International
താലിബാന്‍ റോഡ് തടസ്സപ്പെടുത്തി; യാത്രക്കാര്‍ പെരുവഴിയില്‍
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലബിന്‍ തീവ്രവാദികള്‍ ദേശീയപാത തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് നിരവധി വഹാനയാത്രക്കാര്‍ റോഡില്‍ കുടുങ്ങി. കാബൂള്‍ നഗരത്തെയും കാണ്ടഹാറിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഈ വഴിയുള്ള നൂറ് കണക്കിന് കാറുകളും ബസുകളും ട്രക്കുകളും നിര്‍ത്തിയിടേണ്ടിവന്നു. സബൂല്‍ പ്രവിശ്യയിലെ നവാര്‍ക് മേഖലയിലെ ഗതാഗതം പുനരാരംഭിക്കുന്നതിനായി സുരക്ഷാ സേന താലിബാന്‍ തീവ്രവാദികളുമായി പോരാട്ടം തുടരുന്നതിനിടെയാണ് കാബൂള്‍-കാണ്ടഹാര്‍ പാത തീവ്രവാദികള്‍ സ്തംഭിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ഇവിടെ റോഡില്‍ കുടുങ്ങി ദുരിതത്തിലായത്. ഇത്തരത്തില്‍ കുരുങ്ങിയ മുഹമ്മദ് ആരിഫും ഭാര്യയും നാല് കുട്ടികളും ഏറെ ആശങ്കയിലാണ്. ഗസാനിയിലേക്ക് മറ്റൊരു വഴിക്ക് യാത്രചെയ്യാന്‍ തയ്യാറെടുക്കുകയാണെങ്കിലും അത് അപകടം നിറഞ്ഞ പാതയാണെന്ന് ആരിഫ് പറയുന്നു. രണ്ട് ദിവസമായി ആരിഫും കുടുംബവും രാത്രിയും പകലും കഴിയുന്നത് റോഡരികിലാണ്. വിശപ്പ് സഹിക്കാനാകാതെ തന്റെ കുട്ടികള്‍ പ്രയാസത്തിലാണെന്നും ആരിഫ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. തങ്ങളുടെ പുതിയ നേതാവ് മുല്ലാ അക്തര്‍ മന്‍സൂര്‍ പറയാതെ താലിബാന്‍ പോരാളികള്‍ ഗതാഗത തടസ്സം നീക്കില്ലെന്ന് ഹൈവേയില്‍ നിലയുറപ്പിച്ച താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞു. വിദേശ സൈന്യത്തെ രാജ്യത്തിന് പുറത്താക്കുന്നത് വരെ പ്രദേശത്ത് തങ്ങളുടെ നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലാ മന്‍സൂര്‍ താലിബാന്‍ നേതൃത്വമേറ്റെടുത്ത ശേഷം വടക്ക്, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലായിരുന്നു. അതേസമയം റോഡുകള്‍ പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട് ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും യാത്രക്കാരെ മറ്റ് വഴികളിലൂടെ ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്നുണ്ടെന്നും താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.