Gulf
സിറാജ് എഡിഷന്‍ പ്രകാശിതമായി; ഖത്തറില്‍ ഇനി വാര്‍ത്തയുടെ വെണ്‍മ
ദോഹ: ഖത്തര്‍ മലയാളികളുടെ വാര്‍ത്താ അന്വേഷണങ്ങള്‍ക്ക് വെണ്‍മ നല്‍കി മലയാളത്തിന്റെ വാര്‍ത്താ പ്രകാശം തെളിഞ്ഞു. വളര്‍ച്ചാ വഴിയില്‍ ലോകത്തിന്റെ നെറുകയിലേക്കു ചുവടുവെക്കുന്ന അറേബ്യയിലെ കൊച്ചു രാജ്യത്ത് അരുചേരാത്ത മാധ്യമ സാന്നിധ്യമായി സിറാജിന്റെ വാര്‍ത്താ പുറങ്ങള്‍ ഇനി മലയാളികളോട് വര്‍ത്തമാനം പറയും. ദോഹയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സിറാജ് ദിനപത്രം ഏഴാമത് എഡിഷന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഖത്തര്‍ പ്രവാസികള്‍ക്കു സമര്‍പ്പിച്ചു. സിറാജിന്റെ ഗള്‍ഫിലെ മൂന്നാമത് എഡിഷനാണിത്.
ജനങ്ങള്‍ക്കിടയില്‍ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വയം തകരുമെന്നും ജനങ്ങളെ എല്ലാകാലത്തും വിഡ്ഢികളാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവരാണ് ഏറ്റവും വലിയ വിഡ്ഢി എന്നും ഖത്തര്‍ എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ജസ്റ്റിസ് കട്ജു പറഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ തകര്‍ച്ച ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടായ മോദി തരംഗം ഇന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് മോദിയും പാര്‍ട്ടിയും നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഉന്നത ജാതിക്കാരായ ഹിന്ദു മതമൗലിക വാദികള്‍ക്കിടയിലേക്ക് ബി ജെ പിയുടെ സ്വാധീനം താമസിയാതെ ചുരുങ്ങുമെന്ന് കട്ജു അഭിപ്രായപ്പെട്ടു.
പ്രകാശന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ്, ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ അഹ്മദ് യൂസുഫ് ആശിര്‍, ഖത്തര്‍ ന്യൂസ് ഏജന്‍സി വിദേശ മാധ്യമ വിഭാഗം പ്രതിനിധി ഖലീഫ ജാസിം അല്‍ കുവാരി, സുപ്രീം കോണ്‍സ്റ്റിറ്റിയൂഷന്‍ കോര്‍ട്ട് പ്രതിനിധി ഖലീഫ ബിന്‍ അലി അല്‍ കഅബി, ഖത്തര്‍ ചാരിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ഖാലിദ് അഹ്്മദ് ഫാറൂഖ്, ദോഹ സെന്റര്‍ ഫോര്‍ മീഡിയ ഫോറം ഇന്റര്‍ നാഷനല്‍ റിലേഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്ല മുആഖത്ത്, സിറാജ് പബ്ലിഷര്‍ സി മുഹമ്മദ് ഫൈസി, മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, സിറാജ് ഖത്തര്‍ എം ഡി സിദ്ദീഖ് പുറായില്‍, ഖത്തര്‍ ഐ സി എഫ് പ്രസിഡന്റ് അബ്്ദുര്‍റസാഖ് മുസ്്‌ലിയാര്‍ പറവണ്ണ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഹാജി, ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ ജലീല്‍ ഇര്‍ഫാനി സംസാരിച്ചു. സാംസ്‌കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ സന്ദേശം അബ്ദുല്‍ലത്വീഫ് സഖാഫി അവതരിപ്പിച്ചു.