Kerala
പെണ്‍ ഒരുമ സമരം അവസാനിപ്പിച്ചു
മൂന്നാര്‍: കൂലി വര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികളായ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. പിഎല്‍സി യോഗത്തില്‍ ധാരണയിലെത്തിയ കൂലിയില്‍ തൃപ്തിലിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ കാരണമാണ് സമരം നിര്‍ത്തുന്നതെന്നും ഗോമതി പറഞ്ഞു.
യൂണിയനുകളുടെ വഞ്ചന മൂലമാണ് കൂലി കുറഞ്ഞുപോയതെന്ന് ലിസിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ലിസി അറിയിച്ചു.
തേയില തൊഴിലാളികളുടെ മിനിമം വേതനം 232 രൂപയില്‍ നിന്ന് 301 രൂപയായി വര്‍ധിപ്പിക്കാനാണ് തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന പി എല്‍ സി യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ മിനിമം കൂലി ലഭിക്കണമെങ്കില്‍ നിലവില്‍ നുള്ളുന്നതില്‍ നിന്ന് നാല് കിലോ അധികമായി (25 കിലോ) കൊളുന്ത് നുള്ളണം. നിലവില്‍ 21 കിലോയാണ് നുള്ളേണ്ടത്. പുതിയ ധാരണപ്രകാരം നിലവിലെ കൂലിയില്‍ നിന്ന് 69 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 317 രൂപയായിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ മിനിമം കൂലി 381 രൂപയായി ഉയര്‍ത്തി. ഏലം തൊഴിലാളികളുടെ മിനിമം കൂലി 267 രൂപയില്‍ നിന്ന് 330 രൂപയാക്കി. അന്തിമ തീരുമാനത്തിന് പി എല്‍ സി വീണ്ടും യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു.