National
വീണ്ടും കറുപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഹിന്ദുത്വ ശക്തികളുടെ അക്രമങ്ങള്‍. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അക്രമങ്ങളാണ് അരങ്ങേറിയത്. ബീഫ് നിരോധവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നടത്തിവരുന്ന അക്രമങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കാശ്മീര്‍ എം എല്‍ എക്ക് നേരെ കറുത്ത മഷി ഒഴിച്ചു. കാശ്മീരിലെ സ്വതന്ത്ര എം എല്‍ എ ശൈഖ് അബ്ദുല്‍ റശീദിന്റെ ദേഹത്താണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. ഇന്ത്യാ_പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡ് തലവന്‍മാര്‍ ചര്‍ച്ച നടത്താനിരിക്കെ മുംബൈയില്‍ ബിസിസിഐ ആസ്ഥാനത്ത് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനമായെത്തി ഭീഷണി മുഴക്കി. ക്രിക്കറ്റ് ബന്ധം അനുവദിക്കില്ലെന്ന ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍മാരുടെ ചര്‍ച്ച റദ്ദാക്കി. ഹിന്ദു ദേവതയുടെ ടാറ്റു കാലില്‍ പതിച്ചതിന് ഓസ്‌ട്രേലിയന്‍ ദമ്പതികളെ ബംഗളുരുവില്‍ കൈയേറ്റം ചെയ്തു. ഇതിനിടെ അക്രമങ്ങള്‍ക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ രംഗത്തെത്തി. നമ്മുടെ ഏകത്വത്തിന്റെ ശക്തി ഉപയോഗിച്ച് വെറുപ്പിന്റെ ശക്തികളെ ചെറുക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ബീഫ് വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ ജമ്മുവിലെ എം എല്‍ എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയതിന് നേരെത്തെ ബി ജെ പി. എം എല്‍ എമാര്‍ അബ്ദുല്‍ റാശിദിനെ കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് കൈയേറ്റം ചെയ്തിരുന്നു. തുടര്‍ന്ന് പത്രസമ്മേളനം നടത്താനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് ഹിന്ദുസേന പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.
ഗോവധ നിരോധത്തെ എതിര്‍ക്കുന്നവരെ ഇന്ത്യയില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ഹിന്ദുസേനാ പ്രവര്‍ത്തകര്‍ കരിഓയില്‍ പ്രയോഗം നടത്തിയത്. അക്രമം നടത്തിയ രണ്ട് പേരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
ജമ്മു കാശ്മീരിലെ ഉധംപൂരില്‍ മൂന്ന് പശുക്കളുടെ ജഡം കണ്ടെടുത്തതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച ട്രക്ക് ഡ്രൈവര്‍ സാഹിദ് അഹ്മദിന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് എം എല്‍ എ വാര്‍ത്താസമ്മേളനം നടത്തിയത്. സാഹിദ് സഞ്ചരിച്ച ട്രക്കിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ സാഹിദ് ഞായറാഴ്ചയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്. വാര്‍ത്താസമ്മേളനത്തിനു ശേഷം പ്രസ് ക്ലബിന് പുറത്ത് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ ഒരുസംഘം ഹിന്ദുസേന പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി എം എല്‍ എയുടെ ദേഹത്ത് കരിമഷി ഒഴിക്കുകയായിരുന്നു.
തന്റെ നേരെ കറുത്ത മഷി ഒഴിച്ചവര്‍ക്ക് മാനസികരോഗമാണെന്നും കാശ്മീരികളുടെ ശബ്ദം അടിച്ചമര്‍ത്തുന്നത് എങ്ങനെയാണെന്ന് ലോകം മുഴുവന്‍ കാണട്ടെയെന്നും അബ്ദുല്‍ റാശിദ് പിന്നീട് പറഞ്ഞു.
