Connect with us

International

ആഞ്ചല മെര്‍ക്കല്‍ തുര്‍ക്കി നേതാക്കളുമായി ചര്‍ച്ച നടത്തി

Published

|

Last Updated

അങ്കാറ: അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള യൂറോപ്യന്‍ യൂനിയന്റെ പദ്ധതികള്‍ സംബന്ധിച്ച് തുര്‍ക്കിയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുര്‍ക്കി നേതാക്കളുമായി ചര്‍ച്ച നടത്തി. യൂറോപ്പിന്റെ അതിര്‍ത്തികളിലേക്ക് അഭയാര്‍ഥികള്‍ പ്രവഹിക്കുന്നതിന് തടയിടുന്ന നടപടികള്‍ സ്വീകരിക്കുന്നതിന് പകരമായി തുര്‍ക്കിക്ക് സഹായവും ആനുകൂല്യവും നല്‍കുന്നതാണ് ഇ യു മുന്നോട്ട് വെക്കുന്ന പദ്ധതി. ദിനംപ്രതി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ജര്‍മനിയിലെത്തുന്ന സാഹചര്യത്തിലാണ് മെര്‍ക്കല്‍ പ്രധാനമന്ത്രി അഹ്മദ് ദവൂദോഗ്‌ലു, റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. തുര്‍ക്കി അഭയം നല്‍കിയ 20ലക്ഷം അഭയാര്‍ഥികളുടെ സംരക്ഷണത്തിനായി മൂന്ന് ബില്യന്‍ യൂറോയുടെ സഹായ പാക്കേജ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇ യു മുന്നോട്ട് വെക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനു പുറമെ തുര്‍ക്കി പൗരന്‍മാര്‍ക്കുള്ള ഇ യു വിസ നടപടികള്‍ ലളിതമാക്കുമെന്നും ഇ യുവില്‍ അംഗത്വം ലഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഭയാര്‍ഥികളുടേയും അവരുടെ വിവര ശേഖരണ നടപടികളും മെച്ചപ്പെടുത്താനും തീരദേശ സുരക്ഷ കൂടുതല്‍ ശക്തമാക്കാനും ഇ യു പദ്ധതി തുര്‍ക്കിയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പദ്ധതി സംബന്ധിച്ച് കരട് രൂപമായിട്ടേയുള്ളൂവെന്നും കരാറായിട്ടില്ലെന്നും തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest