ലോകത്തെ പ്രതിഷേധാഗ്നി
അഭിപ്രായ സ്വാതന്ത്യവും മാനുഷികവും ഭരണഘടനാപരവുമായ അവകാശങ്ങളും അപകടത്തിലാകുമ്പോള്‍ അതിനെതിരെ ശബ്ദിക്കേണ്ടത് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കടമയാണ്. സമീപ കാലത്ത് ജനാധിപത്യ തത്വങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരായ ഹിന്ദുത്വ ഫാസിസത്തിന്റെ കൈയേറ്റം വര്‍ധിച്ചിരിക്കയാണ്. മോദി സര്‍ക്കാറിന്റെ അധികാരാരോഹണാനന്തരം വിശേഷിച്ചും. പുതിയ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി സംഘ്പരിവാര്‍ വിദ്യാലയങ്ങളെ ഹിന്ദുത്വ പ്രബോധന വേദികളാക്കി മാറ്റുകയും ബ്രാഹ്മണ്യ മിത്തുകളെ ചരിത്രമായി വ്യാഖ്യനിക്കുകയും അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്ത് വര്‍ഗീയവാദികളെ അവരോധിച്ച് ഔദ്യോഗിക സാംസ്‌കാരിക വേദികളെയെല്ലാം കാവിവത്കരിച്ചു കൊണ്ടിരിക്കയുമാണ്. മാത്രമല്ല, ഇത്തരം നീക്കങ്ങളോടും ഹിന്ദുത്വാശയങ്ങളോടും വിയോജിക്കാനുള്ള എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും അവകാശം തടയപ്പെടുകയും ചെയ്യുന്നു. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നരുടെ ജീവന്‍ പോലും അപകടത്തിലാണെന്നാണ് കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇന്ത്യയുടെ ജനാധിപത്യ മതേതര പൊതുമണ്ഡലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരെ ഐ ഐ ടി മദ്രാസ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെറുത്തുനില്‍പ്പ് നടന്നുകൊണ്ടിരിക്കെ, രാജ്യത്തെ സാംസ്‌കാരിക സാഹിത്യ മണ്ഡലവും ധീരമായ നിലപാടുമായി രംഗത്ത് വന്നിരിക്കയാണിപ്പോള്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കി, പശസ്ത എഴുത്തുകാരിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരുമകളുമായ നയന്‍താര സെഹ്‌വാളും കന്നഡ സാഹിത്യകാരന്മാരുമാണ് ഇതിന് തുടക്കമിട്ടത്. മലയാള സാഹിത്യകാരന്മാരായ സച്ചിദാനന്ദന്‍, സാറാ ജോസഫ്, ആനന്ദ്, പി കെ പാറക്കടവ്, ഡോ. കെ എസ് രവികൂമാര്‍ പഞ്ചാബീ എഴുത്തുകാരായ ഗുര്‍ബച്ചന്‍ ഭുള്ളര്‍, അതാംജിത് സിംഗ്, അജ്മീര്‍ സിംഗ് ഔലഖ് തുടങ്ങി സാഹിത്യ, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖരും സാംസ്‌കാരിക ഫാസിസത്തിനെതിരിലും ഇക്കാര്യത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി നേതൃത്വം പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിലും പ്രതിഷേധിച്ചും ഒദ്യോഗിക സാഹിത്യ പദവികള്‍ വിട്ടൊഴിഞ്ഞും പുരസ്‌കാരം തിരികെ നല്‍കിയും പ്രതിഷേധത്തില്‍ ഭാഗഭാക്കായി കൊണ്ടിരിക്കയാണ്.
ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രതിഷേധത്തെ കേവലം ഗോമാംസ നിരോധവുമായി ബന്ധപ്പെടുത്തിയും രാഷ്ട്രീയ പ്രേരിതമായി വ്യാഖ്യാനിച്ചും വില കുറച്ചു കാണാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ പൊടുന്നനെ ഉയര്‍ന്ന് വന്ന ഒരു പ്രതിഭാസമല്ല ഇത്. ഹിന്ദുത്വ ഫാസിസത്തിന് അനിഷ്ടകരമായതൊന്നും എഴുതാനോ പ്രകടിപ്പിക്കാനോ പറ്റാത്ത ഒരവസ്ഥ രാജ്യത്ത് നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായി. ചിത്രകാരന്‍ എം എഫ് ഹുസൈനും സിനിമാ പ്രതിഭ ദീപാമേത്തക്കും ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളും അവര്‍ക്ക് നാടുവിടേണ്ടിവന്നതും ഇതിന്റെ ഭാഗമായിരുന്നു. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ തന്റെ കൃതികളെല്ലാം പിന്‍വലിക്കുകയും ഇനിമേലാല്‍ എഴുതുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതും അദ്ദേഹത്തിന്റെ അഞ്ചാമത്തെ നോവലായ “അര്‍ദ്ധനാരീശ്വരനെ” തിരെ സംഘപരിവാര്‍ രംഗത്ത് വന്നതിനെ തുടര്‍ന്നായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലാകെ സംഘ്പരിവാര്‍ അധീശത്വം സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസസാംസ്‌കാരിക മന്ത്രിമാരെ വിളിച്ചു ചേര്‍ത്ത് വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു ഈ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ചെയ്ത പ്രവര്‍ത്തനങ്ങളിലൊന്ന്. മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയും സാംസ്‌കാരികവകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മയും സംബന്ധിച്ച ഈ പരിപാടിക്ക് ആര്‍ എസ് എസായിരുന്നു കാര്‍മികത്വം വഹിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. ഫിലിം ഇന്‍സ്റ്റിറ്റൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെയും സെന്‍സര്‍ ബോര്‍ഡ് അംഗമാമായി ആര്‍ എസ് എസ് പോഷകസംഘടനയായ സംസ്‌കാര്‍ ഭാരതിയുടെ ജനറല്‍ സെക്രട്ടറി ചന്ദ്രകാന്ത് ഗരോട്ടിയെയും നിയമിച്ചത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഈ വിധം മതനിരപേക്ഷമായ രാജ്യത്തിന്റെ പൊതുമണ്ഡലങ്ങളെയൊന്നാകെ, കാവിവതകരിച്ചു ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുകയും അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചൊടുക്കിയും കൊന്നൊടുക്കിയും നിശ്ശബ്ദരാക്കുകയും ചെയ്യുമ്പോള്‍ പ്രതിഷേധം പ്രകടിപ്പിക്കുന്ന സാഹിത്യ, സാംസ്‌കാരിക നായകന്മാരുടെ ധീരമായ നിലപാടിനെ കേവലം രാഷ്ട്രീയ പ്രകടനമായി വ്യാഖ്യാനിക്കുന്ന, സാഹിത്യ ലോകത്തെ അപശബ്ദങ്ങളിലും സംഘ്പരിവാര്‍ സ്വാധീനമാണ് വായിച്ചെടുക്കാനാകുന്നത്. ആവിഷ്‌കാര സ്വാതന്ത്രവും വിയോജിക്കാനുള്ള അവകാശവും അപകടത്തിലാകുമ്പോള്‍ പ്രതികരിക്കേണ്ട ബാധ്യത സാഹിത്യ വേദികള്‍ക്കുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഭാരവാഹികള്‍ പ്രതികരണ ശേഷി പ്രകടിപ്പിക്കുന്നതിന് പകരം തരംതാണ വിധേയത്വത്തിന്റെ വക്താക്കളായി അധഃപതിക്കുകയായിരുന്നു. അക്ഷര ലോകത്തെ കൊടുങ്കാറ്റ് അവരെ ഉണര്‍ത്താനും തിരുത്താനും സഹായകമായെങ്കില്‍.