International
ഇന്ത്യ- ചൈന യുദ്ധത്തില്‍ നെഹ്‌റു അമേരിക്കയുടെ സഹായം തേടി
വാഷിംഗ്ടണ്‍: 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ അമേരിക്കയുടെ സഹായം തേടി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു യു എസ് പ്രസിഡന്റിന് കത്തയച്ചിരുന്നതായി റിപ്പോര്‍ട്ട്. യു എസ് രഹസ്യന്വേഷണ ഏജന്‍സിയായ സി ഐ എയുടെ മുന്‍ ഉദ്യോഗസ്ഥന്‍ ബ്രൂക് റെയ്ഡലിന്റെ പുതിയ പുസ്തകത്തിലാണ് ഈ വിവരമുള്ളത്. മൂന്നാം ലോക രാജ്യങ്ങളുടെ നേതാവായി നെഹ്‌റു ഉയര്‍ന്നുവരുന്നതിന് തടയിടുകയായിരുന്നു ചൈനയുടെ പിതാവ് മാവോ സേ തൂങ് യുദ്ധം കൊണ്ട് ലക്ഷ്യമിട്ടിരുന്നതെന്നും പുസ്തകം പറയുന്നു.
ഇന്ത്യയുടെ ഫോര്‍വേഡ് പോളിസി (ചൈനീസ് മേഖലകളില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കുകയും ആക്രമണോത്സുകമായ പട്രോളിംഗ് ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു നെഹ്‌റു മുന്നോട്ടുവെച്ച ഫോര്‍വേഡ് പോളിസി). ചൈനയെ പ്രകോപിതരാക്കി. മാവോയുടെ പ്രധാന ലക്ഷ്യം നെഹ്‌റു ആയിരുന്നെങ്കിലും അദ്ദേഹത്തെ തോല്‍പ്പിക്കുന്നതിലൂടെ അന്നത്തെ സോവിയറ്റ് റഷ്യയുടെ തലവന്‍ ക്രൂഷ്‌ചേവിനെയും അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെയും അപമാനിക്കുക എന്ന ഗൂഢോദ്ദേശ്യവുമുണ്ടായിരുന്നുവെന്ന് “ജെ എഫ് കെ”സ് ഫൊര്‍ഗോട്ടണ്‍ ക്രൈസിസ്: ടിബറ്റ്, ദ സി ഐ എ ആന്‍ഡ് ദ സിനോ ഇന്ത്യന്‍ വാര്‍” എന്ന പുസ്തകത്തില്‍ പറയുന്നു.
ഇന്ത്യന്‍ മേഖലയില്‍ ചൈന മുന്നേറ്റം നടത്തുകയും ആള്‍നാശം വരുത്തുകയും ചെയ്തതോടെയാണ് നെഹ്‌റു കെന്നഡിക്ക് കത്തെഴുതിയത്. ചൈനയുടെ മുന്നേറ്റം തടയാന്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ നല്‍കി സഹായിക്കണമെന്നായിരുന്നു നെഹ്‌റുവിന്റെ കത്ത്. “ചൈനയുടെ ആക്രമണത്തിന് തടയിടാന്‍ വ്യോമഗതാഗതത്തിനുള്ള സഹായവും ജെറ്റ് യുദ്ധവിമാനങ്ങളും നല്‍കണം. നമ്മുടെ ഭാഗത്ത് നിന്നും സുഹൃദ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പ്രയത്‌നം വേണ്ടിവരും”- കെന്നഡിക്കെഴുതിയ കത്തില്‍ നെഹ്‌റു പറയുന്നു. യുദ്ധം രൂക്ഷമായപ്പോള്‍ നെഹ്‌റു വീണ്ടും കെന്നഡിക്ക് കത്തെഴുതി. വ്യോമാക്രമണത്തില്‍ പങ്കെടുത്ത് ചൈനക്ക് തിരിച്ചടി നല്‍കണമെന്നാണ്, അന്നത്തെ ഇന്ത്യ ന്‍ അംബാസഡര്‍വഴി നല്‍കിയ കത്തില്‍ പറയുന്നത്. നെഹ്‌റു കത്തെഴുതുന്നതിന് മുന്നോടിയായി, ഇക്കാര്യം സൂചിപ്പിച്ച് കെന്നഡിക്ക് ഇന്ത്യയിലെ അനത്തെ യു എസ് അംബാസഡര്‍ ഗല്‍ബ്രെയ്ത് ടെലഗ്രാം അയച്ചിരുന്നുവെന്നും റെയ്ഡല്‍ പറയുന്നു.