Articles
വെള്ളാപ്പള്ളിയും പശുവും
ഇടതുപക്ഷ യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് പരിഹസിക്കാന്‍ സംഘ്പരിവാര നേതാക്കള്‍ വലിയ ഉത്സാഹം കാണിക്കാറുണ്ട്. എന്നാല്‍ ഇതേ പരിഹാസം ഗോവ മുഖ്യമന്ത്രിയായ ബി ജെ പിക്കാരനും ബാധകമാണ്. എന്തെന്നാല്‍, “മറ്റെവിടെയൊക്കെ മാട്ടിറച്ചി നിരോധിച്ചാലും ഗോവയില്‍ നിരോധിക്കില്ലെന്നാ”ണ് ഗോവ മുഖ്യമന്ത്രി പ്രസ്താവിച്ചത്. ഇത് ഗോവയിലെ ക്രൈസ്തവരെ പ്രീണിപ്പിക്കാനാണെന്ന് സംഘ്പരിവാരം എന്തുകൊണ്ട് പരിഹസിക്കുന്നില്ല? ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബി ജെ പിക്കാര്‍ക്ക് പശു അമ്മയാണ്. അമ്മയെ കൊന്നുതിന്നുന്നവരെ കൊല്ലുന്നത് മക്കള്‍ ധര്‍മവുമാണ്.
എന്നാല്‍, ഇതേ ബി ജെ പിക്കാരന്‍ ഗോവയില്‍ എത്തിയാല്‍ ഗോമാതാവിനേക്കാള്‍ അയാള്‍ക്ക് വലുത് ഗോവയുടെ ഭരണാധികാരമാകും. കാരണം, ഗോവയില്‍ ഗോമാംസം നിരോധിച്ചാല്‍ പിന്നെ ബി ജെ പിക്കാര്‍ക്ക് അധികാരം നേടാനുള്ള വോട്ട് കിട്ടില്ല. വോട്ടിനും അതിലൂടെ കരഗതമാകുന്ന അധികാരത്തിനും വേണ്ടി ചില സംസ്ഥാനങ്ങളില്‍ പശുവിനെ അമ്മ എന്ന നിലയില്‍ പൂജിക്കുകയും വേറെ ചില സംസ്ഥാനങ്ങളില്‍ പശുവിനെ വെട്ടിത്തിന്നാനുള്ള നാല്‍ക്കാലി മാത്രമായി കരുതുകയും ചെയ്യുന്നവരാണ് ബി ജെ പിക്കാര്‍ എന്ന് വ്യക്തം. മറാത്തയില്‍ ഗോമാംസം ഭുജിക്കുന്നവനെ തുറുങ്കിലടക്കും, ഗോവയില്‍ ഗോമാംസം തിന്നുന്നവനെ തിരഞ്ഞുപിടിച്ച് മത്സരിപ്പിച്ച് വോട്ട് നേടാന്‍ നോക്കും. ഇതാണ് ആഭാസകരമായ അവസരവാദ രാഷ്ട്രീയം എന്ന് പറയുന്നത്.
“അപ്പപ്പോള്‍ കാണുന്നവനെ അപ്പനാക്കുന്ന” ഈ അവസരവാദ രാഷ്ട്രീയം തന്നെയാണ് കേരളത്തിലും ബി ജെ പി പയറ്റിക്കൊണ്ടിരിക്കുന്നത്. “പശുവിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലുക തന്നെ വേണം” എന്നാക്രോശിക്കുന്ന സാധ്വി പ്രാച്ചിമാരുടെ പാര്‍ട്ടിയായ ബി ജെ പി പശുവിറച്ചി തിന്നുന്ന വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഏറ്റവും വലിയ അവസരവാദ രാഷ്ട്രീയാഭാസം. ഈ രാഷ്ട്രീയാഭാസത്താല്‍ ഏറ്റവും കുഴപ്പത്തിലായിരിക്കുന്നത് സാധാരണ ബി ജെ പി പ്രവര്‍ത്തകരാണ്. ഗോമാതാവിന് “കീ ജയ്” വിളിച്ചാലാണോ ഗോമാംസം തിന്നുന്നവന് “കീ ജയ്” വിളിച്ചാലാണോ “ഹിന്ദു രാഷ്ട്രം” ഉണ്ടാക്കാനാകുക എന്ന ചെറിയ കാര്യത്തില്‍ പോലും അവര്‍ക്ക് വ്യക്തതയില്ലാതെ വന്നിരിക്കുന്നു. അതിനാല്‍, ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തില്‍, നാല്‍ക്കാലിയായ “ഗോവ്” എവിടെയൊക്കെ വെറും “തീറ്റമാംസ”മാകും എന്ന കാര്യത്തിലെങ്കിലും വ്യക്തത വരുത്താന്‍ സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ബി ജെ പി നേതൃത്വത്തിന് ബാധ്യതയുണ്ട്. അവരത് അവരുടെ സൗകര്യം പോലെ നിര്‍വഹിക്കട്ടെ.
