Sports
ആരാധകര്‍ ചോദിക്കുന്നു; ബ്ലാസ്റ്റേഴ്‌സിന് ഇതെന്തുപറ്റി ?..
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്‌സിനിതെന്തു പറ്റി…?? ആദ്യ കളിയിലെ ജയത്തിന് ശേഷം ഒരു സമനിലയും രണ്ട് തോല്‍വിയുമായി നിറംമങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ച് ആരാധകര്‍ ഇങ്ങനെ ചോദിച്ചു തുടങ്ങിയിരിക്കയാണ്. ശക്തരായ എതിരാളികളെ കണ്ടെത്തി പരിശീലനമത്സരങ്ങള്‍ കളിച്ച് ഒരു “വിന്നിംഗ് ഇലവനെ” കണ്ടെത്താത്തതും ടീം തുടര്‍ന്നുവരുന്ന 5-3-2 ഫോര്‍മേഷനും കേരള ബ്ലാസ്റ്റേഴ്‌സിന് ബാധ്യതയാകുന്നു എന്നതാണ് ഇതുവരെ മത്സരഫലങ്ങള്‍ നല്‍കുന്ന സൂചന.
നാല് മത്സരങ്ങളില്‍നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റു മാത്രമുള്ള ടീം ഇപ്പോള്‍ ആറാംസ്ഥാനത്താണ്. പരിശീലനത്തിനായി മറ്റു ടീമുകള്‍ വിദേശരാജ്യങ്ങളിലേക്ക് പോയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് നാട്ടില്‍ തന്നെ തങ്ങുകയായിരുന്നു. ബാക്കി ടീമുകളൊക്കെ അഞ്ചും ആറും പരിശീലന മത്സരങ്ങള്‍ കളിച്ച് ഫസ്റ്റ് ഇലവനെ കണ്ടെത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് എസ് ബി ടി, കെ എസ് ഇ ബി, തിരുവനന്തപുരം ഏജീസ് എന്നീ ടീമുകള്‍ക്കെതിരെയാണ് പരിശീലന മത്സരം കളിച്ചത്. ഐ എസ് എല്‍ ടീമുകളേക്കാള്‍ നിലവാരം കുറഞ്ഞ ടീമുകളുമായിട്ടുള്ള മത്സരങ്ങളില്‍ എട്ടും പത്തും ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ടീമിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും മനസ്സിലാക്കുന്നതിന് ഇത് പര്യാപ്തമായിരുന്നില്ല എന്നതാണ് വാസ്തവം. ഏറ്റവും കുറഞ്ഞപക്ഷം ഐ ലീഗ് ക്ലബുകളുമായെങ്കിലും പരിശീലന മത്സരം സംഘടിപ്പിച്ച് ടീം ഘടനക്ക് രൂപംനല്‍കിയിരുന്നെങ്കില്‍ ഇത്തരം അവസ്ഥ ടീമിനുണ്ടാകുമായിരുന്നില്ല.
ബ്ലാസ്റ്റേഴ്‌സിന്റെ ടീം ലൈനപ്പ് ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തന്നെയാണുള്ളത്. കോച്ച് ടെയ്‌ലര്‍ പിന്തുടരുന്ന 5-3-2 ഫോര്‍മേഷന്‍ പ്രാവര്‍ത്തികമാക്കുന്നതിന് പ്രാപ്തരായ കളിക്കാര്‍ ടീമിലില്ല എന്നതാണ് വസ്തുത.
