National
കേരളാ ഹൗസിലെ റെയ്ഡ് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്ന് രാജ്‌നാഥ് സിങ്
പാറ്റ്‌ന: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ച് റെയ്ഡ് നടത്തിയ സംഭവത്തില്‍ മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സംഭവത്തില്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ബിഹാറില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു സേനാ നേതാവ് വിഷ്ണുഗുപ്തയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇത്തരം പരാതികള്‍ ലഭിച്ചാല്‍ കരുതലോടെയേ പ്രവര്‍ത്തിക്കാവൂ എന്ന് നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനെതിരെ കേരളത്തില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രി ഖേദപ്രകടനത്തിന് സന്നദ്ധത അറിയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത്.