Kerala
'കുടുംബ യോഗങ്ങള്‍ തുടങ്ങിയത് കമ്യൂണിസ്റ്റ് പാര്‍ട്ടി'
മലപ്പുറം: പാലക്കാടന്‍ വിപ്ലവ വീര്യം വാക്കിലും നോക്കിലും മുഴച്ചു നില്‍ക്കുന്ന മുന്‍മന്ത്രി കൂടിയായ ടി ശിവദാസ മേനോന്‍ ഇപ്പോള്‍ പാര്‍ലിമെന്ററി ജനാധിപത്യത്തോട് വിടപറഞ്ഞ് മഞ്ചേരിയിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്. ഇ എം എസ്, നായനാര്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ തട്ടകം എന്നും വിപ്ലവ പ്രസ്ഥാനത്തിന് വളക്കൂറുള്ള പാലക്കാടായിരുന്നു. പത്ത് വര്‍ഷം സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയായ അദ്ദേഹം സംസ്ഥാന സെക്രേട്ടറിയറ്റ് മെമ്പറായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. 1987, 91, 96 വര്‍ഷങ്ങളില്‍ മലമ്പുഴ നിയോജക മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ 1987ല്‍ ഊര്‍ജ-ഗ്രാമ വികസന വകുപ്പും 1996ല്‍ ധനകാര്യ എക്‌സൈസ് വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായി. അതിന് മുമ്പ് 1980, 81 വര്‍ഷങ്ങളില്‍ പാലക്കാട് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയായിരുന്നെന്ന് ചോദിച്ചാല്‍, കുറേയെല്ലാം വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കും. പിന്നെ കുടുംബ യോഗങ്ങളും. സംസ്ഥാനത്ത് കുടുംബ യോഗങ്ങള്‍ തുടങ്ങിവെച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴാണ് കോണ്‍ഗ്രസും ലീഗുമെല്ലാം കുടുംബ യോഗങ്ങള്‍ നടത്താന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം മന്ത്രി രമേശ് ചെന്നിത്തല ഒരു വാര്‍ഡില്‍ കുടുംബ യോഗത്തില്‍ പങ്കെടുക്കാനായി മാത്രം മഞ്ചേരിയിലെത്തിയല്ലോയെന്ന് മുന്‍മന്ത്രി ആരാഞ്ഞു.
വര്‍ഗീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും മതേതര ജനാധിപത്യ മുന്നണിയായ എല്‍ ഡി എഫിനായിരിക്കും ആത്യന്തിക വിജയമെന്നും ശിവദാസ മേനോന്‍ പറഞ്ഞു. യു ഡി എഫ് ഭരിക്കുമ്പോള്‍ പാലക്കാട്ട് വെച്ച് കരുണാകരന്റെ പോലീസ് തന്റെ മുട്ടിന്‍കാലിന് ലാത്തികൊണ്ട് മര്‍ദിച്ചു. ഇതിന്റെ അവശത ഇന്നും അനുഭവിക്കുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇ എം എസും നായനാരും മലമ്പുഴയില്‍ വന്നിരുന്നു. ജനഹൃദയങ്ങളില്‍ ജീവിക്കുന്ന നേതാക്കളായിരുന്നു അവര്‍. എസ് എന്‍ ഡി പിയും എന്‍ എസ് എസുമെല്ലാം സന്ദര്‍ഭത്തിനനുസരിച്ച് ഇടതിന് വോട്ട് ചെയ്തിരുന്നു. ഇന്നത്തെ ജാതി രാഷ്ട്രീയവും കൂട്ടുകെട്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പും അദ്ദേഹം മുന്നോട്ട് വെക്കുന്നു.
മലമ്പുഴയില്‍ ജനവിധി തേടുന്നതിന് മുമ്പ് നായനാരും ശേഷം വി എസ് അച്യുതാനന്ദനുമായിരുന്നു ജനപ്രതിനിധികള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം ബി രാജേഷിന് വോട്ടുചെയ്യാന്‍ താന്‍ പാലക്കാട്ടെത്തിയപ്പോള്‍ ജനം തനിക്കു സിന്ദാബാദ് വിളിച്ചതും ആവേശമായി സ്വീകരിച്ചതും ശിവദാസ മേനോന്‍ അയവിറക്കി.
പാലക്കാടന്‍ കാറ്റും സമരവീര്യവും തിരഞ്ഞെടുപ്പ് പോരാട്ടങ്ങളും വന്ദ്യവയോധികനായ മുന്‍മന്ത്രിയുടെ സ്മൃതിപഥത്തില്‍ തിരതല്ലി. 1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍ എയും സി എം പി നേതാവുമായ വി കൃഷ്ണദാസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 1987ല്‍ 12,000 വോട്ടും 91ല്‍ 1900 വോട്ടും 96ല്‍ 20,000 വോട്ടുമായിരുന്നു ഭൂരിപക്ഷം. സഹധര്‍മിണി ഭവാനിയമ്മയുടെ നിര്യാണ ശേഷം ഏറെക്കാലമായി മഞ്ചേരിയില്‍ മകള്‍ ലക്ഷ്മി ദേവിയുടെ കൂടെയാണ് താമസം. മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ അഡ്വ. സി ശ്രീധരന്‍ നായരാണ് മരുമകന്‍. രണ്ടാമത്തെ മകള്‍ കല്യാണിയും ഭര്‍ത്താവ് അഡ്വ. സി കെ കരുണാകരനും എറണാകുളത്താണ് താമസം. എം പിയും എം എല്‍ എയുമായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജി തന്റെ ഉറ്റ സുഹൃത്തായിരുന്നു.
മഞ്ചേരിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍, വരും ദിവസങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ പണമിറക്കുമെന്നും അതവര്‍ വോട്ടാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭരണമാറ്റം അനിവാര്യമാണെന്നുമായിരുന്നു പ്രതികരണം. ആരാണ് അധികാരത്തില്‍ വരേണ്ടതെന്ന് വോട്ടര്‍മാര്‍ക്കറിയാം. നിരവധി തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുകയും ഒട്ടേറെ തന്ത്രങ്ങള്‍ പയറ്റുകയും ചെയ്ത ശിവദാസ മേനോന്‍ പറഞ്ഞുനിര്‍ത്തി.