Connect with us

National

വല്ലവരും പട്ടിയെ കല്ലെറിഞ്ഞതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് വികെ സിംഗ്‌

Published

|

Last Updated

ഫരീദാബാദ്: ഹരിയാനയില്‍ ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം നായയെ കല്ലെറിയുന്നതുപോലെ ഒരു ചെറിയ സംഭവമാണെന്ന് കേന്ദ്ര മന്ത്രി വി.കെ സിങ്. സംഭവത്തില്‍ സര്‍ക്കാറിനു ഒന്നും ചെയ്യാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വല്ലവരും പട്ടിയെ കല്ലെറിഞ്ഞാല്‍ അതില്‍ സര്‍ക്കാറിനെന്ത് ഉത്തരവാദിത്തമാണുള്ളത് എന്നാണ് വി.കെ സിങ് വിവാദപ്രസ്താവന നടത്തിയത്.
സര്‍ക്കാറിനെ ഈ സംഭവവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല, ഇത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും സിംഗ് വ്യക്തമാക്കി.
ഹരിയാനയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് വി.കെ സിങ് ഈ വിവാദ പ്രസ്താവന നടത്തിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാറാണ് ഹരിയാന ഭരിക്കുന്നത്.

അതേസമയം വി.കെ സിങിന്റെ പ്രസ്താവന വ്യക്തിപരമെന്ന് മുഖ്യമന്ത്രി ഖട്ടാര്‍ പറഞ്ഞു. അക്രമണത്തിനിരയായ കുടംബത്തെ സന്ദര്‍ശിക്കാന്‍ സുന്‍പേട് ഗ്രാമത്തിലെത്തിയതാണ് ഖട്ടാര്‍. ദലിത് കുടുംബത്തെ പട്ടികളോടുപമിച്ച കേന്ദ്രമന്ത്രി വി.കെ സിങിന്റെ പ്രസ്താവന വ്യക്തിപരം മാത്രമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഹരിയാനയില്‍ തിങ്കളാഴ്ചയാണ് സവര്‍ണര്‍ ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. ഇവരുടെ വീടിന്റെ ജനലിലൂടെ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. രണ്ടരവയസുള്ള കുട്ടിയും പതിനൊന്ന മാസം പ്രായമായ കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

 

Latest