Connect with us

Articles

സെമി ഫൈനലിലെ സെല്‍ഫ് ഗോളുകള്‍

Published

|

Last Updated

ആകെ കലങ്ങിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. അതിന്റെ ഫലം ചില വസ്തുതകള്‍ തെളിയിച്ച് നല്‍കുന്നുണ്ട്. ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും അതിനൊത്ത വിജയം നേടാന്‍ ഇടത് ജനാധിപത്യ മുന്നണിക്കായില്ലെന്നതാണ് ഒന്ന്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താല്‍ 2010ലൊഴികെ മുന്നിലെത്താന്‍ കഴിയാതിരുന്ന യു ഡി എഫിന് വലിയ പരുക്കേല്‍ക്കാതെ പിടിച്ചുനില്‍ക്കാനായി എന്നതാണ് രണ്ടാമത്തേത്. മൂന്നാമതായി രണ്ട് മുന്നണികളുടെയും വോട്ടുകളിലേക്ക് കടന്നുകയറാന്‍ കഴിയും വിധത്തില്‍ ബി ജെ പി സാന്നിധ്യമറിയിച്ചതാണ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കും ഈഴവ സമുദായത്തിനകത്തോ പുറത്തോ വോട്ട് മറിക്കാന്‍ പാകത്തിലുള്ള സ്വാധീനമൊന്നുമില്ലെന്ന് തെളിഞ്ഞതാണ് നാലാമത്തേത്.
941 പഞ്ചായത്തുകളില്‍ 549 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 90ലും 14 ജില്ലാ പഞ്ചായത്തില്‍ ഏഴിലും 86 മുനിസിപ്പാലിറ്റികളില്‍ 44ലും ആറ് കോര്‍പ്പറേഷനുകളില്‍ നാലിലും ഇടത് ജനാധിപത്യ മുന്നണിയാണ് മുന്നിലെത്തിയത്. കേരളത്തിലാകെ ഇടതിനൊരു മേല്‍ക്കൈ ലഭിച്ചുവെന്ന് ഈ കണക്കുകളെ ആധാരമാക്കി പൊതുവില്‍ പറയാനാകും. കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇടതിന് വലിയ ആധിപത്യമുണ്ട്. തിരുവനന്തപുരത്തും ആലപ്പുഴയിലും യു ഡി എഫിനേക്കാള്‍ ഏറെ മുന്നിലാണ് താനും. കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ യു ഡി എഫിന് വ്യക്തമായ മുന്‍തൂക്കം നല്‍കി. ഇടുക്കി, വയനാട്, എറണാകുളം ജില്ലകളില്‍ യു ഡി എഫ് മുന്നിലുണ്ട്. കാസര്‍കോട് ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് മുന്നണികള്‍. എല്ലാ ജില്ലകളിലും സാന്നിധ്യമറിയിച്ച ബി ജെ പി, നഗരസഭകളിലും കോര്‍പ്പറേഷനുകളിലും മുന്‍കാലത്തെ അപേക്ഷിച്ച് ഭേദപ്പെട്ടു.
2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യു ഡി എഫിനെ സഹായിച്ചത്, വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാറിനെതിരെ ജനമനസ്സിലുണ്ടായ വികാരമായിരുന്നു. ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന സി പി എമ്മില്‍ ശക്തമായി നിന്ന വിഭാഗീയതയും യു ഡി എഫിന് സഹായകമായി. അന്നത്തെ സര്‍ക്കാറിനേക്കാള്‍ പരിതാപകരമായ സ്ഥിതിയിലാണ് ഇന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അഴിമതി ആരോപണങ്ങള്‍ സര്‍വ സാധാരണമായിരിക്കുന്നു. ആരോപണങ്ങളെ ജനം അവിശ്വസിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ബാര്‍ കോഴയാരോപണത്തില്‍ യു ഡി എഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കും വിധത്തിലുള്ള കോടതി ഉത്തരവ് വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വരികയും ചെയ്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിന് കുറവൊന്നുമുണ്ടായിരുന്നില്ല. മുന്നണിക്കുള്ളിലും അനൈക്യം പ്രകടം. മൂന്നണിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ള കോണ്‍ഗ്രസും മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും പലേടത്തും സഖ്യം മറന്ന് മത്സരിച്ചു.
