Kerala
ചക്കിട്ടപാറ ഖനനം: എളമരത്തിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ചക്കിട്ടപ്പാറ ഖനനാനുമതി കേസില്‍ മുന്‍ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. എസ് പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് വിന്‍സന്‍ എം പോള്‍ അംഗീകരിച്ചു. ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കാന്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന കരീം കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2009ലാണ് അനുമതി നല്‍കിയത്. ഇതിനായി അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസില്‍ സത്യം പുറത്തുവന്നെന്ന് എളമരം കരീം പ്രതികരിച്ചു. രാഷ്ട്രീയപ്രേരിതമായി ഉയര്‍ത്തിക്കൊണ്ടുവന്ന അടിസ്ഥാനമില്ലാത്ത ആരോപണമാണിത്. ആര് അന്വേഷിച്ചാലും ഇങ്ങനെയൊക്കെ തന്നെ സംഭവിക്കൂ. മാധ്യമങ്ങളിലൂടെയാണ് കേസ് എഴുതിത്തള്ളിയത് അറിയുന്നതെന്നും കരീം പറഞ്ഞു.