Kerala
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയില്‍
കൊച്ചി: ബാര്‍കോഴ വിവാദത്തില്‍ അകപ്പെട്ട ധനമന്ത്രി കെ എം മാണിയെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സര്‍ക്കാര്‍ കോടതി കയറിയിറങ്ങുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലെന്ന് സൂചന. വിവാദത്തിനിടയില്‍ സംസ്ഥാനത്തിന്റെ 500 കോടിരൂപയുടെ ഒരു കടപ്പത്രലേലം കൂടി ഇന്നലെ മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടന്നു. ബാര്‍ കോഴ വിവാദത്തിന്റെയും തദ്ദേശ തെരെഞ്ഞെടുപ്പ് ഫലത്തിന്റെയും ചര്‍ച്ചകളില്‍ നാട് മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഒരു കടപ്പത്രം കൂടി ധനവകുപ്പ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിനമായ വെള്ളിയാഴ്ച തന്നെ കടപ്പത്രം പുറത്തിറക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശനിയാഴ്ചയായിരുന്നു ഈ വിവരം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് വഴി പ്രസിദ്ധീകരിച്ചതും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം ഒരുമാസത്തിനിടയിലാണ് രണ്ടാമത്തെയും കടപ്പത്രമിറക്കിയിരിക്കുന്നത്. ദൈനംദിന ചെലവുകള്‍ നടത്താന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് ധനവകുപ്പ് വഴി വീണ്ടും കടപ്പത്രമിറക്കിയത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കല്ല ,പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കാനും മറ്റുമായാണ് ഇത് ചെലവഴിക്കുന്നത്. കഴിഞ്ഞ 23 ന് 1500 കോടി രൂപയുടെ കടപ്പത്രം ധനവകുപ്പ് പുറത്തിറക്കിയിരുന്നു.ഈ സാമ്പത്തിക വര്‍ഷം മാത്രം പുറപ്പെടുവിച്ച കടപ്പത്രം ഇതോടെ 7000 കോടിരൂപയിലെത്തി. സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍പോലും പണമില്ലാത്ത തരത്തില്‍ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നാണ് വിവരം. തിരെഞ്ഞെടുപ്പ് കാലത്ത് പോലും രണ്ടായിരം കോടിയോളം വരുന്ന ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. സാമ്പത്തികഞെരുക്കം മറച്ചുവെക്കാന്‍ നിലവില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഡിബിറ്റി സംവിധാനം പരാജയപ്പെട്ടതാണ് പെന്‍ഷന്‍ കുടിശ്ശികക്കിടയാക്കിയതെന്നായിരുന്നു തിരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
ഓപണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് സൗകര്യം ഉപയോഗിച്ചാണ് കോടികള്‍ സര്‍ക്കാര്‍ കടമെടുക്കുന്നത്. പത്ത് വര്‍ഷ കാലാവധിയിലാണ് ഇപ്പൊള്‍ പുറപ്പെടുവിച്ചിരിക്കുന്ന കടപ്പത്രം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും പതിനായിരം കോടിയില്‍പ്പരം സര്‍ക്കാര്‍ കടമെടുത്തിരുന്നു. ദൈനംദിന ചെലവുകള്‍ക്കായി ഇനിയും കടമെടുക്കേണ്ടി വന്നാല്‍ സാമ്പത്തിക വര്‍ഷാവസാനം വീണ്ടും പ്രതിസന്ധിയിലാകും. സാമ്പത്തികാവസാനം വിവിധ കുടിശ്ശികകള്‍ തീര്‍ക്കാനും സര്‍ക്കാരിന് കഴിയാതെ വരും.13000 കോടിവരെയാണ് ഈ വര്‍ഷം കടമെടുക്കാനാവുക. അങ്കണ്‍വാടികള്‍ക്കും മറ്റുമായി നല്‍കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണം സര്‍ക്കാര്‍ വഴിമാറ്റി ചെലവഴിക്കുന്നതായും ഈപണം ദൈനം ദിന ചെലവുകള്‍ക്കായി ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ ധനസ്ഥിതി പരിഹരിക്കുന്നതെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക് സിറാജിനോട് പറഞ്ഞു.ഈ സര്‍ക്കാറിന്റെ ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ അടുത്ത സര്‍ക്കാരിനാകും സാമ്പത്തിക സ്ഥിതി ഭദ്രമല്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ നേരിടേണ്ടി വരിക- അദ്ദേഹം പറഞ്ഞു.