Connect with us

Kerala

ശബരിമല റോഡുകള്‍ക്ക് സമഗ്ര പദ്ധതിയുമായി പൊതുമരാമത്ത്

Published

|

Last Updated

കൊച്ചി: ശബരിമലയിലേക്കുള്ള മുഴുവന്‍ റോഡുകളും സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഹൈടെക് ആക്കുന്നതിന് സമഗ്ര പദ്ധതി ഒരുങ്ങുന്നു. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് ഇതിനായുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. ശബരിമലയിലേക്കുള്ള 17 റോഡുകളില്‍ ഇപ്പോള്‍ ഗ്യാരന്റിയോടെ ഹെവി മെയിന്റനന്‍സ് പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് റോഡുകളിലും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതുവരെ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണമായും ഗതാഗതയോഗ്യമാക്കും.
കോടികള്‍ ചെലവിട്ട് വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പകരം വര്‍ഷങ്ങളോളം ഈട് നില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുന്നതിനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത് ഈവര്‍ഷത്തെ തീര്‍ഥാടന സീസണിന്റെ ഭാഗമായി ശബരിമല റോഡുകളും അനുബന്ധ റോഡുകളും 100% കുഴിവിമുക്തമായതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. ശബരിമല റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും 90% പൂര്‍ത്തിയായിട്ടുണ്ട്.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെ ശബരിമലയിലേക്കുള്ള 1600 കിലോമീറ്റര്‍ റോഡുകളുടെ പ്രവൃത്തികള്‍ സീസണിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊതുമരാമത്തിന് കീഴിലുള്ള റോഡ്‌സ്, ദേശീയപാത, കെ.എസ്.ടി.പി. എന്നീ വിഭാഗങ്ങളിലായി 682 പ്രവൃത്തികളാണ് ആറ് ജില്ലകളിലായി പൂര്‍ത്തിയായി വരുന്നത്.
ഇതിനുപുറമെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മൂന്ന് വര്‍ഷ ഗ്യാരന്റിയോടെ 76 കോടി രൂപ ചെലവില്‍ ഹെവി മെയിന്റനന്‍സ് നടത്തുന്ന 115 കിലോമീറ്റര്‍ റോഡുകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമായി. ഇതിനുപുറമെ മണ്ണാറക്കുളഞ്ഞി – പമ്പാ റോഡിലും, മുണ്ടക്കയം എരുമേലി റോഡിലും ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്ന സുരക്ഷാജോലികളും പൂര്‍ത്തിയായി.

Latest