Gulf
യു എ ഇ സഹായം അനുഗ്രഹമായത് നാല് ലക്ഷത്തോളം യമനികള്‍ക്ക്
അബുദാബി: യു എ ഇ അധികൃതര്‍ നല്‍കിയ സാമ്പത്തിക സഹായം അനുഗ്രഹമായത് നാല് ലക്ഷത്തോളം യമനികള്‍ക്ക്. യു എ ഇ റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് യമനിലെ യുദ്ധം താറുമാറാക്കിയ സഹോദരങ്ങള്‍ക്ക് സഹായമെത്തിച്ചത്.
യു എ ഇയില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് യു എ ഇ റെഡ് ക്രസന്റ് യമനി ജനതക്ക് 18,000 മെട്രിക് ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ ഉള്‍പെടെയുള്ളവ എത്തിച്ചുനല്‍കിയത്. ഒമ്പത് കൂറ്റന്‍ കപ്പലുകളിലായാണ് ഇവ ഏഡന്‍ തുറമുഖത്ത് എത്തിച്ചത്. 14 കാറുകളിലായി ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സന്നദ്ധ സേവകരെയും ഏഡനിലേക്ക് യു എ ഇ റെഡ്ക്രസന്റ് എത്തിച്ചിട്ടുണ്ട്. 170 സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് യു എ ഇക്കായി സഹായം വിതരണം ചെയ്യാന്‍ ഏഡനില്‍ അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 4,300 കുടുംബങ്ങള്‍ക്ക് അത്യാവശ്യം വേണ്ടുന്ന വസ്തുക്കളാണ് യു എ ഇ അടിയന്തരമായി എത്തിച്ചിരിക്കുന്നത്.
യമന്‍ സര്‍ക്കാരിനെതിരെ യുദ്ധം തുടരുന്ന ഹൂത്തികള്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പ് എന്ന പേരില്‍ ശക്തമായ സൈനിക ആക്രമണമാണ് നടന്നുവരുന്നത്. ഈ ആക്രമണത്തിന്റെ നിര്‍ണായക വിജയമായിരുന്നു യമനിലെ പ്രമുഖ തുറമുഖ പട്ടണമായ ഏഡനെ അടുത്തിടെ മോചിപ്പിച്ചത്. റെഡ് ക്രസന്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 57,000ത്തോളം കുടുംബങ്ങള്‍ക്കാണ് യു എ ഇ അടുത്തിടെ സഹായമെത്തിച്ചത്. ഓരോ കുടുംബത്തിലും ശരാശരി ഏഴ് അംഗങ്ങള്‍ക്കായി മൊത്തം 3,99,000 ആളുകള്‍ക്ക് സഹായമെത്തിയതായി റെഡ് ക്രസന്റ് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 50 സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും 154 വിദ്യാലയങ്ങളുടെ പുനരുദ്ധാരണവും യു എ ഇ അധികൃതര്‍ ഏഡനില്‍ നടത്തിയിരുന്നു.
യുദ്ധം തകര്‍ത്ത നിരവധി ആശുപത്രികളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും പുനരുദ്ധരിക്കുന്നതിനും ആശുപത്രികള്‍ക്ക് ആവശ്യമായ ആംബുലന്‍സുകളും മരുന്നും ഉള്‍പെടയുള്ള സഹായങ്ങളും യു എ ഇ റെഡ്ക്രസന്റിലൂടെ നല്‍കിയിരുന്നു.
യമനില്‍ ഹൂത്തികള്‍ക്കെതിരായ യുദ്ധം തുടങ്ങിയതില്‍ പിന്നെ രാജ്യത്തിന് അറുപതില്‍പരം സൈനികരെയാണ് ബലിനല്‍കേണ്ടി വന്നത്. യൂസുഫ് സലിം അല്‍ കഅബി, മുഹമ്മദ് ഖല്‍ഫാന്‍ അബ്ദുല്ല സലീം അല്‍ സിയാഹി, അലി ഖാമിസ് സലീം അയദ് അല്‍ കത്ബി, അഹ്മദ് ഖമിസ് മുഅല്ല ഇദ്‌രിസ് അല്‍ ഹമ്മാദി, അബ്ദുല്‍ റഹ്മാന്‍ ഇബ്രാഹിം ഈസ അല്‍ ബലൂഷി, ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ഷേഹി, ഫഹീം സഈദ് അഹ്മദ് അല്‍ ഹബ്‌സി, ജുമ ജൗഹര്‍ ജുമ അല്‍ ഹമ്മാദി, ഹാസിം ഉബൈദ് അല്‍ അലി, സെയ്ഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി, അബ്ദുല്‍അസീസ് സര്‍ഹാന്‍ സാലിഹ് അല്‍ കഅബി, സുല്‍ത്താന്‍ സാലിഹ് അല്‍ ഷെഹി, റാശിദ് മുഹമ്മദ് അല്‍ ഷെഹി, അബ്ദുല്ല അഹ്മദ് അല്‍ ഷുമൈലി, സലിം റാശിദ് അല്‍ ഷെഹി, സുലൈമാന്‍ ജസിം അല്‍ ബലൂഷി, റാശിദ് അലി അല്‍ ഷെഹി, സഊദ് സാലിഹ് അല്‍ സദി തുടങ്ങിയവരാണ് രാജ്യത്തിനായി ജീവന്‍ ത്യജിച്ചത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രക്തസാക്ഷികളോടുള്ള ആദരസൂചകമായി നവംബര്‍ 30 രക്തസാക്ഷി ദിനമായി ആചരിക്കാന്‍ ഉത്തരവിട്ടിരുന്നു. രക്തസാക്ഷികള്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടിരുന്നു.