International
ഫ്രാന്‍സിനെ നടുക്കി ഭീകരാക്രമണം: 130 മരണം
പാരീസ്: ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ വിവിധ സ്ഥലങ്ങളിലായി വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണങ്ങളില്‍ 130 പേര്‍ മരിച്ചു. ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ എണ്‍പത് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ എസ് ഐ എല്‍- ഇസില്‍) ഏറ്റെടുത്തു. ഇസിലിനെതിരെ വ്യോമാക്രമണം തുടരുകയാണെങ്കില്‍ ഫ്രാന്‍സിനെതിരെ ആക്രമണം തുടരുമെന്ന് ഇസില്‍ പുറത്തുവിട്ട തീയതി രേഖപ്പെടുത്താത്ത വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ ഇസില്‍ ആണെന്നും ആക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഫ്രാന്‍സിനുള്ളിലുള്ളവരുടെ സഹായത്തോടെയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളന്‍ഡെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസില്‍ രംഗത്തെത്തിയത്. ഫ്രാന്‍സിനെതിരെ നടന്ന യുദ്ധമാണിതെന്ന് ഹോളന്‍ഡെ പറഞ്ഞു. ജനുവരിയില്‍ ഷാര്‍ളി ഹെബ്‌ദോ വാരികക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചിരുന്നു.
ഭീകരാക്രമണത്തെ തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തീവ്രവാദികള്‍ രാജ്യം വിടാതിരിക്കാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിട്ടു. മെട്രോ സര്‍വീസുകളും നിര്‍ത്തിവെച്ചു. തീവ്രവാദികളില്‍ നിന്ന് സിറിയന്‍ പാസ്‌പോര്‍ട്ടും എ കെ 47 തോക്കുകളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ആക്രമികളില്‍ ഒരാള്‍ സ്ഫുടതയോടെ ഫ്രഞ്ച് സംസാരിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
റസ്റ്റോറന്റ്, ബാര്‍, തിയേറ്റര്‍ ഹാള്‍ തുടങ്ങിയ ആറ് സ്ഥലങ്ങളിലായാണ് മിനുട്ടുകളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളും വെടിവെപ്പും ഉണ്ടായത്. പ്രാദേശിക സമയം രാത്രി 9.10ന് ലേ കാരില്ലോണ്‍ ബാറിലാണ് ആദ്യ ആക്രമണം നടന്നത്. തോക്കുധാരിയായ അക്രമി ഇവിടെയെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ പെറ്റിറ്റ് കാംബോജെ റസ്റ്റോറന്റ്, ബറ്റാക്ലാന്‍ തിയേറ്റര്‍, റൂ ഡെ കാരോന്‍ എന്നിവിടങ്ങളിലും സ്റ്റേഡിയത്തിന് പുറത്തും വെടിവെപ്പും സ്‌ഫോടനങ്ങളും നടന്നു.
പ്രധാന സംഗീതമേളകള്‍ നടക്കുന്ന ബറ്റാക്ലാന്‍ തിയേറ്ററിലാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. കാലിഫോര്‍ണിയന്‍ സംഗീത ഗ്രൂപ്പിന്റെ പരിപാടി നടക്കുന്നതിനിടെയാണ് ഇവിടെ ആക്രമണം നടന്നത്. തിയേറ്ററിലെത്തിയ അക്രമികള്‍ ആളുകളെ ബന്ദികളാക്കിയ ശേഷം വെടിവെക്കുകയായിരുന്നു. തിയേറ്ററിന് പുറത്തും സ്‌ഫോടനം നടന്നു. കഴിഞ്ഞ ജനുവരിയില്‍ ആക്രമണം നടന്ന ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി ഹെബ്‌ദോയുടെ ഓഫീസിന് സമീപത്താണ് ആക്രമണം നടന്ന തിയേറ്റര്‍. ഫ്രാന്‍സ്- ജര്‍മനി ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഫ്രാന്‍സിലെ ദേശീയ സ്റ്റേഡിയത്തിന് പുറത്ത് രണ്ട് ചാവേറാക്രമണവും ഒരു ബോംബ് സ്‌ഫോടനവും നടന്നു. മത്സരം കാണാന്‍ എണ്‍പതിനായിരത്തോളം പേരാണ് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്.
സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഫ്രാന്‍സ് ഇടപെടുന്നതിലെ പ്രതിഷേധമായാണ് ആക്രമണം നടത്തുന്നതെന്ന് തീവ്രവാദികളില്‍ ഒരാള്‍ വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
ഭീകരാക്രമണം നടത്തിയ അഞ്ച് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മൂന്ന് പേര്‍ ആക്രമണത്തിനിടെ മരിച്ചു. എത്ര പേരാണ് ആക്രമണം നടത്തിയതെന്നത് വ്യക്തമല്ല. ഫ്രാന്‍സിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷ വിലയിരുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മന്ത്രിമാരുടെ യോഗം വിളിച്ചു.