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വികാരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതില്‍ ജമ്മു കാശ്മീരികളെയും ഉള്‍പ്പെടുത്തണമെന്ന് പിന്നീട് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാശ്മീരിലെ മുസ്‌ലിംകളുടെ വികാരങ്ങളും പരിഗണിക്കണം. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും അബ്ദുല്‍ റാശിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ച ഒ ആര്‍ എഫ് ചെയര്‍മാന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത് വിവാദമായിരുന്നു.
ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി പി സി ബി ചെയര്‍മാന്‍ ശഹരിയാര്‍ ഖാന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് എഴുപതോളം വരുന്ന ശിവസേനാ പ്രവര്‍ത്തകര്‍ മുംബൈയിലെ ബി സി സി ഐ ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്. ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
ശശാങ്ക് മനോഹറിന്റെ ഓഫീസിലെത്തിയ ശിവസേന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശശാങ്ക് മനോഹറിനും ഷെഹരിയാര്‍ ഖാനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടന്നേക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് പി സി ബിയുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയാണെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ സ്ഥിരീകരിച്ചു.
ഇതിനു പിന്നാലെ ക്രിക്കറ്റ് അമ്പയര്‍ അലിം ദറിനെ ഐസിസി തിരിച്ചുവിളിച്ചു. ഇന്ത്യ_ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അമ്പയറാണ് ഇദ്ദേഹം. പാകിസ്ഥാന്‍ മുന്‍ക്രിക്കറ്റ് താരങ്ങളായ വസീം അക്രവും അക്തറും ഉള്‍പ്പെടെയുള്ള കമന്റേറ്റര്‍മാരും ഇന്ത്യയില്‍ നിന്ന് തിരിച്ചുപോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഹിന്ദു ദേവതയുടെ ടാറ്റു കാലില്‍ പതിച്ചതിനായിരുന്നു ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ക്ക് നേരെ ബംഗളൂരുവില്‍ അക്രമം നടന്നത്. ഇവരെ തടഞ്ഞുവെച്ച ഒരു കൂട്ടമാളുകള്‍ അധിക്ഷേപിക്കുകയും സ്ത്രീയെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് ഇവരില്‍ നിന്നും നിര്‍ബന്ധപൂര്‍വം മാപ്പപേക്ഷ എഴുതിവാങ്ങിക്കുകയും ചെയ്തു.
അതേസമയം അക്രങ്ങള്‍ക്കെതിരെ രാഷ്ട്രപതി വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തിന്റെ മാനവികതയും ബഹുസ്വരതയും ഒരു സാഹചര്യത്തിലും കൈവിടരുതെന്ന് രാഷ്ട്രപതി പറഞ്ഞു. ജമ്മു കാശ്മീര്‍ എം എല്‍ എക്ക് മേല്‍ ശിവസേനാ പ്രവര്‍ത്തകര്‍ കരിമഷി പ്രയോഗം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം നടന്ന പൊതുചടങ്ങിലാണ് രാഷ്ട്രപതി തന്റെ നിലപാട് ആവര്‍ത്തിച്ചത്.
രാജ്യത്ത് സഹിഷ്ണുതയും ഉള്‍ക്കൊള്ളലും വലിയ ഭീഷണി നേരിടുകയാണ്. ഇന്ത്യന്‍ സംസ്‌കാരം അയ്യായിരം വര്‍ഷങ്ങള്‍ അതിജീവിച്ചത് അതിന്റെ സഹിഷ്ണുത കൊണ്ടാണ്. അത് എക്കാലത്തും വിവിധ ധാരകളെ സ്വീകരിച്ചിട്ടുണ്ട്. വിവിധ മതങ്ങളും ഭാഷാഭേദങ്ങളും ഇവിടെയുണ്ട്. അവയൊന്നും പരസ്പരം ഏറ്റുമുട്ടിയതല്ല നമ്മുടെ പാരമ്പര്യം. എല്ലാ വൈജാത്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊന്നതിന്റെ പശ്ചാത്തലത്തിലും രാഷ്ട്രപതി സമാനമായ പ്രതികരണം നടത്തിയിരുന്നു.