ലെഫ്റ്റ് വിംഗ് ബാക്കായി വിനീതും റൈറ്റ് വിംഗ് ബാക്കായി രാഹുലുമാണ് കളിക്കുന്നത്. ഓവര്‍ലാപ് ചെയ്ത് കയറിക്കളിക്കാനും തിരിച്ചിറങ്ങാനും വിനീതിനും രാഹുലിനും കഴിയാത്തത് ടീമിന്റെ പൊസിഷന്‍ മൊത്തം താറുമാറാകാന്‍ ഇടയാക്കുന്നു. മധ്യനിരയില്‍ എതിര്‍ടീമിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കാനും ടീം പിന്തുടരുന്ന ലൈനപ്പ് ഇടയാക്കുന്നു. വിനീത് എതിര്‍ടീമിന് ഭീഷണിയാകുന്നുണ്ടെങ്കിലും അവസാനം കലമുടക്കല്‍ തുടരുകയാണ്. രാഹുലിന്റെ നീളന്‍ ത്രോകളില്‍നിന്ന് ആദ്യമത്സരത്തില്‍ രണ്ട് ഗോളുകള്‍ കണ്ടെത്തിയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ അത്തരം ഗോളുകള്‍ സൃഷ്ടിക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല.
മധ്യനിരയും മുന്നേറ്റനിരയും തമ്മില്‍ ഒത്തിണക്കമില്ലായ്മയും ടീമിന് ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ തടസ്സമാകുകയാണ്. മധ്യനിരയില്‍ പ്ലേമേക്കറുടെ കുറവ് ഒരുപരിധി വരെ പരിഹരിക്കുന്നത് പുള്‍ഗയാണെങ്കിലും അനാവശ്യ ഡ്രിബ്ലിംഗുകള്‍ പന്തുകള്‍ നഷ്ടപ്പെടുത്താന്‍ ഇടവരുത്തുന്നു. പുള്‍ഗക്കൊപ്പം പരിചയസമ്പന്നനായ ജോ കോയിമ്പ്രയെ കളിപ്പിക്കുകയാണെങ്കില്‍ മുന്നേറ്റനിരയിലേക്ക് പന്ത് എത്താത്തതിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
മുന്നേറ്റനിരയില്‍ ഡാഗ്‌നല്‍ വേണ്ടത്ര ശോഭിക്കാത്തതും ഡാഗ്‌നലും സാഞ്ചസ് വാട്ടും തമ്മിലുള്ള ധാരണക്കുറവും ടീമിന്റെ മുന്നേറ്റങ്ങള്‍ പാതിവഴിയില്‍ അവസാനിക്കുന്നതിന് ഇടയാക്കുന്നു. വാട്ടിന്റെ ബാക്ക്ഹീല്‍ പാസുകളും ഹെഡറുകളും കണക്ട് ചെയ്യാന്‍ പലപ്പോഴും ഡാഗ്‌നലിന് സാധിക്കാതെ വരുന്നു. സാഞ്ചസ് വാട്ടിന് ലെഫ്റ്റ് ഫൂട്ട് മാത്രമേയുള്ളൂവെന്നതും ഒരു പ്രതികൂല ഘടകമാണ്.
ടീമിന്റെ പ്രതിരോധനിരയുടെ ജാഗ്രതയും ഗോളി സ്റ്റീഫന്‍ ബൈവാട്ടറിന്റെ പ്രകടനമികവുമാണ് കൂടുതല്‍ ഗോളുകള്‍ വലയില്‍ വീഴുന്നതില്‍നിന്നും ടീമിനെ രക്ഷിക്കുന്നത്. മികച്ച ഫോമിലാണെങ്കിലും ബൈവാട്ടറിന് പകരം സന്ദീപ് നന്ദിയെയോ, ഷില്‍ട്ടന്‍ പോളിനെ കൊണ്ടുവന്ന് പകരം ഒരു വിദേശ കളിക്കാരനെ കൂടി മധ്യനിരയില്‍ കളിപ്പിച്ചാല്‍ ടീമിന് ഗുണകരമാകും. രണ്ട് വിദേശകളിക്കാരെ വീതം പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലുമായി വിന്യസിക്കുകയാണെങ്കിലും ടീമിന്റെ കളിക്ക് ഒരു താളം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. 62,000ലധികം കാണികള്‍ ആര്‍ത്തുവിളിച്ചിട്ടും പ്രചോദിതമാകാത്ത ടീമിനെ കാണുമ്പോള്‍, കഴിഞ്ഞ സീസണിലും ഇതുപോലെ തന്നെയായിരുന്നുവെന്നും ബ്ലാസ്‌റ്റേഴ്‌സ് ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.