Malappuram
മുസ്‌ലിംലീഗിനും വര്‍ഗീയ സ്വഭാവുണ്ട്: എം എ ബേബി

മലപ്പുറം: മുസ്‌ലിംലീഗിനെ മതേതര പാര്‍ട്ടിയെന്ന് പറയാനാകില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന് അതിന്റേതായ വര്‍ഗീയ സ്വഭാവമുണ്ട്. എന്നാല്‍ സംഘ്പരിവാര്‍, എസ് ഡി പി ഐ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളുടെ അത്ര തീവ്രമല്ല മുസ്‌ലിംലീഗിന്റെ വര്‍ഗീയത. മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന പിണറായി വിജയന്റെ പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്‌റു പറഞ്ഞത്. ഇതിന്റെ പുറത്ത് കയറിയാണിപ്പോള്‍ കോണ്‍ഗ്രസിന്റെ യാത്രയെന്നും ബേബി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫൈനല്‍ മത്സരം
തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനല്‍ മത്സരമല്ല, ഫൈനല്‍ തന്നെയാണ്.
നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനുണ്ടായ ശ്രമങ്ങളെയെല്ലാം ഇടതുപക്ഷം ചെറുത്ത് തോല്‍പിച്ചതിനാലാണ് യഥാസമയം തിരഞ്ഞെടുപ്പ് നടത്താനായത്. തദ്ദേശ വകുപ്പിനെ പോലും വന്ധീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ആവശ്യത്തിന് പണം നല്‍കാതിരിക്കുകയും വകുപ്പിനെ വെട്ടിമുറിക്കുകയും ചെയ്തു.
പൊതുജനം
കരുത്ത്
ഇടതുപക്ഷത്തിന് കരുത്ത് നല്‍കുന്നത് വിപുലമായ ജനവിഭാഗങ്ങളാണ്. ഇന്നലെ മുതല്‍ പാര്‍ട്ടിയുമായി സഹകരിക്കാത്തവര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം അണി ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. കെ ടി ജലീലും ടി കെ ഹംസയും മികച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളാണ്. അവര്‍ ഇടതുപക്ഷത്തേക്ക് വന്നത് അവിടെ അവസരങ്ങളില്ലാത്തതു കൊണ്ടല്ല. എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെയെല്ലാം ചുവപ്പ് പരവതാനിയിട്ട് സ്വീകരിക്കില്ല. അവരുടെ പൂര്‍വ ചരിത്രം പഠിച്ച ശേഷമാകും തീരുമാനമെടുക്കുക.
അഴിമതിയും
വിലക്കയറ്റവും
അഴിമതിയും വിലക്കയറ്റവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ഇടതുപക്ഷത്തിന് അനുകൂലമായി ചിന്തിപ്പിക്കുക തന്നെ ചെയ്യും. മാവേലി സ്റ്റോറുകളിലും മറ്റും സാധനങ്ങളില്ലാത്ത സ്ഥിതിയാണ്. യു ഡി എഫ് മന്ത്രിമാരുടെ അഴിമതി ജനങ്ങള്‍ തിരിച്ചറിയാതിരിക്കില്ല.
ഹിന്ദുത്വ വര്‍ഗീയത ആപത്കരം
വര്‍ഗീയ ശക്തികള്‍ ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണ്. ഗോഹത്യക്ക് വധ ശിക്ഷ നല്‍കണമെന്നാണ് ആര്‍ എസ് എസ് മുഖപത്രം പറയുന്നത്. പാക്ക് ഗായകന്‍ ഗുലാംഅലിക്ക് ഇന്ത്യയില്‍ പാടാനുളള അവസരം നിഷേധിക്കപ്പെടുന്നു. സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ഭൂരിപക്ഷ വര്‍ഗീയത രാജ്യത്ത് ഏറ്റവും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ പേരിലുളള സംഘടനയില്‍ നിന്ന് കൊണ്ട് ബി ജെ പിയെകുറിച്ച് വെള്ളാപ്പള്ളി സംസാരിക്കരുത്. സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന “ഭൂരിപക്ഷ വര്‍ഗീയതയാണ് വലിയ “ഭീഷണി. ന്യൂനപക്ഷ വര്‍ഗീയത ഇതിനെ ന്യായീകരിക്കാന്‍ ഇടയാക്കുന്നു. ഇരു കൂട്ടരേയും രാഷ്ട്രീയ ലാഭം നോക്കാതെ എതിര്‍ത്തത് ഇടതുപക്ഷമാണ്.
യു ഡി എഫുമായി ബന്ധമില്ല
തിരഞ്ഞടുപ്പില്‍ യു ഡി എഫുമായി യാതൊരു ബന്ധവും പുലര്‍ത്തരുതെന്നാണ് എല്‍ ഡി എഫിന്റെ നയം. എന്നാല്‍ യു ഡി എഫിന് പുറത്തുള്ള സ്വതന്ത്രരെ പിന്തുണക്കുന്നതില്‍ വിരോധമില്ല. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
ടി പി വധം
ഒറ്റപ്പെട്ട സംഭവം
സി പി എമ്മില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നവരെ ഇല്ലായ്മ ചെയ്യുന്ന രീതി സി പി എമ്മിനില്ല. ടി പി ചന്ദ്രശേഖരന്‍ വധം ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഡി ജി പി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തുന്നതില്‍ പോരായ്മകളുണ്ടായിട്ടുണ്ട്. നിരവധി സഖാക്കളാണ് എതിരാളികളുടെ കൊലക്കത്തിക്ക് ഇരകളായിട്ടുള്ളത്. ഇവരെയെല്ലാം തിരിച്ച് കൊലപ്പെടുത്തിയിട്ടില്ല.
സാമൂഹിക മാധ്യമങ്ങളില്‍ കരുതല്‍ വേണം
രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ കരുതല്‍ വേണം. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ശ്രദ്ധയുണ്ടാകണം. ജീവിതത്തിലും കരുതല്‍ വേണം. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഭാഷയിലെ ജാഗ്രതകുറവ് കൊണ്ടുണ്ടായതാണെന്നും ഇത് അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നും ബേബി പറഞ്ഞു.