Kerala
വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്ക് ക്യാമ്പസില്‍ വിലക്ക്
കൊച്ചി: ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. പ്രവേശന കവാടത്തിനരികില്‍ പാര്‍ക്കിംഗിന് പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തണമെന്നും സെക്യൂരിറ്റി ജീവനക്കാരുടെ നിയന്ത്രണത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ തടയണമെന്നും ജസ്റ്റിസ് വി ചിദംബരേഷ് നിര്‍ദേശിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
കോളജുകളും ഹോസ്റ്റല്‍ ക്യാമ്പസുകളും വിദ്യാര്‍ഥികളുടെ കസര്‍ത്തിനുള്ള വേദിയല്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. സൈലന്‍സര്‍ വേര്‍പ്പെടുത്തിയും ഹെല്‍മറ്റ് ധരിക്കാതെയും ചീറിപ്പായുന്ന മോട്ടോര്‍ ബൈക്കുകള്‍ ക്യാമ്പസുകളിലെ സാധാരണ കാഴ്ചയാണെന്നും സുഗമമായ അക്കാദമിക അന്തരീക്ഷത്തിന് ഇത് തടസ്സമാണെന്നും കോടതി നിരീക്ഷിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ക്ലാസുകള്‍ക്ക് സമീപമെത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ രേഖാമൂലം അനുമതി നല്‍കണം. ബാരിക്കേഡുകള്‍ മറികടക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് കണ്ടുകെട്ടാനും പിഴ ചുമത്താനും നിര്‍ദേശമുണ്ട്.
ക്യാമ്പസുകളിലെ ആഘോഷപരിപാടികള്‍ രാത്രി ഒമ്പത് മണിക്ക് ശേഷം പാടില്ല. വാര്‍ഷികാഘോഷവും നവാഗതദിനവും ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കിത് ബാധകമാണെന്ന് കോടതി പറഞ്ഞു. ക്യാമ്പസുകളുടെയും ഹോസ്റ്റലുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് ഈ മാസം പന്ത്രണ്ടിന് ഉന്നതതല വിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ശ്ലാഘനീയമാണെന്നും ഇത് കടലാസില്‍ ഒതുങ്ങരുതെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിവിധി സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലാ രജിസ്ട്രാര്‍മാര്‍ക്കും അയച്ചുനല്‍കാനും നിര്‍ദേശമുണ്ട്.
നൂറ് ഏക്കറോളം വരുന്ന ഐ ഐ ടി ക്യാമ്പസുകളില്‍ സൈക്കിളുകള്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ എന്നിരിക്കെ പത്ത് ഏക്കറുള്ള കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളില്‍ എന്തിന് വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ അനുവദിക്കണമെന്ന് കോടതി ചോദിച്ചു. തിരുവനന്തപുരം സി ഇ ടിയില്‍ ഓണാഘോഷത്തിനിടെ ലോറിയിടിച്ച് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സസ്‌പെന്‍ഷനിലായ 26 വിദ്യാര്‍ഥികളുടെ ഹരജികളിലാണ് കോടതി ഉത്തരവ്. ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി, വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ പരാതി പരിഹാര ബോര്‍ഡിനെ സമീപിക്കാമെന്നും വ്യക്തമാക്കി.