Articles
വേര്‍പിരിഞ്ഞ തണല്‍മരം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളില്‍ പ്രമുഖരും എസ് വൈ എസ് സംസ്ഥാന ട്രഷററുമായിരുന്ന മഞ്ചേശ്വരം മള്ഹറിന്റെ ശില്‍പ്പി അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ വഫാത്തിന്റെ നാല്‍പ്പതാം ദിനമാണ് ഇന്ന്. സമൂഹത്തിന് ആത്മീയതയുടെ തണല്‍ നല്‍കി പുതിയ ദിശാബോധം കാണിച്ച് ജനസേവകനായി ജീവിച്ച മഹാനെയാണ് ആ വിയോഗത്തോടെ നമുക്ക് നഷ്ടമായത്. ആ തണല്‍ മാഞ്ഞപ്പോള്‍ ഇരുട്ടിലായ സമൂഹം ആത്മനൊമ്പരത്തെ സഹനം കൊണ്ട് തരണം ചെയ്യുകയാണ്.
നേതാക്കളുടെ നിര്യാണത്തെ തുടര്‍ന്ന് സംഘടനാ കുടുംബം നാടുനീളെ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗങ്ങളും തഹ്‌ലീല്‍ സദസ്സുകളും ശൈഖുനായുടെ വിയോഗത്തിലും നടന്നിട്ടുണ്ടെങ്കിലും വീടുകള്‍ കേന്ദ്രീകരിച്ച് ഇത്തരം ആത്മീയ സദസ്സുകള്‍ നടന്നത് ഇക്കാക്കയുടെ വിയോഗത്തെ തുടര്‍ന്നാണ്. കേരള-കര്‍ണാടകയുടെ വിവിധ വീടുകളില്‍ നടന്ന അനുസ്മരണ വേദിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞപ്പോഴാണ് ജനം നല്‍കിയ അംഗീകാരത്തിന്റെ ആഴം മനസ്സിലായത്. ഇക്കാക്കയുടെ വിയോഗ വാര്‍ത്തയറിഞ്ഞതു മുതല്‍ ഇന്നു വരെ അണമുറിയാതെ മഞ്ചേശ്വരം മള്ഹറിന്റെ മുറ്റത്ത് സിയാറത്തിനെത്തുന്ന ജനങ്ങളുടെ വികാരനിര്‍ഭരമായ സ്‌നേഹത്തിന്റെ പിന്നിലെ ഗോപ്യം അറിയുമ്പോഴാണ് ആ പണ്ഡിത തേജസില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ച സ്‌നേഹത്തിന്റെ വിലയറിയുന്നത്. വഫാത്തിന്റെ ദിവസം കടലുണ്ടിയിലും മഞ്ചേശ്വരം മള്ഹറിലേക്കും ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍ തെളിയിക്കുന്നത് ഈയൊരു സ്‌നേഹ സന്ദേശമാണ്.
വന്ദ്യപിതാവ് സയ്യിദ് അഹ്മദുല്‍ ബുഖാരിയില്‍ നിന്ന് പകര്‍ന്നെടുത്ത ജീവിതത്തിന്റെ നേര്‍ചിത്രമാണ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയിലൂടെ ജനം അനുഭവിച്ചറിഞ്ഞത്. പുഞ്ചിരി, വാത്സല്യം, വിനയം ഇക്കാക്കയുടെ മുഖമുദ്രയാണ്. പരലോകത്ത് തുലാസില്‍ (മീസാന്‍) കൂടുതല്‍ ഭാരം തൂങ്ങുന്നത് സല്‍സ്വഭാവമാണ്. നാഥന് ഏറ്റവും ഇഷ്ടപ്പെട്ട അടിമയും സല്‍സ്വഭാവിയാണ്. നിങ്ങളില്‍ പരിപൂര്‍ണ വിശ്വാസി സല്‍സ്വഭാവിയാണെന്ന മുത്ത് നബിയുടെ തിരുവചനം അന്വര്‍ഥമാക്കിയ ജീവിതമായിരുന്നു ഇക്കാക്കയുടേതെന്ന് ഏവര്‍ക്കും സുപരിചിതമായ സത്യമാണ്.
