Connect with us

Kerala

കളം നിറഞ്ഞ് പ്രചാരണം

Published

|

Last Updated

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞ് മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ കേരളം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ചൂടിലമര്‍ന്നു. വിമതശല്യവും അഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥികള്‍ക്കായി മുന്നണികളെല്ലാം സജീവമായി രംഗത്തുവന്നുകഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിക്കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 38,268 സ്ത്രീകള്‍ മത്സര രംഗത്തുള്ളപ്പോള്‍ 37,281 പുരുഷന്‍മാരാണ് ഇത്തവണ അങ്കത്തട്ടിലുള്ളത്.
പ്രചാരണം ചൂടുപിടിക്കുമ്പോഴും ഇരു മുന്നണികളും നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. പ്രതിസന്ധി രൂക്ഷമായതോടെ പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് മത്സരരംഗത്തുള്ളവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി തുടങ്ങി. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലാണ് അച്ചടക്കനടപടിക്ക് തുടക്കമിട്ടത്. കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിക്കുന്ന മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി എം കെ മുഹമ്മദ്, സ്വതന്ത്രനായി മത്സരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രാകേഷ് എന്നിവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ സസ്‌പെന്‍ഡ് ചെയ്തതായി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. സ്വതന്ത്രനായി മത്സരിക്കുകയും തിരഞ്ഞെടുപ്പ് ചിഹ്നത്തിനായി കെ പി സി സി ഓഫീസില്‍ ആളുകളെ പ്രതിഷേധിക്കാന്‍ പറഞ്ഞയക്കുകയും ചെയ്തതിനാണ് കെ രാകേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. രാകേഷിനെ പിന്തുണച്ച പള്ളിച്ചല്‍ മണ്ഡലം കമ്മിറ്റിയും പിരിച്ചുവിട്ടു.
അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികളെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഡി സി സി പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിബലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ശക്തമായി നിന്ന പല വിമതരും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് പിന്മാറിയെങ്കിലും യു ഡി എഫില്‍ ഇപ്പോഴും വിമതശല്യം രൂക്ഷമാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥി മഹേശ്വരന്‍ നായര്‍ക്കെതിരെ വിമതന്‍ മത്സര രംഗത്തുണ്ട്. കൊല്ലത്ത് മുസ്‌ലിം ലീഗ് മത്സരിക്കുന്ന രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതരുണ്ട്. ഇടുക്കിയില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ വിമതശല്യമുണ്ട്. തൃശൂരില്‍ 20 കോണ്‍ഗ്രസ് വിമതരുണ്ട്. കൊച്ചിയില്‍ 22 ഡിവിഷനുകളില്‍ കോണ്‍ഗ്രസിനു റിബല്‍ സ്ഥാനാര്‍ഥികളുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. മലപ്പുറത്ത് 23 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും പ്രശ്‌നങ്ങള്‍ പുകയുകയാണ്.
എന്നാല്‍ സംസ്ഥാനത്തിന്റെ പലയിടത്തും നടക്കുന്ന സി പി എം-സി പി ഐ മത്സരമാണ് ഇടതുമുന്നണിയില്‍ പ്രധാന ചര്‍ച്ചാ വിഷയം. ഇരു പാര്‍ട്ടികളും തമ്മിലുള്ള സൗഹൃദ മത്സരം വേണ്ടെന്ന് എല്‍ ഡി എഫ് നേതൃത്വങ്ങള്‍ നേരത്തെ തന്നെ കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുെന്നങ്കിലും കര്‍ശന നിര്‍ദേശം ലംഘിച്ചുകൊണ്ട് ജില്ലയിലെ പല സ്ഥലങ്ങളിലും സി പി ഐ, സി പി എം മത്സരം നടക്കുന്നുണ്ട്. ആര്‍ എസ് പി മുന്നണി വിട്ട് പോയതാണ് എല്‍ ഡി എഫിലെ പ്രധാന പ്രാദേശിക പ്രശ്‌നം. ആര്‍ എസ് പി മുന്നണിയില്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ക്ക് നല്‍കിയിരുന്ന സീറ്റ് പങ്കുവെക്കുന്നതാണ് പല സ്ഥലങ്ങളിലും സൗഹൃദ മത്സരത്തിന് കാരണം.
സി പി എം നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി വിട്ട് പോയവരെ സി പി ഐ ഉള്‍ക്കൊള്ളാത്തതിനെ തുടര്‍ന്ന് ആരംഭിച്ച വെഞ്ഞാറമ്മൂട്ടിലെ സി പി എം, സി പി ഐ തര്‍ക്കം ഇപ്പോള്‍ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. നെല്ലനാട്, നന്ദിയോട് പഞ്ചായത്തുകളിലെ മുഴുവന്‍ സീറ്റുകളിലും ഒറ്റക്കാണ് മത്സരം. നെടുമങ്ങാട് നഗരസഭയിലെ ഒരു വാര്‍ഡിലും മണമ്പൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും പാര്‍ട്ടികള്‍ തമ്മില്‍ സൗഹൃദ മത്സരം നടക്കുന്നു.