International
അഫ്ഗാനില്‍ താലിബാന്‍ സംഘങ്ങള്‍ ഏറ്റുമുട്ടി; 50ഓളം പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ രണ്ട് താലിബാന്‍ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ഇരുഭാഗത്തുനിന്നുമായി 50ഓളം പേര്‍ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ പുതിയ നേതാവ് മുല്ല മുഹമ്മദ് റസൂലിന്റെ അണികളും മറ്റൊരു നേതാവായ മുല്ല അക്തര്‍ മന്‍സൂറിനോട് കൂറുപുലര്‍ത്തുന്നവരും സബുല്‍ പ്രവിശ്യയില്‍വെച്ച് ഞായറാഴ്ച ഏറ്റുമുട്ടുകയായിരുന്നു.
ഇരു വിഭാഗവും തമ്മിലുള്ള കനത്ത പോരാട്ടത്തെത്തുടര്‍ന്ന് സാധാരണ ജനങ്ങള്‍ ഇവിടം വിട്ടുപോയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലുള്ള അര്‍ഗാന്‍ദാബ് ജില്ലയിലെ സബുലിലാണ് പോരാട്ടമെന്നും തങ്ങള്‍ സൈനിക സഹായം തേടിയതായും അദ്ദേഹം പറഞ്ഞു. ഹൈ കൗണ്‍സില്‍ ഓഫ് അഫ്ഗാനിസ്ഥാന്‍ ഇസ്‌ലാമിക് എമിറേറ്റ് എന്നറിയപ്പെടുന്ന താലിബാന്റെ ഒരു വിഭാഗം ഇസില്‍ പോരാളികള്‍ക്കൊപ്പം ചേര്‍ന്നതായി ദക്ഷിണ സബുല്‍ പ്രവിശ്യ ഗവര്‍ണര്‍ അന്‍വാര്‍ ഇസ്ഹാഖ് പറഞ്ഞു. മുല്ലാ റസൂലിനെ പിന്തുണക്കുന്ന താലിബാന്‍ വിഭാഗത്തിനാണ് ഇസിലിന്റെയും ഉസ്‌ബെക് പോരാളികളുടെയും പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. റസൂല്‍ സംഘത്തിലെ 40 പേരും മന്‍സൂര്‍ സംഘത്തിലെ പത്ത് പേരുമാണ് കൊല്ലപ്പെട്ടതെന്നും ഇസ്ഹാഖ് പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് ഇസിലുമായി ബന്ധമില്ലെന്ന് ഒരു ഗ്രൂപ്പിലും പെടാത്ത താലിബാന്‍ വക്താവ് അബ്ദുല്‍ മനാന്‍ നിഅസി പറഞ്ഞു.