Religion
ആ സലഫി അല്ല പോലും ഈ സലഫി!
ആഗോള സലഫി പ്രസ്ഥാനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇന്നലെ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് മുജാഹിദ് (മടവൂര്‍ വിഭാഗം)നേതാക്കള്‍ പറഞ്ഞത്. ആശയപരമായി ഐ എസും കേരളത്തിലെ വഹാബികളും തമ്മിലെന്ത് അന്തരമെന്ന് ചോദിച്ചപ്പോള്‍ പൂര്‍ണമായ മറുപടി പറയാനാകാതെ കഴിഞ്ഞ ദിവസം ഔദ്യോഗിക വിഭാഗം മുജാഹിദുകള്‍ പത്രസമ്മേളനം വേഗം അവസാനിപ്പിക്കുകയുമുണ്ടായി.
മാര്‍ക്‌സുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും “ആ മൗദൂദിസമല്ല ഈ മൗദൂദിസി”മെന്ന് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കും പറയാന്‍ നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടല്ലോ. അതില്‍ കവിഞ്ഞ ബാലിശതയൊന്നും ഈ അഭിപ്രായങ്ങള്‍ക്കില്ല. ആഗോള സലഫി പ്രസ്ഥാനവുമായി തങ്ങള്‍ക്ക് ഒരു ബന്ധമില്ലെന്ന് പറയുകയാണെങ്കില്‍ കേരളത്തില്‍ മുജാഹിദുകള്‍(വഹാബികള്‍, ഇസ്‌ലാഹികള്‍, സലഫികള്‍, മുജാഹിദുകള്‍ ഇവയെല്ലാം ഒരേ ആശയ ധാരയുടെ വ്യത്യസ്ത പേരുകളാണ്) പ്രസിദ്ധീകരിച്ച ഏറെക്കുറെ എല്ലാ പുസ്തകങ്ങളും മാറ്റി എഴുതേണ്ടിവരും. ഹുസൈന്‍ മടവൂരിന്റെ “ആദര്‍ശ വ്യതിയാനം ഒരു പുകമറ”, എം ഐ മുഹമ്മദലി സുല്ലമിയുടെ “ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും”, കെ ഉമര്‍ മൗലവിയുടെ ആത്മകഥ “ഓര്‍മയുടെ തീരത്ത്” കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എഴുതിയതെന്ന പേരില്‍ യുവത പുറത്തിറക്കിയ “കെ എം മൗലവി ജീവചരിത്രം” എന്നീ പുസ്തകങ്ങള്‍ ഒന്നു മറച്ചു നോക്കിയവര്‍ക്ക് പോലും ഈ വാദം ഒരു നുള്ള് ഉപ്പ് കൂട്ടാതെ ഇറക്കാനാകുമെന്ന് തോന്നുന്നില്ല. വിഭാഗീയ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗള്‍ഫ് സലഫികളെ സമീപിച്ച വിഷയം തുടങ്ങി ആഗോള സലഫി പ്രസ്ഥാനവുമായുള്ള മുജാഹിദുകളുടെ ബന്ധം ഹുസൈന്‍ മടവൂര്‍ അതില്‍ പരാമര്‍ശിക്കുന്നുണ്ട്. താലിബാനെ പിന്തുണക്കാന്‍ കഴിയാതെ വന്നപ്പോള്‍, “വിഗ്രഹ പൂജകരെ സഹായിക്കുന്നു” എന്ന് മറുവിഭാഗം തനിക്കെതിരെ ഗള്‍ഫ് സലഫികളോട് പരാതി പറഞ്ഞത് മടവൂര്‍ പുസ്തത്തില്‍ അയവിറക്കുന്നുണ്ട്. ഒരു ബന്ധവുമില്ലെങ്കില്‍ പരാതി ഉന്നയിക്കാന്‍ കഴിയുന്നതെങ്ങനെ? (മുല്ലാ ഉമറും ഉസാമാ ബിന്‍ലാദനുമെല്ലാം ശുദ്ധസലഫികളും ഇസ്‌ലാമിന്റെ സംരക്ഷകരുമാണെന്നാണ് അവരെ അംഗീകരിക്കുന്നവര്‍ പ്രചരിപ്പിക്കുന്നത് എന്ന് മടവൂരിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്) തൗഹീദ് സംബന്ധിച്ച് കെ ഉമര്‍ മൗലവിയുടെ പുതിയ കണ്ടെത്തലുകള്‍ ഗള്‍ഫ് സലഫികള്‍ അവരുടെ ഫത്‌വകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയുടെ ആമുഖത്തില്‍ കാണാം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പിളരാന്‍ തന്നെ കാരണം സലഫികളുടെ ആശയങ്ങള്‍ എത്രത്തോളം കടം കൊള്ളാം എന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നല്ലോ. കേരളത്തിലെ വഹാബി നേതാക്കളായ വക്കം മൗലവിയും കെ എം മൗലവിയുമെല്ലാം പുസ്‌കതങ്ങള്‍ മുജാഹിദുകളുടെ വാദത്തെ നിരാകരിക്കുന്നതാണ്. മുസ്‌ലിം സംഘടനകളെക്കുറിച്ച് പ്രാഥമിക പരിജ്ഞാനമെങ്കിലുമുള്ളരുടെ മുമ്പില്‍ “ആ സലഫിയല്ല ഈ സലഫി” എന്ന് പറയാന്‍ കഴിയില്ലെന്ന് ചുരുക്കും.
കെ ഉമര്‍ മൗലവിഇബ്നു അബ്ദുല്‍ വഹാബില്‍ നിന്നാണ്് ഐ എസ് ആശയങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആഗോള മാധ്യമങ്ങളെല്ലാം പറയുന്നത്. ഇത് ഐ എസിനെ പറ്റിയുള്ള പ്രാഥമിക കാര്യമാണ്. ഇവരില്‍ നിന്ന് തന്നെയാണ് കേരളത്തിലെ വഹാബികളും ആശയങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ക്രൂരതകളോടൊപ്പം ഐ എസ് കാര്യമായി ചെയ്തത് സൂഫികളുടെയും മഹാപണ്ഡിതന്മാരുടെയും ഖബറുകള്‍ കൊത്തിപ്പൊളിക്കുകയായിരുന്നു. മരിച്ചുപോയ മഹാന്മാരോട് കാണിക്കുന്ന ഈ സമീപനത്തില്‍ (മറ്റു നിരവധി വിഷയങ്ങളിലെന്ന പോലെ) അബൂബക്കര്‍ അല്‍ ബഗ്ദാദിയും ഇബ്‌നു അബ്ദുല്‍ വഹാബും കേരളത്തിലെ മുജാഹിദുകളും ഒരേ ആശയമാണ് പങ്ക് വെക്കുന്നത്.
സഊദിയില്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് ഭരണം ലഭിച്ചാല്‍ നബിയുടെ “റൗള” (മദീനയിലെ അന്ത്യവിശ്രമസ്ഥാനം) പോലും ഇടിച്ചുനിരപ്പാക്കുമെന്ന് വരെ ഇവിടെ മുജാഹിദുകള്‍ പ്രസംഗിച്ചിട്ടുണ്ട്. ഖബറുകള്‍ പൊളിക്കുന്ന വിഷയത്തില്‍ ജിന്ന്, മടവൂര്‍, ഔദ്യോഗികം എന്നീ വ്യത്യാസങ്ങളില്ല. ആയിരക്കണക്കിന് പേരെ, മുസ്‌ലിംകളെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ കൊന്നൊടിക്കിക്കൊണ്ടാണ് ഇബ്‌നു അബ്ദുല്‍ വഹാബ് തന്റെ ആശയം സ്ഥാപിച്ചത്. സുല്ലമിയുടെ മേല്‍പറഞ്ഞ പുസ്തകത്തില്‍ വഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാനപത്തില്‍ മൂര്‍ച്ചയേറിയെ വാളിന്റെ പ്രയോഗം സ്ഥിരീകരിക്കുന്നുണ്ട്.
പുരോഗമന മുഖംമൂടിയുടെ മറവിലാണ് വഹാബികള്‍ ഇതുവരെ തങ്ങളുടെ വഹാബി- സലഫീ ഭീകരമുഖം ഒളിച്ചുവെച്ചത്. ഐ എസ് സലഫി ചര്‍ച്ചകള്‍ വ്യാപകമായതോടെ ആ മുഖം മൂടിയാണ് തുറന്നുകാട്ടപ്പെടുന്നത്. മാത്രമല്ല, ശുദ്ധ സലഫീ വാദവുമായി ഇവരിലെ ഒരു വിഭാഗം രംഗത്തുവന്നതിന്റെ നേര്‍കാഴ്ചയാണ് ഇത്തരക്കാരുടെ മുഖത്ത് പൊടുന്നനെ മുളച്ചു പൊങ്ങി അലക്ഷ്യമായി വളര്‍ന്ന് പാറിക്കളിക്കുന്ന താടിയും കണങ്കാലും വിട്ട് മുട്ടിനടുത്തേക്ക് കയറിക്കൊണ്ടിരിക്കുന്ന പാന്റും.
ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് “ഐ എസ് ഇസ്‌ലാമല്ല” എന്ന ക്യാമ്പയിന്‍ നടത്താന്‍ പെര്‍മിഷന്‍ കിട്ടിയല്ലോ. വഹാബികളുടെ ഐ എസ് വിരുദ്ധ പ്രചാരണത്തിനും പെര്‍മിഷന്‍ കിട്ടാതിരിക്കാനിടയില്ല.