Ongoing News
ലോകകപ്പ് യോഗ്യത: ബ്രസീലിന് വിജയം; അര്‍ജന്റീനയ്ക്ക് സമനില
ഫോര്‍ട്ടലേസ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ലോകചാമ്പ്യന്‍മാരായ ബ്രസീലിന് ആദ്യ ജയം. വെനിസ്വേലയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. എന്നാല്‍ അര്‍ജന്റീനയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ആദ്യ മത്സരത്തില്‍ ചിലിയോട് തോറ്റതിന്റേയും സൂപ്പര്‍ താരം നെയ്മറില്ലാത്തതിന്റേയും സമ്മര്‍ദത്തിലായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയത്. എന്നാല്‍ സമീപകാലത്തെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് കാനറികള്‍ പുറത്തെടുത്തത്. വില്യന്‍ നേടിയ ഇരട്ട ഗോളാണ് ബ്രസീലിനെ തുണച്ചത്. താരങ്ങളുടെ ഫിനിഷിംഗിലെ പോരായ്മ എടുത്തുകാണിക്കുന്നത് തന്നെയാണ് വെനസ്വേലയ്‌ക്കെതിരായ മത്സരവും. കളി തുടങ്ങിയപ്പോള്‍ തന്നെ ഗോള്‍ നേടാനായത് ബ്രസീലിന് കളിയില്‍ ആധിപത്യം നല്‍കി. ഒന്നാം മിനിറ്റിലായിരുന്നു വില്യന്‍ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ 42ാം മിനിറ്റില്‍ വില്യന്റെ വക വീണ്ടുമൊരു ഗോള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ വെനസ്വേലയും തിരിച്ചടിക്കാന്‍ ശ്രമം തുടങ്ങി. ഇതിനു ഫലവും കണ്ടു 64ാം മിനിറ്റില്‍ സാന്റോസ് വെനസ്വലയ്ക്കായി ഗോള്‍ നേടി. 74ാം മിനിറ്റില്‍ ഒലിവേരയിലൂടെ ബ്രസീല്‍ മൂന്നാം ഗോള്‍ നേടിയതോടെ താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വസത്തോടെ പന്തുതട്ടാനായി. ഇന്നത്തെ മത്സരത്തോടെ വിലക്ക് പൂര്‍ത്തിയായ നെയ്മര്‍ അടുത്ത മത്സരത്തില്‍ കളത്തിലിറങ്ങിയേക്കും.
മെസ്സിയില്ലാത്ത അര്‍ജന്റീന ഇപ്പോഴും വിജയവഴിയില്‍ എത്തിയിട്ടില്ല. ഇക്വഡോറിനോട് ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീനയ്ക്ക് പരാഗ്വയോട് ഗോള്‍ രഹിത സമനില വഴങ്ങാനാണ് കഴിഞ്ഞത്. മറ്റു മത്സരങ്ങളില്‍ ചിലി പെറുവിനേയും (4_3) ഉറുഗ്വെ കൊളംബിയയേയും (3_0) ഇക്വഡോര്‍ ബൊളീവിയയേയും (2_0) തോല്‍പ്പിച്ചു.