പ്രാസ്ഥാനിക രംഗത്ത് പ്രവര്‍ത്തകരുടെ മനം മനസ്സിലാക്കി ഇടപെടാന്‍ കഴിഞ്ഞത് ഈയൊരു സ്വഭാവ ഗുണം നിമിത്തമാണ്. വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴെല്ലാം വിനയത്തോടെ പെരുമാറാന്‍ കഴിഞ്ഞത് ജനകീയനായ പ്രാസ്ഥാനിക നേതാവായി വളരാന്‍ കാരണമായി. ജ്ഞാനപ്രസരണ വഴിയില്‍ വിഘാതമാകുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ വിമുഖത കാട്ടിയ ഉസ്താദിന്റെ സംഘടനാ ജീവിതം തലമുറകള്‍ക്ക് പാഠമാണ്. ഹ്രസ്വമായ കാലയളവില്‍ താന്‍ നെഞ്ചിലേറ്റിയ പ്രസ്ഥാനത്തെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനും അവരെ നേര്‍വഴിയില്‍ നയിക്കാനും ഇക്കാക്കക്ക് സാധിച്ചു.
മഹല്ല് പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരവും സന്ദര്‍ശകര്‍ക്ക് സാന്ത്വനവും നല്‍കാന്‍ സമയം ചെലവഴിച്ചപ്പോള്‍ തന്നെ സംഘടന നിര്‍ദേശിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കാളിത്തം വഹിക്കാന്‍ സമയം കണ്ടെത്തിയത് നേതൃപാടവത്തിലെ ആത്മാര്‍ഥതയാണ്. 89ല്‍ സംഘടനാ നേരിട്ട പ്രതിസന്ധികള്‍ വകവെക്കാതെ വടക്കേ മലബാറിലെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കി എതിരാളികള്‍ക്ക് മുന്നില്‍ നെഞ്ചുറപ്പോടെ പ്രസ്ഥാനത്തെ നയിക്കാന്‍ സന്നദ്ധത കാണിച്ചത് സംഘടനാ വളര്‍ച്ചക്ക് വഴിതെളിയിച്ചു. പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്ത് മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി എന്ന വിദ്യാഭ്യാസ സമുച്ഛയം പടുത്തുയര്‍ത്താന്‍ കാണിച്ച പരിശ്രമം അനുപമമാണ്. ദേശീയ പാതയോരത്ത് ശൈഖുനാ നട്ടുനനച്ച മള്ഹറിന്റെ മുറ്റത്ത് തന്നെ അന്തിയുറങ്ങാന്‍ കഴിഞ്ഞത് അവിടുത്തെ ലക്ഷ്യസാക്ഷാത്കാരമാണ്. ബാഖിയാത്തിലെ പഠനകാലത്ത് മനസ്സില്‍ മൊട്ടിട്ട ആഗ്രഹം പൂവണിഞ്ഞത് കാണുമ്പോള്‍ ഖല്‍ബ് കുളിരണിയിക്കുന്നു. നാടിന് ആത്മീയ സൗരഭ്യം പരത്തി നേതൃരംഗത്ത് തിളങ്ങിനിന്ന സൂര്യതേജസ് വിടവാങ്ങിയപ്പോള്‍ സൂര്യന്‍ നട്ടുച്ചക്ക് അസ്തമിച്ചാലുണ്ടാകുന്ന പ്രതീതിയാണ് സുന്നീ സമൂഹം അനുഭവിച്ചത്.
താജുല്‍ ഉലമയുടെ ക്ഷണപ്രകാരം 1985ല്‍ മഞ്ചേശ്വരത്തെത്തിയ ശൈഖുനായുടെ ജീവിതത്തിലെ സിംഹഭാഗവും ചെലവഴിച്ചതും ഒടുവില്‍ അന്തിയുറങ്ങാന്‍ തിരഞ്ഞെടുത്തതും കാസര്‍കോടാണ്. അവിടുത്തുകാര്‍ ഇക്കാക്കക്ക് നല്‍കിയ ആദരവ് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ എവിടെ വെച്ച് മരിച്ചാലും എന്നെ മഞ്ചേശ്വരം മള്ഹറില്‍ കൊണ്ടുപോകണമെന്ന് ഇടക്കിടെ പറയുമായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനപാരമ്പര്യം കാസര്‍കോട് ജില്ലക്ക് വിദ്യാഭ്യാസ രംഗത്ത് പുതു അധ്യായമാണ് തുന്നിച്ചേര്‍ത്തത്. അവിടുത്തോടൊപ്പം അല്ലാഹു നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുമാറാകട്ടെ…