Palakkad
മികച്ചസേവനവും ജനക്ഷേമവും ഉറപ്പുവരുത്തി എല്‍ ഡി എഫ് പ്രകടനപത്രിക

പാലക്കാട്: അധികാര വികേന്ദ്രീകരണ പ്രക്രിയ ഫലപ്രദമാക്കുകയും ജനങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമവും ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ ഇഎല്‍ ഡി എഫ് പ്രകടന പത്രിക കണ്‍വീനര്‍ വി ചാമുണ്ണി കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. ജില്ലയിലെ 30 ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥി പട്ടികയും ഒപ്പം പ്രസിദ്ധീകരിച്ചു.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കാര്‍ഷിക-വികസന പദ്ധതികള്‍, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഹരിശ്രീ-വിജയശ്രീ പദ്ധതികളെ ശക്തിപ്പെടുത്തും. അംഗന്‍വാടി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അഞ്ചുവയസിനു താഴെയുളള കുട്ടികളുടെ വിദ്യാഭ്യാസ ആരോഗ്യകാര്യങ്ങള്‍ക്ക് മുന്‍ഗണന. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരുപഞ്ചായത്തിന് ഒരു സ്‌കൂള്‍ ബസ്സ് തുടങ്ങി നിരവധി പ്രയോജനകരമായ പദ്ധതികളടങ്ങിയ പ്രകടന പത്രികയാണ് എല്‍ ഡി എഫ് പുറത്തിറക്കിയിരിക്കുന്നത്.
13 ബ്ലോക്ക് പഞ്ചായത്തുകള്‍, 88 ഗ്രാമപഞ്ചായത്തുകള്‍, 7 നഗരസഭകള്‍ എന്നീ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ലക്ഷ്യബോധവും ഐക്യവും പ്രകടിപ്പിക്കുന്നതാണ് എല്‍ ഡി എഫ് പുറത്തിറക്കിയ പ്രകടന പത്രികയെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
മികച്ച ജില്ലാ പഞ്ചായത്തിനുളള ഭാരത് രത്‌നാ രാജീവ് ഗാന്ധി ഗ്രാമസ്വരാജ് ദേശീയ പുരസ്‌കാരം നേടിയ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേട്ടങ്ങളും പ്രകടന പത്രികയില്‍ എണ്ണി പറയുന്നുണ്ട്. ജില്ലയിലെ ഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ഭരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അഭിമാനവുമായാണ് ഇലക്ഷനെനേരിടുന്നത്.
മീന്‍വല്ലം ജലവൈദ്യുത പദ്ധതി പോലെ പുതിയ ജല വൈദ്യുത പദ്ധതികള്‍ക്ക് സാഹചര്യം സൃഷ്ടിക്കും. ശ്രീകൃഷ്ണപുരത്ത് ഈശ്വരമംഗലം ജലസേചനപദ്ധതിയും ആനമൂളി-കുലുക്കപ്പാറ-ചിമ്പുകാട് എന്നിവിടങ്ങളില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും എടാംപറമ്പ്, മണലിപ്പാടം, ഷോളയൂര്‍ എന്നിവിടങ്ങളില്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിച്ചതും ശ്രദ്ധേയമായ പ്രവര്‍ത്തനമായി എടുത്തു പറയുന്നു.
നെല്‍കര്‍ഷകര്‍ക്ക് ആധുനിക യന്ത്രവല്‍ക്കരണത്തിനുളള ആനുകൂല്യങ്ങളും നല്‍കും. തൊഴില്‍ സേനകള്‍ വിപുലപ്പെടുത്തി തൊഴിലാളിക്ഷാമം പരിഹരിക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പാഡിക്കോയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും ആലത്തൂരില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുളള ആധുനിക റൈസ്മില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും തുടങ്ങിയവയും പ്രതിപാദിക്കുന്നുണ്ട്.
റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബ്ബര്‍ ഉല്‍പ്പാദകസംഘങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ജില്ലാതല പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപീകരിച്ച് നീര ഉല്‍പ്പാദനം ഉള്‍പ്പെടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കുളള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ക്ഷീര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. തരിശായി കിടക്കുന്ന പ്രദേശങ്ങളില്‍ കൃഷിയിറക്കുന്നതിന് സഹായം തേടും. തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജൈവകൃഷി രീതികള്‍ക്കും പ്രോത്സാഹനം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. എല്‍ ഡി എഫ് ഭരിക്കുന്ന പരുതൂര്‍ പഞ്ചായത്തിനെ തരിശുഭൂമിരഹിതമാക്കിയതു പോലെ മറ്റു പഞ്ചായത്തുകള്‍ക്കും പ്രോത്സാഹനം നല്‍കും.
4.5 കോടി രൂപ ചെലവിട്ട് കാത്ത് ലാബ് സംവിധാനം ഏര്‍പ്പെടുത്തിയതിനൊപ്പം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് താലൂക്ക് ആശപത്രികള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികള്‍ എന്നിവയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. എം ആര്‍ ഐ സ്‌കാന്‍ സ്ഥാപിക്കും.
വൃദ്ധജനങ്ങള്‍ക്കായി പകല്‍വീട് പദ്ധതി. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും മാലിന്യസംസ്‌കരണത്തിന് പ്രത്യേക പ്ലാന്റ്, ഒരു ബ്ലോക്കില്‍ ഒരുക്രിമിറ്റോറിയം എന്നിവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി.
അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികള്‍ അവഗണിച്ച ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും അഴിമതി ഭരണമാണ് നടത്തിയത്. അട്ടപ്പാടിയിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ വകയിരുത്തും. മലയോരമേഖലകളിലെ വന്യമൃഗ ആക്രമണങ്ങള്‍ ചെറുക്കാന്‍ അപകടരഹിതമായ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
മലമ്പുഴ-കാഞ്ഞിരപ്പുഴ-പോത്തുണ്ടി തുടങ്ങിയ ഉദ്യാനങ്ങളും സൈലന്റ് വാലി-നെല്ലിയാമ്പതി-പറമ്പിക്കുളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ധോണി-മീന്‍വല്ലം -പാലക്കുഴി തുടങ്ങിയ വെളളച്ചാട്ടങ്ങളും പരിഷ്‌കരിക്കും.
സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ അഡ്വ. മുരുകദാസ്, നൈസ്മാത്യു, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.