International
തായ്‌ലാന്‍ഡിന്റെ പുതിയ ഭരണഘടനയില്‍ ബുദ്ധമതത്തെ ഔദ്യോഗിക മതമാക്കാന്‍ സമ്മര്‍ദമേറുന്നു
ബാങ്കോക്ക് : തായ്‌ലാന്‍ഡില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നവര്‍ ബുദ്ധമതത്തെ ഔദ്യോഗിക മതമായി ഉള്‍പ്പെടുത്തുമെന്ന് നിരവധി ബുദ്ധ സംഘടനകള്‍ പ്രതീക്ഷിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ട്. ഇത്തവണ ഭരണഘടനാ ശില്‍പ്പികളോട് സമാധാനപരമായ മാര്‍ഗത്തിലൂടെയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെക്കുന്നതെന്ന് ബുദ്ധ അനുയായികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2007ല്‍ സൈന്യം സ്ഥാപിച്ച മുന്‍പ്രധാനമന്ത്രി സുരായുദ ്ചൗലാനോന്റിന്റെ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2007ലെ ഭരണഘടന രൂപവത്കരണ അസംബ്ലി ബുദ്ധമത്തെ ഔദ്യോഗിക മതമാക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തായ് പാര്‍ലിമെന്റിനു മുന്നില്‍ ബുദ്ധ സന്യാസിമാര്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. ഒരു സര്‍ക്കാറും ഒരു സമയത്തും ബുദ്ധമതത്തിന്റെ കാര്യത്തില്‍ താത്പര്യമെടുത്തില്ലെന്നും ഇത് മതത്തെ നിരസിക്കലാണെന്നും ബുദ്ധമതത്തെ മുന്നോട്ട് വെക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറി കോണ്‍ മീദി പറഞ്ഞു. ബുദ്ധ ക്ഷേത്രങ്ങളില്‍ ഹിന്ദു പ്രതിമകള്‍ സ്ഥാപിക്കുന്ന തരത്തിലുള്ള മതത്തെ കച്ചവടവത്കരിക്കുന്ന പരിശുദ്ധമല്ലാത്ത അവസ്ഥയില്‍നിന്നും ബുദ്ധമതത്തെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള മൂന്ന് പ്രവിശ്യ.കള്‍ ഒഴിച്ച് എല്ലാ പ്രവിശ്യകളിലും ഹരജിക്കായി ഒരു ലക്ഷത്തോളം ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 95 ശതമാനം പേരും ബുദ്ധമതക്കാരാണ്.