National
മോദി- ഷാ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടും
ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ ജയത്തിന് ശേഷം ഡല്‍ഹിക്ക് പിന്നാലെ ബീഹാറും കൈവിട്ടതോടെ ബി ജെ പിയിലും മുന്നണിയിലും നരേന്ദ്രമോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുമെ ന്ന് ഉറപ്പായി. കോടികളുടെ പദ്ധതി വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കളംനിറഞ്ഞ് കളിച്ചിട്ടും ബീഹാറില്‍ തിരിച്ചടിയുണ്ടായത് വ്യക്തിപരമായി നരേന്ദ്രമോദിക്ക് ഏറെ ക്ഷീണമുണ്ടാക്കും. ബീഹാറില്‍ 30ലധികം തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലാണ് മോദി പ്രസംഗിച്ചത്. തന്ത്രജ്ഞനായ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഒരു ഡസനോളം മന്ത്രിമാരും സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രചാരണം നയിച്ചത്.
ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തില്‍ തോല്‍വിയാണെങ്കില്‍ അത് ചെറിയ മാര്‍ജിനിലുള്ളതായിരിക്കുമെന്ന കണക്കുകൂട്ടലാണ് ബി ജെ പിക്ക് ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രചാരണം ഫലിക്കുന്നില്ലെന്ന് വ്യക്തമായതോടെ അവസാന നിമിഷം കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി പാപഭാരം അവരുടെ തലയില്‍ കെട്ടിവെച്ച് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മറ്റാരുമില്ലെന്നത് മോദിയെ പാര്‍ട്ടിക്കള്ളില്‍ പ്രതിരോധത്തിലാക്കിയേക്കും.
ആര്‍ എസ് എസിന്റെ പരോക്ഷ പിന്തുണയോടെ പ്രധാനമന്ത്രിയാകാനുള്ള കരുനീക്കം ആരംഭിച്ചത് മുതല്‍ പാര്‍ട്ടിയിലും മുന്നണി സംവിധാനത്തിലും വെട്ടിയും വീഴ്ത്തിയും നരേന്ദ്ര മോദി നേടിയെടുത്ത അപ്രമാദിത്വത്തിന് നേരെയാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, രാംജത് മലാനി, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ചവിട്ടിമെതിച്ച് പാര്‍ട്ടിയിലും മുന്നണിയിലും തനിക്ക് നേരെ ഉയരുന്ന ശബ്ദങ്ങള്‍ ഇല്ലാതാക്കി മുന്നേറുന്നതിനിടയിലാണ് ബീഹാര്‍ ജനത മോദിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നത്.
ആര്‍ എസ് എസിന്റെ പിന്തുണയുറപ്പിച്ച് മോദി- അമിത് ഷാ സഖ്യം എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ പാര്‍ട്ടിയില്‍ ചെറിയ തോതില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനെതിരെ ശബ്ദിക്കാന്‍ കാര്യമായി ആരും ധൈര്യപ്പെട്ടിരുന്നില്ല. ഇതിനിനി മാറ്റമുണ്ടായേക്കും.