Connect with us

Kerala

കേരളാ ഹൗസ് മെനുവില്‍ ബീഫ് തുടരാന്‍ മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: കേരളാ ഹൗസ് മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാരിനോട് ശക്തമായ പ്രതിഷേധം അറിയിക്കും. കേരളാ ഹൗസിനെതിരെ ലഭിച്ച പരാതിയുടെ വിശ്വാസ്യത പരിശോധിക്കാതെയായിരുന്നു പൊലീസിന്റെ റെയ്ഡ്. ഈ നടപടി സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ ഹൗസിലുണ്ടായ സംഭവങ്ങളെ കേന്ദ്രം തള്ളിപ്പറയണം. പശുവിറച്ചി കേരളാ ഹൗസില്‍ വിതരണം ചെയ്തിട്ടില്ല. പ്രശ്‌നമുണ്ടാക്കാന്‍ ആരോ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. തെറ്റ് ന്യായീകരിക്കാന്‍ ഡല്‍ഹി പൊലീസ് ശ്രമിച്ചാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ബീഫ് കറി വില്‍പന കേരളാ ഹൗസിലെ ക്യാന്റീനില്‍ ഇന്ന് വീണ്ടും ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബീഫ് കറി വില്‍പന വീണ്ടും ആരംഭിച്ചത്. ക്യാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന് വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Latest