പക്ഷേ, പാര്‍ട്ടിയൊക്കെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളി നടേശന്‍ കേരള ജനതയോട് മറുപടി പറയേണ്ട ഒരു ചോദ്യമുണ്ട്. വെള്ളാപ്പള്ളി ശ്രീനാരായണീയനാണോ എന്നതാണ് ആ ചോദ്യം. നാഴികക്ക് നല്‍പ്പത് വട്ടം താനാണ് ശ്രീ നാരായണ ധര്‍മ പരിപാലന യോഗത്തിന്റെ അമരക്കാരനെന്ന് കേരളത്തോട് പറഞ്ഞുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളിക്ക് പിണറായി വിജയനെക്കാളും വി എം സുധീരനെക്കാളും ശ്രീനാരായണ ധര്‍മം വ്യക്തി ജീവിതത്തില്‍ പരിപാലിക്കാനുള്ള ബാധ്യതയുണ്ട്. അതു കൊണ്ടാണ് വെള്ളാപ്പള്ളി ശ്രീനാരായണീയനാണോ എന്ന് ചോദിക്കേണ്ടിവരുന്നത്. “ഞാന്‍ പശുവിറച്ചി തിന്നിട്ടുണ്ട്, ഇനിയും തിന്നും” എന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്‍ തീറ്റക്കാര്യത്തില്‍ പോലും ശ്രീനാരായണ ധര്‍മാധര്‍മം പരിപാലിക്കാനാകാത്ത ആളാണെന്ന് തെളിയിച്ചിരിക്കുകയാണ്. കാരണം, മദ്യപാനവും മാംസ ഭോജനവും പാടെ വിലക്കിക്കൊണ്ടുള്ള ജീവിതാചാര വ്യവസ്ഥയാണ് നാരായണ ഗുരു തന്റെ അനുചരന്മാര്‍ക്കും ശിഷ്യന്മാര്‍ക്കും നിര്‍ദേശിച്ചിട്ടുള്ളത്. ഗുരു നിര്‍ദേശം അതാണെന്നതിന് തെളിവാണ് “ജീവകാരുണ്യ പഞ്ചകം” എന്ന ഗുരദേവ കൃതി. അതില്‍ ഗുരു എഴുതുന്നു:
“” കൊല്ലുന്നതുമെങ്ങനെ ജീവികളെ
തെല്ലും കൃപയറ്റു ഭുജിക്കയതും
കൊല്ലാ വ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം””
ജീവികളെ കൊല്ലാതിരിക്കുന്നത് ഉത്തമമാണ്. കൊന്നുതിന്നാതിരിക്കുന്നത് ഏറെ ഉത്തമമാണ് എന്നാണ് ഗുരു ശാസനം. ഈ ഗുരു ശാസനമെങ്കിലും ജീവിതത്തില്‍ ആചരിക്കാന്‍ ജാഗ്രത കാണിക്കുന്ന ഒരു ശ്രീനാരായണീയനും “പശുവിറച്ചി തിന്നാനോ ഇനിയും തിന്നുമെന്ന് പ്രഖ്യാപിക്കാനോ കഴിയില്ല. എന്നാല്‍, ശ്രീനാരയണ ധര്‍മ പരിപാലന യോഗത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ മേനി നടിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ “ഞാന്‍ പശുവിറച്ചി തിന്നും” എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതില്‍ നിന്ന് ജീവികളെ കൊന്നു തിന്നരുതെന്ന ഗുരു ശാസനം വ്യക്തിപരമായ ആഹാര കാര്യത്തില്‍ പോലും പരിപാലിക്കുക പതിവില്ലാത്ത ആളാണ് വെള്ളാപ്പള്ളി നടേശന്‍ എന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത്തരമൊരാള്‍ക്ക് ഗോവ മുഖ്യമന്ത്രിയെപ്പോലെയും മറ്റും ബി ജെ പിക്കാരനായിരിക്കാന്‍ യോഗ്യതയുണ്ടായിരിക്കും. പക്ഷേ, പശു ഇറച്ചി(എന്നല്ല ഏത് ഇറച്ചിയും) തിന്നുന്ന ഒരാള്‍ക്ക് ശ്രീനാരായണീയനാണെന്ന് അവകാശപ്പെടാനുള്ള മിനിമം യോഗ്യത പോലും ഇല്ല. അതിനാലാണ് പശു ഇറച്ചി തിന്നുന്ന ഒരാള്‍ ശ്രീനാരായണ ധര്‍മപരിപാലനം സ്വജീവിതത്തില്‍ പാലിക്കുന്ന ആളാണെന്ന് അവകാശപ്പെടുന്നത് എങ്ങനെ ശരിയാകും എന്ന് ചോദിക്കേണ്ടിവരുന്നത്. ഈ ചോദ്യത്തിനുള്ള വിശദീകരണം നല്‍കാത്തിടത്തോളം ഗുരു ധര്‍മത്തെ വ്യക്തിജീവിതത്തില്‍ പോലും പരിപാലിക്കാതെ കുരിശ്ശിലേറ്റുന്നവരുടെ മുന്‍ നിരയിലാണ് വെള്ളാപ്പള്ളി എന്നേ കരുതാനാകൂ.