ഇടത് ജനാധിപത്യ മുന്നണിയാകട്ടെ പ്രകടമായ ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സി പി എമ്മിലെ വിഭാഗീയത നേതൃതലത്തിലെങ്കിലും പ്രകടമായില്ല. വി എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം സി പി എം ഒറ്റക്കെട്ടായി തീരുമാനിച്ചത് പോലെ അനുഭവപ്പെട്ടു. എതിരാളികള്‍ക്ക് പഴുതു തുറന്ന് നല്‍കും വിധത്തിലുള്ള പരാമര്‍ശങ്ങളോ പ്രവര്‍ത്തനമോ ഉണ്ടാകരുത് എന്നതില്‍ പ്രത്യേക ശ്രദ്ധ നേതൃതലത്തിലുള്ളവര്‍ പുലര്‍ത്തുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരാകും നേതാവെന്ന ചോദ്യത്തിന് വി എസ് അച്യുതാനന്ദന്‍ തന്നെയെന്ന് സി ദിവാകരന്‍ നല്‍കിയ മറുപടിയും മികച്ച നിയമസഭാ സാമാജികനായ സി ദിവാകരന്‍ അടുത്ത തിരഞ്ഞെടുപ്പിലും സി പി ഐയുടെ സ്ഥാനാര്‍ഥിയാകുമെന്ന് താന്‍ പറഞ്ഞാല്‍ അത് വിടുവായത്തമാകില്ലേ എന്ന പിണറായി വിജയന്റെ മറുപടിയും മാത്രമേ അപവാദമായി വേണമെങ്കില്‍ പറയാനുള്ളൂ. എന്നിട്ടും പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊഴികെ വ്യക്തമായ മേല്‍ക്കൈ ഉറപ്പിക്കാന്‍ ഇടത് മുന്നണിക്കായില്ല.
ഇടുക്കി ജില്ലയെ ഉദാഹരണമായി എടുക്കാം. ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി സഖ്യമുണ്ടാക്കിയാണ് ഇടത് മുന്നണി മത്സരിച്ചത്. അതിന്റെ നേട്ടം അവര്‍ക്കുണ്ടാകുകയും ചെയ്തു. എന്നിട്ടും യു ഡി എഫിനെ മറികടക്കാന്‍ ഇടത് മുന്നണിക്കായില്ല. 2010 മുതല്‍ 2015 വരെ കൊച്ചി കോര്‍പറേഷന്‍ യു ഡി എഫ് ഭരിച്ച രീതി കണക്കിലെടുത്താല്‍ അവിടെ ഇടത് മുന്നണിക്ക് വലിയ സാധ്യതയുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 വാര്‍ഡിലെങ്കിലും കോണ്‍ഗ്രസ്/യുഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിമതരുണ്ടായി. എന്നിട്ടും ഇവിടെ ജയിച്ച് കയറാന്‍ ഇടത് മുന്നണിക്ക് സാധിച്ചില്ല. സെക്രട്ടറിയായ പി രാജീവിന്റെ നേതൃത്വത്തില്‍ സി പി എം നഗരവാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാകും വിധത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. വോട്ടാകാന്‍ പാകത്തിലുള്ള വിശ്വാസ്യത ജനങ്ങളിലുണ്ടാക്കാന്‍ അതിനൊന്നും സാധിച്ചില്ലെന്ന് ചുരുക്കം. മാലിന്യ നിര്‍മാര്‍ജനം, ജൈവ പച്ചക്കറിക്കൃഷി, സാന്ത്വന പരിചരണം തുടങ്ങിയ പദ്ധതികള്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്താകെ നടപ്പാക്കാന്‍ സി പി എം ശ്രമിച്ചതും ഓര്‍ക്കുക. അതൊന്നും വേണ്ടത്ര ജനപിന്തുണയാര്‍ജിക്കാന്‍ അവരെ സഹായിച്ചതായി തോന്നുന്നില്ല. തോല്‍വികളുടെ പരമ്പര അവസാനിപ്പിക്കാന്‍ സാധിച്ചുവെന്ന് ആശ്വസിക്കാനേ സി പി എമ്മിനും മുന്നണിക്കും സാധിക്കൂ.
ഭരണത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്ത് വെറുപ്പിന്റെ വിത്തുപാകി വളര്‍ത്താന്‍ സംഘ് പരിവാരം നടത്തിയ ശ്രമങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇടത് മുന്നണി ശ്രമിച്ചത് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ, അധിക പിന്തുണ സമാഹരിക്കാന്‍ അവരെ സഹായിച്ചു. മതനിരപേക്ഷ ചിന്തയില്‍ അടിയുറച്ചുനില്‍ക്കുന്ന, ആഭ്യന്തര ഭിന്നത മൂലം സി പി എമ്മിനോട് വിമുഖത കാട്ടിയിരുന്ന, വലിയൊരു വിഭാഗത്തെ പാര്‍ട്ടിക്കൊപ്പം തിരികെ എത്തിക്കാനും സഹായകമായി. ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശനും കൂട്ടരും ഏറെക്കുറെ തീരുമാനിച്ച സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാനും അവര്‍ക്ക് സാധിച്ചു. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചതിലൂടെ തങ്ങളുടെ പക്ഷത്തേക്കുള്ള ബി ജെ പിയുടെ കടന്നുകയറ്റത്തെ ഒരു പരിധിവരെ തടയാന്‍ സി പി എമ്മിനും ഇടത് മുന്നണിക്കും കഴിഞ്ഞു. ഇവ രണ്ടുമുണ്ടായിരുന്നില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഇപ്പോള്‍ കൈവരിച്ച വിജയം അപ്രാപ്യമായേനേ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ജനവിശ്വാസം തിരികെപ്പിടിക്കാനായെന്ന് ആശ്വസിക്കാന്‍ ഇടതു മുന്നണിക്കും സി പി എമ്മിനും സാധിക്കില്ല തന്നെ.
അരുവിക്കരയിലെ വിജയം സമ്മാനിച്ച ആത്മവിശ്വാസമാണ് ഐക്യ ജനാധിപത്യ മുന്നണിയെ ചതിച്ചത്. ബി ജെ പി സ്വന്തമാക്കുന്ന വോട്ടുകള്‍ ഇടതുമുന്നണിയുടേതാകുമെന്നും എസ് എന്‍ ഡി പി കൂടി അവര്‍ക്കൊപ്പം ചേര്‍ന്നതിനാല്‍ സി പി എമ്മിന്റെ കൂടുതല്‍ വോട്ടുകള്‍ ചോരുമെന്നും അവര്‍ കണക്ക് കൂട്ടി. ബി ജെ പിയോടും എസ് എന്‍ ഡി പിയോടും അയഞ്ഞ സമീപനം സ്വീകരിക്കുന്നതാകും ഗുണം ചെയ്യുക എന്ന് ഉമ്മന്‍ചാണ്ടി പക്ഷം പൂര്‍ണമായും സുധീര പക്ഷം ഭാഗികമായും വിശ്വസിച്ചു. ഇതുണ്ടാക്കാനിടയുള്ള വോട്ടുചോര്‍ച്ചയെ നിയന്ത്രിക്കാന്‍ മുസ്‌ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും സാന്നിധ്യം സഹായിക്കുമെന്നും കണക്ക് കൂട്ടി. ഇത് തികച്ചും പാളി. ചിലയിടങ്ങളില്‍ ബി ജെ പിയുമായി രഹസ്യ ധാരണയുണ്ടാക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ചില്ല. നേട്ടം ബി ജെ പിയുണ്ടാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി നേടിയ വലിയ വിജയം കോണ്‍ഗ്രസിന്റെ അയഞ്ഞ സമീപനത്തിന്റെയും രഹസ്യ ബാന്ധവത്തിന്റെയും ഫലമാണ്. കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളുടെ ഭരണം എല്‍ ഡി എഫ് നേടിയപ്പോള്‍ അവിടെ പ്രതിപക്ഷമായത് ബി ജെ പിയാണ്. യു ഡി എഫ് നേടിയ മൂന്നാം സ്ഥാനം ഏറെ പിറകിലുള്ളതുമായി. കൊടുങ്ങല്ലൂരിലെ വാര്‍ഡുകളില്‍ യു ഡി എഫ് നേടിയ ശരാശരി വോട്ട് നൂറോ നൂറ്റമ്പതോ മാത്രവും. യു ഡി എഫ് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയെന്ന് വ്യക്തം. തൃശൂര്‍ ജില്ലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികളില്‍ യു ഡി എഫിനൊപ്പമെത്താന്‍ എല്‍ ഡി എഫിനെ സഹായിച്ചതും ബി ജെ പിയിലേക്ക് ഒഴുകിയ യു ഡി എഫ് വോട്ടുകളാണ്.
