Connect with us

National

ദളിതര്‍ക്കെതിരായ അക്രമങ്ങളില്‍ രാജ്യത്ത് വന്‍ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പട്ടിക വിഭാഗങ്ങളുള്‍പ്പെടെ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി) റിപ്പോര്‍ട്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അനിയന്ത്രിതമായാണ് ന്യൂനപക്ഷങ്ങള്‍ക്ക് പുറമെ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുമുള്ള അതിക്രമങ്ങള്‍ കുതിച്ചുയരുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മോദി അധികാരത്തിലെത്തിയ 2014ല്‍ മാത്രം 58,515 കേസുകളാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6 ശതമാനവും പട്ടികജാതിക്കാര്‍ക്കെതിരെ 19 ശതമാനവും അതിക്രമങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം വര്‍ധിച്ചു. ദളിതര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ ഒറ്റപ്പെട്ടതായി ചിത്രീകരിക്കുന്ന ബി ജെ പി- സംഘ്പരിവാര്‍ നേതാക്കളുടെ തനിനിറം തുറന്നുകാട്ടുന്നതുമാണ് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെ പുറത്തുവിട്ട ഈ വിവരങ്ങള്‍.
കഴിഞ്ഞ ദിവസം ദളിത് കുടുംബത്തെ ജീവനോടെ തീക്കൊളുത്തിയ ഹരിയാനയില്‍ അതിക്രമങ്ങളുടെ എണ്ണത്തില്‍ 245 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നാണ് ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ ആക്രമണങ്ങളില്‍ തൊണ്ണൂറ് ദളിതര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാനയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 21 ദളിതരാണ് കൊല്ലപ്പെട്ടത്. െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ രാജ്യവ്യപാകമായി അന്വേഷണ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
എന്നാല്‍, അതിക്രമങ്ങള്‍ ചെറുക്കുന്നതിലും ഇത്തരം സംഭവങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിലും ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നതിലും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
1955ല്‍ പട്ടിക വിഭാഗമുള്‍പ്പെടെയുള്ള ദളിതര്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ വെറും 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അത് 1.38 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2014 വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്ത് ദളിത് അതിക്രമങ്ങള്‍ ക്രമാതീതമായി ഉയരുകയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എസ് സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളില്‍ 47,064 കേസുകളാണ് 2014ല്‍ രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ ഇത് 39,408 ആയിരുന്നു. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള 6793 കുറ്റകൃത്യങ്ങള്‍ 2013ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014ല്‍ ഇത് 11,451 ആയി ഉയര്‍ന്നു.
എന്‍ സി ആര്‍ ബി കണക്കുപ്രകാരം 2014ല്‍ 2,233 ദളിത് സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. 2013ല്‍ 2,073ഉം 2012ല്‍ 1,576ഉം ദളിത് സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കേസുകളും ഈ വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. 755 തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ് 2014ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ ഇത്തരത്തിലുള്ള 628 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമത്തില്‍ രാജസ്ഥാനാണ് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. 3,952 കേസുകളാണ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത് . 2,279 കേസുകളുമായി മധ്യപ്രദേശാണ് തൊട്ടുപിന്നില്‍. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉത്തര്‍ പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്. ഇത്തരത്തിലുള്ള 8,075 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഇതേസമയം കേരളത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തിനെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 135 കേസുകളും പട്ടിക ജാതി വിഭാഗത്തിനെതിരെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 816 കേസുകളുമാണ് രജിസറ്റര്‍ ചെയ്തത്.
അതേസമയം, ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നതിനപ്പുറം ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ അധികൃതര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിലവില്‍ 18,715 എണ്ണം തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണ്. പട്ടിക ജാതി വിഭാഗത്തിനെതിരായ 1,27,341 കേസുകളും തീര്‍പ്പാകാതെ കിടക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest