Connect with us

Kerala

ഇടതിന്റെ വിളവെടുപ്പ്

Published

|

Last Updated

കാറ്റ് മാറി വീശിത്തുടങ്ങുകയാണോ? സെമിഫൈനല്‍ വിശേഷണം എല്ലാവരും നല്‍കിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടായപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. ഈ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഇനി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കായി കാതോര്‍ക്കുകയാണ് കേരളം. 941 ഗ്രാമപഞ്ചായത്തുകളില്‍ 550 ഓളം പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് അധികാരത്തിലെത്തിയിരിക്കുന്നു. യു ഡി എഫിന് ഭരണം ലഭിച്ചതാകട്ടെ 370 ഓളം പഞ്ചായത്തുകളിലാണ്. പത്തിലധികം പഞ്ചായത്തുകളിലാണ് ബി ജെ പിയുടെ മുന്നേറ്റം. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമെല്ലാം എല്‍ ഡി എഫിന് തന്നെയാണ് മേല്‍ക്കൈ. ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതിന് മേധാവിത്വമുണ്ട്. ഏഴ് വീതം ജില്ലാപഞ്ചായത്തുകള്‍ ഇരുമുന്നണികള്‍ക്കും ലഭിച്ചെങ്കിലും യു ഡി എഫിനെ സംബന്ധിച്ച് ഫലം ആശ്വാസം നല്‍കുന്നതല്ല.
തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് വിളവെടുത്തത് എല്‍ ഡി എഫ് ആയതിനാല്‍ കാര്യങ്ങള്‍ ഒരു പരിധി വരെ ഭദ്രമാണെന്ന് അവര്‍ക്ക് ആശ്വസിക്കാം. എന്ത് കണക്കുകള്‍ നിരത്തിയാലും തിരിച്ചടി യാഥാര്‍ഥ്യമാണെന്നത് യു ഡി എഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടേ മതിയാകൂ. ചിലയിടങ്ങളിലെങ്കിലും ബി ജെ പി നടത്തിയ മുന്നേറ്റം ആഴത്തിലുള്ള പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അകലം ആറ് മാസം മാത്രമാണെന്നതിനാല്‍ ഭരണത്തുടര്‍ച്ചയെന്ന യു ഡി എഫ് അവകാശവാദത്തിന് മേല്‍ കരിനിഴല്‍ വീണിരിക്കുന്നു. കോണ്‍ഗ്രസ് മുതല്‍ കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിന് വരെ പഠിക്കാന്‍ ഏറെയുണ്ടെന്നാണ് ഈ ഫലം പറയുന്നത്.
2009ന് ശേഷമുള്ള തുടര്‍ച്ചയായ യു ഡി എഫ് മുന്നേറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പില്‍ ഫുള്‍സ്റ്റോപ്പ് വീണിരിക്കുന്നത്. മത്തായി ചാക്കോ മരിച്ച ഒഴിവില്‍ നടന്ന തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം ഒരു തിരഞ്ഞെടുപ്പിലും ഇടത് മുന്നണിക്ക് മേല്‍ക്കൈ ലഭിച്ചിട്ടില്ല. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ഇടതിന് കിട്ടിയത് വെറും നാല് സീറ്റ്. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വന്‍തിരിച്ചടി തന്നെ. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് ഇടത് മുന്നണിക്കുണ്ടായത്. തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തിയെങ്കിലും അധികാരം യു ഡി എഫിനായിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ ശേഷം പിറവം, നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും ജയം യു ഡി എഫിനായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 12 സീറ്റ് നേടി ഈ മുന്നേറ്റം ആവര്‍ത്തിച്ചു. ഏറ്റവുമൊടുവില്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല. ഈ തുടര്‍ച്ച മുറിയുകയാണ് ഇപ്പോള്‍.
ഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണ് ഓരോ തിരഞ്ഞെടുപ്പിനെയും മുഖ്യമന്ത്രി വിശേഷിപ്പിക്കാറുള്ളത്. അങ്ങനെ കഴിഞ്ഞ വിജയങ്ങളുടെയെല്ലാം ക്രെഡിറ്റ് മുഖ്യമന്ത്രിയില്‍ വന്നുചേര്‍ന്നിരുന്നു. ഈ അര്‍ഥത്തില്‍ ഇത്തവണത്തെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വാഭാവികമായും മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണ്.
യു ഡി എഫിന്റെ കണക്കുകള്‍ പാടെ പിഴച്ചിരിക്കുന്നു. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്നുമുള്ള കെ പി സി സി പ്രസിഡന്റിന്റെ അഭിപ്രായത്തില്‍ തന്നെ എല്ലാം ഒളിഞ്ഞിരിപ്പുണ്ട്. സര്‍ക്കാര്‍ തലത്തിലും മുന്നണി തലത്തിലും പാര്‍ട്ടി തലത്തിലും വേണ്ട തിരുത്തലുകളെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സൂചിപ്പിച്ചിരിക്കുന്നു. ഇത് ഏതെല്ലാം തലത്തിലായിരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിശകലനത്തിനായി കെ പി സി സി നേതൃയോഗം ചേരുന്നുണ്ട്. 11, 12നും നിശ്ചയിച്ച ഈ യോഗം എന്തെല്ലാം തിരുത്തലുകള്‍ വരുത്തുമെന്നാണ് ഉറ്റുനോക്കുന്നത്. ബാര്‍ കോഴ വിഷയത്തില്‍ എന്തെങ്കിലും ഒരു തീര്‍പ്പ് ഇനിയും നീട്ടിവെക്കാനാകില്ല. കോണ്‍ഗ്രസില്‍ നിന്ന് മാണിയുടെ രാജി ആവശ്യം ഉയരുമെന്ന കാര്യം ഉറപ്പാണ്. പാല നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് ഭൂരിപക്ഷം നേടിയെന്ന മാണിയുടെ ന്യായീകരണത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരുമുഴം നീട്ടിയുള്ള പ്രതിരോധമാണ്. തിരഞ്ഞെടുപ്പ് ഫലം പറഞ്ഞ് തന്റെ രാജി ആവശ്യം ഉയര്‍ത്തേണ്ടെന്ന് പറയാതെ പറയുകയാണ് മാണി. പാല മാത്രമല്ല കേരളം എന്ന ടി എന്‍ പ്രതാപന്റെ മറുപടിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. സംഭവിക്കുന്നത് എന്തെന്ന് ഇനി കാത്തിരുന്ന് കാണുക തന്നെ.
അനുകൂല വിധിയെ സി പി എമ്മും ആഴത്തില്‍ വിലയിരുത്തണം. ചെറിയ തിരുത്തലുകള്‍ അവര്‍ക്കും അനിവാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അരുവിക്കരയിലുമുണ്ടായ തോല്‍വിയില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടതിന്റെ വിജയം കൂടിയാണ് ഇത്. മതനിരപേക്ഷതയെന്ന ഉറച്ച നിലപാട് മുന്‍നിര്‍ത്തി വര്‍ഗീയതക്കെതിരെ എല്‍ ഡി എഫ് നടത്തിയ പോരാട്ടത്തെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒരു പോലെ പിന്തുണച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി പറയുന്നത്. മുന്നണിയിലെയും പാര്‍ട്ടിയിലെയും ഐക്യവും എല്‍ ഡി എഫിനെ തുണച്ചു.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഈ തിരഞ്ഞെടുപ്പില്‍ വഹിച്ച റോള്‍ വിസ്മരിച്ച് മുന്നോട്ടുപോകാന്‍ സി പി എമ്മിന് കഴിയില്ല. വിഭാഗീയതയില്‍ വി എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിക്കുള്ള കരുക്കള്‍ നീക്കുന്നത് നിര്‍ത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും ഈ ചാപ്റ്റര്‍ സി പി എമ്മിന് ഇനി അടച്ചുവെക്കേണ്ടി വരും. ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കണ്ണൂരില്‍ നിന്ന് പോലും വി എസിനെ മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍ ഇത്തവണ കേരളമൊട്ടുക്കും സി പി എമ്മിന് വേണ്ടി ഇറങ്ങിക്കളിച്ചത് വി എസ് ആയിരുന്നു. ബി ജെ പിയുമായി ചേര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ നീക്കം പ്രതിരോധിച്ചത് വി എസിലൂടെയായിരുന്നു. എസ് എന്‍ ഡി പി- ബി ജെ പി കൂട്ടുകെട്ട് സൃഷ്ടിക്കാനിടയുള്ള അപകടം മുന്‍കൂട്ടിക്കണ്ട് മുളയിലേ നുള്ളാന്‍ വി എസ് പരിശ്രമിച്ചു. എസ് എന്‍ ഡി പിയെ സംഘ്പരിവാര്‍ ആലയത്തില്‍ കെട്ടാനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കണമെന്ന ആഹ്വാനവുമായാണ് അദ്ദേഹം കളംനിറഞ്ഞത്. മൈക്രോഫിനാന്‍സ് അഴിമതിയും ശാശ്വതീകാനന്ദയുടെ മരണവുമെല്ലാം സജീവ ചര്‍ച്ചയാക്കി എസ് എന്‍ ഡി പി- ബി ജെ പി സഖ്യത്തെ വി എസ് തുറന്നുകാട്ടി.
തിരുവനന്തപുരത്ത് ഉള്‍പ്പെടെ ബി ജെ പി മുന്നേറ്റം നടത്തിയെന്ന് പറയുമ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലും അവര്‍ നേടിയ വോട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിന്നാക്കം പോകുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് ലോക് സഭാസീറ്റിലേക്ക് ഒ രാജഗോപാല്‍ മത്സരിച്ച ഘട്ടത്തില്‍ 62 കോര്‍പറേഷന്‍വാര്‍ഡുകളില്‍ ബി ജെ പി മുന്നിലായിരുന്നു. അതിപ്പോള്‍ നേര്‍പകുതിയായി ചുരുങ്ങി. മാത്രമല്ല, അന്ന് മൂന്നാം സ്ഥാനത്തായിരുന്ന ഇടത് മുന്നണി ഒന്നാമതോ രണ്ടാമതോ എത്തുകയും ചെയ്തു. അവിടെ നഷ്ടം സഭവിച്ചത് കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ കുറെയേറെ ബി ജെ പിക്ക് അനുകൂലമായി ചോര്‍ന്നു. ബി ജെ പിയുടെ വര്‍ഗീയ നയങ്ങളെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ശബ്ദം മൃദുവായിരുന്നുവെന്ന ആരോപണം ഇതോട് ചേര്‍ത്ത് വായിക്കേണ്ടതല്ലേയെന്ന് തോന്നിപ്പിക്കുന്നത് കൂടിയാണ് ഈ ഫലം.
മുസ്‌ലിം ലീഗിനോടും ചിലതെല്ലാം ഈ തിരഞ്ഞെടുപ്പ് ഫലം പറയുന്നുണ്ട്. ലീഗ് വിരുദ്ധ മുന്നണിയാണ് കൊണ്ടോട്ടിയില്‍ ഭരണം പിടിച്ചത്. ലീഗ് കോട്ടയായ തിരൂരില്‍ എല്‍ ഡി എഫ് അധികാരത്തിലെത്തി. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന് പകരം ലീഗിന്റെ സ്വാര്‍ഥ താത്പര്യങ്ങളും സംഘടനാപരമായ ഏകാധിപത്യവും പരാജയത്തിന് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം. മുസ്‌ലിം സംഘടനകളുടെ പൊതു പ്ലാറ്റ്‌ഫോം എന്നൊക്കെ മധുരമുള്ള വര്‍ത്തമാനം പറയാം. പ്രായോഗികതലത്തില്‍ ഇത് എങ്ങനെയാണ് നടക്കുന്നതെന്നും ആരാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്നും ഇനിയെങ്കിലും തിരിച്ചറിയണം.
യു ഡി എഫിലേക്ക് പോയ ആര്‍ എസ് പിയോടും എല്‍ ഡി എഫിലേക്ക് പോയ ആര്‍ ബാലകൃഷ്ണപിള്ളയോടും വോട്ടര്‍മാര്‍ പറയുന്നത് അവസരവാദം അംഗീകരിക്കില്ലെന്നാണ്. ലോക്‌സഭയിലേക്ക് എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരിച്ച് ജയിച്ചത് വിസ്മരിച്ചല്ല ഇത് പറയുന്നത്. ഗൗരിയമ്മയുടെ ജെ എസ് എസിനും ആലപ്പുഴയില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാനായിട്ടില്ല. ജെ ഡി യുവിന്റെ സ്ഥിതിയും മറിച്ചല്ല. യു ഡി എഫുമായി ഇടഞ്ഞുനില്‍ക്കുന്ന ജെ ഡി യു ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.

---- facebook comment plugin here -----

Latest