സി പി എമ്മിന് ശക്തായ സ്വാധീനമുള്ളതും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വലിയ വിജയം നേടുകയും ചെയ്ത പാലക്കാട് ജില്ലയില്‍ സമാന സ്ഥിതി കാണാനാകും. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇടത് ഭരണം ഉറപ്പായെങ്കിലും ബി ജെ പി കൂടുതല്‍ സീറ്റുകളില്‍ ജയം കണ്ടു. ഒറ്റപ്പാലം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. അവിടെയും ബി ജെ പി അംഗ സഖ്യ വര്‍ധിപ്പിച്ചു. സി പി എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ മനംമടുത്തവര്‍ ബദലായി ബി ജെ പിയെ കണ്ടതിന്റെ ഫലമാണ് ഇവിടങ്ങളില്‍. മലപ്പുറം ജില്ലയിലെ താനൂര്‍ മുനിസിപ്പാലിറ്റിയില്‍ യു ഡി എഫ് ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ എട്ട് സീറ്റില്‍ ജയിച്ച് ബി ജെ പി രണ്ടാമതെത്തി. എല്‍ ഡി എഫ് ചിഹ്നങ്ങളില്‍ മത്സരിച്ചവരാരും ജയിച്ചില്ല. ഇടത് പിന്തുണയുള്ള ഏതാനും സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ടെന്ന് മാത്രം.
കാരണങ്ങള്‍ പലതാണെങ്കിലും രാഷ്ട്രീയ ബാലബാലത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് തന്നെ കരുതണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ച വോട്ടുകളുടെ കണക്കെടുത്താല്‍ പ്രധാന മത്സരം ഇടത് – വലത് മുന്നണികള്‍ തമ്മില്‍ തന്നെയായി തുടരുന്നുണ്ട്. ബി ജെ പി വലിയ നേട്ടം കൈവരിച്ചിട്ടുമില്ല. പക്ഷേ, ഏതാണ്ടെല്ലാ പ്രദേശങ്ങളിലും സാന്നിധ്യമാകാന്‍ അവര്‍ക്ക് സാധിച്ചുവെന്നത് കാണാതിരുന്നുകൂടാ. ജനപിന്തുണ വര്‍ധിപ്പിക്കാനുള്ള പാടവമില്ലെങ്കിലും പരസ്പരം പോരടിക്കാന്‍ മടിക്കാത്ത നേതൃനിര സംസ്ഥാനത്തും വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിയാല്‍ “ഹിന്ദു”ക്കളുടെയാകെ പിന്തുണ കിട്ടുമെന്ന് വിലയിരുത്താന്‍ പാകത്തില്‍ വിഡ്ഢിത്തമുള്ള നേതാവ് കേന്ദ്രത്തിലുമുണ്ടായിട്ടും അവര്‍ക്കിത് സാധിച്ചത്, ചെറുതല്ല തന്നെ. വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തനം കേരളത്തില്‍ കൂടുതല്‍ ശക്തമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം.
വിജയ-പരാജയങ്ങളെ മാറ്റിനിര്‍ത്തി ഈ വിധിയെ പരിശോധിക്കാന്‍ മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മും കോണ്‍ഗ്രസും തയ്യാറാകേണ്ടതുണ്ട്. പരാജയമുണ്ടായെങ്കിലും ജനപിന്തുണയിടിഞ്ഞിട്ടില്ലെന്ന് ആശ്വസിക്കുന്ന കോണ്‍ഗ്രസിന് അഴിമതിക്ക് വശംവദമാകുന്ന, കെട്ടുറപ്പില്ലാത്ത സംഘടനയും മുന്നണിയുമായി അധികകാലം മുന്നോട്ടുപോകാനാകില്ല. വലതിനേക്കാള്‍ രണ്ട് ശതമാനം വോട്ട് കൂടിയെന്നും അത് ഇനിയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും പ്രസ്താവനയിറക്കുമ്പോള്‍ എതിരാളിയുടെ വീഴ്ചയില്‍ നിന്ന് മുതലെടുക്കാമെന്ന പ്രതീക്ഷയില്‍ തുടരുകയാണ് സി പി എം നേതൃത്വം. പുതിയ കാലത്തിനും സാഹചര്യത്തിനുമനുസരിച്ച്, വളര്‍ന്നുവരുന്ന തലമുറയെ അഭിസംബോധന ചെയ്യാന്‍ പാകത്തില്‍ പുതുക്കലുകള്‍ക്ക് തയ്യാറാകുമോ ഈ പാര്‍ട്ടികള്‍? ഇല്ലെങ്കില്‍ ശേഷം ചിന്ത്യം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest